• inner_social
  • inner_social
  • inner_social

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും; കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10 ഞായറാഴ്ച്ച

ഹജ്ജ് തീര്‍ഥാടനത്തിന് വ്യാഴാഴ്ച തടക്കമാകും. മിനായിൽ വ്യാഴാഴ്ച തീർഥാടകരുടെ രാപ്പാർക്കലോടെ ചടങ്ങ്‌ ആരംഭിക്കും. വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. കനത്ത സുരക്ഷയിലായിരിക്കും ഇത്തവണ ഹജ്ജെന്ന് സൗദി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു.

ബുധന്‍ രാത്രിയോടെ എത്തിയ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മിനായില്‍ താമസ സൗകര്യമൊരുക്കി. എല്ലാവരും പൂര്‍ണ ആരോ​ഗ്യവാന്മാരാണെന്നും സുഗമമായി ഹജ്ജ് നിർവഹിക്കാനുള്ള ഒരുക്കം പൂർത്തിയായെന്നും ഇന്ത്യൻ ഹജ്ജ് മിഷന് നേതൃത്വം വഹിക്കുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ഇന്ത്യയിൽനിന്ന് 79,362 തീർഥാടകർക്കാണ് ഇത്തവണ അവസരം. ഇതിൽ 56,637 ഹജ്ജ് കമ്മിറ്റി വഴിയും അവശേഷിക്കുന്നവർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും എത്തി. കേരളത്തിൽനിന്ന് 5758 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുക.

അതെ സമയം കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലൈ 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ മദനിയാണ് അറിയിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാൾ.