കാന്താര ഒരു ജനകീയ സിനിമയായി മാറിയതിൽ സന്തോഷം; ചരിത്ര ഗവേഷക ഷിബി തെക്കേയിൽ എഴുതുന്നു

ജയജയഹേക്ക് ടിക്കറ്റ് കിട്ടാഞ്ഞപ്പോഴാണ് കാന്താരയ്ക്ക് കയറിയത്. സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും വായിച്ചിരുന്നില്ല. കണ്ടിറങ്ങിയപ്പോൾ വലിയ സന്തോഷം തോന്നി. പതിനെട്ട് വർഷമായി ബ്രാഹ്മണേതര മതജീവിതത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്ന ആളാണ് ഞാൻ. ഈ പതിനെട്ട് വര്‍ഷത്തിനിടയിലൊരിക്കൽപ്പോലും ബ്രാഹ്മണേതര ജീവിതം ഇത്ര ജനകീയമായി ആവിഷ്കരിക്കപ്പെട്ട ഒരു സിനിമാസന്ദർഭം കണ്ടിട്ടില്ല. ഒരു ചരിത്ര ഗവേഷക എന്ന നിലയിൽ ഈ സിനിമ എന്നെ പുളകം കൊള്ളിച്ചു. ചരിത്രത്തിൽ ഞാൻ പറയാൻ പോകുന്ന വസ്തുതകൾ കേൾക്കാൻ തയ്യാറുള്ള ഓഡിയൻസ് പൊതുവിടത്തിൽ രൂപപ്പെട്ടു കഴിഞ്ഞു എന്ന് കാന്താര കണ്ടിറങ്ങിയപ്പോൾ എനിക്ക് ബോധ്യം വന്നു.

കേരളം കൂടി അടങ്ങുന്ന തുളുനാടിന്റെ, അല്ലെങ്കിൽ ഉത്തര കേരളത്തിന്റെ ആധുനിക ചരിത്രമാണല്ലോ സിനിമയ്ക്കാധാരം. ബ്രാഹ്മണ്യത്തിനെതിരെ പോരാടിയ വീരപുരുഷൻമാരെ വാഴ്ത്തുന്ന മിത്തുകൾ കോലംകെട്ട് (തെയ്യം) പോലുള്ള ബ്രാഹ്മണേതര അനുഷ്ഠാനങ്ങളിൽ വ്യാപകമായി കാണാറുള്ളതാണ്. പക്ഷേ അവയെ കേന്ദ്രീകരിച്ചുള്ള സിനിമളൊന്നും അത്ര ജനകീയമാകാറില്ല. കാന്താര സവർണതയ്ക്കെതിരെ നടന്ന അവർണ്ണരുടെ പോരാട്ടത്തിന്റെ കഥയാണ്. യാഥാർത്ഥ്യത്തെക്കാളുപരി അതൊരു മിത്താണ്. ഇങ്ങനെയൊരു കഥപറയുന്ന സിനിമ ആളുകൾ കൂട്ടത്തോടെ വന്ന് കണ്ടു. സിനിമ കാണുന്ന ആളുകളുടെ രാഷ്ട്രീയബോധ്യങ്ങൾ മാറി. അതൊരു ശുഭ സൂചനയാണ്. ഇങ്ങനെയുള്ള ഒരു സിനിമയ്ക്കകത്ത് സ്ത്രീവിരുദ്ധ തമാശകളും ബോഡി ഷെമിയിങ്ങുകളും നിറഞ്ഞ സന്ദർഭങ്ങളും ബിംബങ്ങളും എങ്ങനെ വന്നു ചേർന്നു? അതിനുള്ള ഉത്തരം ചരിത്രപരമാണ്.

കീഴാളത്തത്തിനകത്ത് അല്ലെങ്കിൽ ബ്രാഹ്മണേതര ജീവിതത്തിനകത്ത് ജാതിയില്ലേ? ചാതുർവർണ്യത്തിൽ ഏറ്റവും താഴേക്കിടക്കുന്ന സമൂഹത്തെയാണ് ശൂദ്രർ എന്ന് പറയുന്നത്. നമ്പൂതിരിമാരുടെ ലോകത്തിൽ നിൽക്കുമ്പോൾ കേരളത്തിലെ നായർ ശൂദ്രനാണ്. ശൂദ്രനായരുണ്ടാകുന്ന കോണ്ടക്സ്റ്റ് അതാണ്. നായർ തനിക്ക് കീഴെയുള്ള ജാതിക്കാർക്കിടയിൽ നിൽക്കുമ്പോൾ നമ്പൂതിരിയുടെ ശൂദ്രനായ (അടിമയായ) നായർ ബ്രാഹ്മണന് സമനായി മാറുന്നത് കാണാം. ഈഴവർ നായരുടെ അടുത്തു ചെല്ലുമ്പോൾ അടിമയും ഈഴവർക്ക് കീഴെയുള്ളവരുടെ ഇടയിൽ നിൽക്കുമ്പോൾ ഉന്നതകുലജാതനുമാകും. മാത്രവുമല്ല ജാതിശ്രേണിയിൽ ഏറ്റവും താഴെക്കിടക്കുന്ന പുലയരും കണക്കരും പറയരും തമ്മിൽ ആരാണ് ഉന്നതജാതിക്കാർ എന്നതിനെച്ചൊല്ലി തല്ലാണ്. ബ്രാഹ്മണർക്ക് കീഴേനിൽക്കുന്ന മുഴുവൻ ബ്രാഹ്മണേതര/കീഴാളജീവിതവും ഇങ്ങനെ ജാത്യധികാരങ്ങൾ നിലനിർത്തുന്നവരാണ്. ജാതിക്കെതിര് നിൽക്കുന്ന സമത്വസുന്ദരമായ ഒരു ലോകം ബ്രാഹ്മണേതര ജീവിതത്തിനകത്ത് ഇല്ല.

നായര് മുതൽക്ക് പുലയർ വരെ എല്ലാവരും ബ്രാഹ്മണരാകാൻ ആഗ്രഹിക്കുന്നവരാണ്. ജാതിവ്യവസ്ഥയിൽ ബ്രാഹ്മണർ കീഴ്ജാതിക്കാരോട് ചെയ്യുന്ന കാര്യങ്ങളെല്ലാം ഓരോ ബ്രാഹ്മണേതര സമൂഹവും അവരുടെ കീഴെ നിൽക്കുന്നവരെന്ന് അവർ സങ്കൽപ്പിക്കുന്ന സമൂഹത്തോട് ചെയ്യുന്നു. ബ്രാഹ്മണ്യത്തിനെതിരെ പ്രതിരോധങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രധാന സമൂഹം വടക്കൻ കേരളത്തിലെ മണ്ണാർ ആണല്ലോ. അവരുടെ തെയ്യവും പൂതവും തിറയും സംഗീതപാരമ്പര്യവുമെല്ലാം ജാതീയതക്കെതിരെയുള്ള പോരാട്ടങ്ങളില്‍ വളരെ പ്രാധാന്യത്തോടെ കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നതുമാണ്. ഈ മണ്ണാർ സമുദായക്കാർ പുലയരും കണക്കരും പറയരുമടങ്ങുന്ന സമൂഹവുമായി അയിത്തം സൂക്ഷിക്കുന്നു. പൂതം കെട്ടുന്ന സന്ദർഭത്തിൽ മണ്ണാർ, കീഴ്ജാതിക്കാരാണ് എന്ന കാരണത്താൽ ഈ താഴ്ന്ന ജാതിവിഭാഗങ്ങളുടെ വീടുകളിൽ നിന്നും പറയെടുക്കില്ല. ഈ കീഴ്ജാതിക്കാരാർക്കും പരസ്പരം വിവാഹബന്ധവും പന്തിഭോജനവുമില്ല. ഓരോ ജാതിക്കാർക്കും ബ്രാഹ്മണനാകാനുള്ള മോഹമാണ്.

ഇനി ഇതിനൊക്കെ പുറമെ വേറെയും അടിമകളുണ്ട്. നമ്പൂതിരിമാർക്ക് അവർക്ക് കീഴെ നിൽക്കുന്ന അധഃകൃതസമൂഹമല്ലാതെയുമുള്ള അടിമകളുണ്ട്. അവരാണ് അവരുടെ അകത്തമ്മമാരായിട്ടുള്ള സ്ത്രീകൾ. എന്നാല്‍ നമ്പൂതിരിയുടെ ഇല്ലത്തിനകത്ത് അവർ അടിമകളാകുമ്പോൾ നായൻമാരടങ്ങുന്ന കീഴ്ജാതിക്കാർക്ക് അവർ വളരെ ബഹുമാന്യരാണ്. പ്രിവിലേജിന്റെ ഈ സുഖം അനുഭവിച്ചുകൊണ്ട് ആണുങ്ങളായ നമ്പൂതിരിമാരുടെ അടിമപ്പണിച്ചെയ്തുകൊണ്ട് അവർ അകത്തമ്മമാരായി ജീവിക്കും.

ഒരോ ജാതി സമൂഹവും ഇങ്ങനെ അവരവർക്കു വേണ്ട അടിമകളെ സ്വജാതിക്കകത്തും പുറത്തും ഉണ്ടാക്കുന്നു. ഈ പാരമ്പര്യം ഏറ്റവും അടിത്തട്ടിലുളള അധഃകൃതരായ സമൂഹവും വളരെ നന്നായി ആചരിക്കും. കീഴ്ജാതിക്കാരായ ഈഴവരുടെയും പറയരുടെയും പുലയരുടെയുമെല്ലാം സ്ത്രീകൾ അവരുടെ അടിമകളാണ്. നമ്പൂതിരിമാരുടെ സ്മാർത്ത വിചാരം പോലെ തന്നെ സ്ത്രീകളെ ‘നിലയ്ക്ക് നിർത്തുന്ന’ പുലയസഭകളുണ്ട്. ഇതെല്ലാം നമുക്ക് അറിയുന്ന കാര്യങ്ങളാണ്. പക്ഷെ ഈ യാഥാർത്ഥ്യങ്ങളെ മറന്ന് വളരെ കാല്പനികമായി കീഴാള ജീവിതം ജാതിചിന്തയില്ലാത്ത സമത്വപൂർണ്ണമായ ലോകമാണ് എന്ന് നമ്മൾ വിശ്വസിക്കും. ബ്രാഹ്മണേതര/കീഴാള/’ഗോത്ര’ ജീവിതം സമത്വ സുന്ദരമാണ് എന്നും ജനാധിപത്യമാണ് എന്നും കരുതുന്നത് മണ്ടത്തരമാണ്. ആ വാദം സ്വത്വരാഷ്ട്രീയത്തിന്റേതാണ്.

ജനാധിപത്യാശയത്തിലൂന്നി ആധുനികത വളരാത്ത ഏതൊരിടത്തും സ്ത്രീ വിരുദ്ധതയും ബോഡിഷെയിമിങ്ങുമൊക്കെ കാണും. കാന്താര ഒരു കീഴാളപക്ഷ സിനിമയാണ്. ആ പക്ഷത്തിനകത്തും അവർക്ക് വേണ്ട അടിമകൾ അവർക്കു ചുവടെയുണ്ട്. അതിൽ സ്ത്രീകളും പെടും. സൂക്ഷിച്ചു നോക്കിയാൽ പലതും കാണാൻ കഴിയും. നായകൻ സവർണനോടൊക്കുന്ന ശരീരഭാഷയുള്ളവനായി തോന്നും. കീഴാളന്റെ മിത്ത് മേലാളന്റെ ശൈലിയിൽ എടുത്തത് കൊണ്ടാണ് സിനിമ ആളുകൾ കണ്ടത്. എലീറ്റിസം മാത്രം പറഞ്ഞിരുന്ന സിനിമാലോകം ഒന്ന് മാറാൻ തുടങ്ങിയിട്ടേയുള്ളു. അതുകൊണ്ടാണല്ലോ കാന്താര ചർച്ചയാകുന്നത്. അത്തരം കഥാതന്തുക്കൾ ജനാധിപത്യവൽക്കരിക്കാൻ കുറച്ചു കൂടി സമയമെടുക്കും. ആദ്യം കക്കൂസുണ്ടാക്കണം. വെള്ളവും വെളിച്ചവും വേണം. പിന്നെ സ്കൂളുകളും റോഡും അടങ്ങുന്ന എല്ലാ സൗകര്യങ്ങളും വന്നതിന് ശേഷമേ അവിടേക്ക് ജെന്‍ഡറും ജനാധിപത്യ-പുരോഗമനാശയങ്ങളും കടക്കൂ. വികസനം പൂർണ്ണമാകാത്തിടത്ത് ജനാധിപത്യത്തിന് ഇടമില്ല (കെഎൻ ഗണേഷ്).

കേരളത്തിന്റെ ദേശീയത എന്നത് ഒരു കാലത്ത് കഥകളിയും കൂടിയാട്ടവുമായിരുന്നല്ലോ. ആ കൂട്ടത്തിലേക്ക് തെയ്യം പോലുള്ള കാലാരൂപം കയറിവരാൻ തുടങ്ങിയത് ഈയടുത്ത കാലത്താണല്ലോ. ഇന്ന് കേരളത്തിന്റെ മുഖം കാണിക്കേണ്ട ഏതൊരിടത്തും തെയ്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന രൂപം കടന്നു വരാൻ തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നുമായിട്ടില്ല. കാന്താര ഒരു ജനകീയ സിനിമയായി മാറിയതിൽ സന്തോഷം.

എഴുതിയത് ഷിബി തെക്കേയിൽ
ചരിത്ര ഗവേഷക