9mm ബെരേറ്റ; തിരിച്ചറിവിനോളം അതിജീവനത്തിന് ശക്തി പകരുന്ന മറ്റൊന്നില്ല

ഗാന്ധിവധക്കേസ് പശ്ചാത്തലത്തിൽ വിനോദ് കൃഷ്ണ എഴുതിയ രാഷ്ട്രീയ നോവൽ ആണ് 9mm ബെറേറ്റ. പ്രസ്‌തുനാ നോവലിനെ കുറിച്ച് റഫീഖ് പരോളി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.

ഒരു തോക്കിൻ്റെ കഥയിലൂടെ മനുഷ്യവംശം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന അനീതിയുടേയും സങ്കടത്തിൻ്റെയും വേദനയുടെയും ചരിത്രം, അതിനൊക്കേയും കാരണമായ പ്രത്യായശാസ്ത്രവും ആ പ്രത്യായശാസ്ത്രം നിർമ്മിച്ചെടുത്ത മനുഷ്യമുഖമുള്ള ജീവികളുടെയും കഥയാണ് വിനോദ് കൃഷ്ണൻ എഴുതിയ “9mm ബെരേറ്റ ” എന്ന നോവൽ.

തൻ്റെ ജീവിതത്തിൻ്റെ മുഖ്യപങ്കും സമാധാനക്കേടില്ലത്ത ലോകത്തിനായി, ഇന്ത്യക്കായി പ്രവർത്തിച്ച, വാക്കുകളിൽ പോലും ഹിംസയുണ്ടാവുന്നതിനെ ഭയപ്പെട്ട മനുഷ്യനെ കൊല്ലാൻ ഉപയോഗിച്ച തോക്കാണത്. സമാധാനത്തിൻ്റെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും രൂപമായി പരിണമിച്ച ആ മനുഷ്യൻ്റെ നെഞ്ചിലേക്ക് നിറയൊഴിക്കപ്പെട്ട സംഭവം ചരിത്രത്തിലെ ഏറ്റവും വലിയ ഭീകര പ്രവർത്തനങ്ങളിൽ ഒന്നാണെന്നതിന് അടിവരയിടുന്നുണ്ട് ഈ നോവൽ.

കാൽപനികതയുടെ അനുഭൂതി ലോകം സ്വപ്നം കാണുന്നവർക്ക് മാത്രമായുള്ള എഴുത്തല്ല ഈ നോവൽ. മനുഷ്യസമൂഹത്തിൽ ഭൂരിപക്ഷവും അവരുടെ തീരുമാനപ്രകാരമല്ലാതെ അകപ്പെട്ട അനീതിയുടെയും ചോര ചീന്തലുകളുടെയും വ്യവസ്ഥയെയാണ് അത് അനാവരണം ചെയ്യുന്നത്. പ്രണയവും കാമവുമൊക്കെ അവിടെ സംഭവിക്കുന്നില്ലെന്നല്ല പറയുന്നത്, മറിച്ച് അതൊക്കേയും വ്യവസ്ഥയെ പ്രതിനിധീകരിക്കുന്നു എന്നാണ്.

നാരയണ് ആപ്തെയുടെ പ്രലോഭന പശ്ചാത്തലങ്ങൾ നോവലിൽ എഴുതപ്പെടുന്നത് ഇങ്ങനെയാണ്‌.”ഏറ്റവും മനോഹരമായി പ്രണയിക്കുന്ന
ആത്മമാവിനു മാത്രമേ ഏറ്റവും കൃത്യമായി വംശഹത്യ നടത്തുവാനും സാധിക്കുകയുള്ളൂ. കാരണം ഇത് രണ്ടിനും തീവ്രമായ അഭിലാഷം വേണം. കാല്പനികത നിറഞ്ഞ ധൈര്യം വേണം. ലോകം തന്നെപ്പറ്റി എന്ത് കരുതും എന്ന അബോധം വേണം. അബോധത്തിൽ നിന്നുണ്ടാവുന്ന വെറുപ്പും പ്രണയവും വന്യമാണ്.”

രണ്ട് കാലത്തിലൂടെയാണ് നോവൽ വികസിക്കുന്നത്. ഭൂതകാലത്തിൻ്റെ കഥ പറഞ്ഞവസാനിപ്പിച്ച് വർത്തമാനകാലത്തിലേക്ക് പ്രവേശിക്കുന്ന രീതിയല്ല നോവൽ പിന്തുടരുന്നത്. രണ്ടു കാലത്തിൻ്റെ ജീവിതങ്ങളിലേക്കും അത് നിരന്തരം പ്രവേശിക്കുന്നുണ്ട്. രണ്ട് കാലമെന്നത് വായനയിലെ തോന്നൽ മാത്രമാണെന്നും, ഭൂതകാലം വർത്തമാനകാലത്തെ ഭീതിപ്പെടുത്തും വിധം വിഴുങ്ങിയിരിക്കുകയാണെന്ന തിരിച്ചറിവിലേക്കാണ് വായനക്കാരൻ എത്തിച്ചേരുന്നത്.

കൂട്ടക്കുരുതികളായി, വംശഹത്യകളായി, ചിന്തിക്കുന്ന തലച്ചോറുകളെ ഇല്ലാതാക്കി കൊണ്ട് വെറുപ്പിൻ്റെ പ്രത്യായശാസ്ത്രം 9mm ബെരേറ്റക്ക് പകരം പുതിയ ആയുധങ്ങൾ ഉപയോഗിക്കുന്ന കൈകളെ നിർമ്മിച്ചു കൊണ്ടിരിക്കുകയാണെന്ന് നോവൽ പറഞ്ഞുവെക്കുന്നുണ്ട്. എന്തിനീ നോവൽ വായിക്കണമെന്ന് ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേയുള്ളൂ. തിരിച്ചറിവിനോളം അതിജീവനത്തിന് ശക്തി പകരുന്ന മറ്റൊന്നില്ല.