മലയാളത്തിലെ ആദ്യ ഹൊറർ സിനിമ എന്നറിയപ്പെടുന്ന ‘ഭാർഗവീനിലയം’ നീലവെളിച്ചം ആകുമ്പോൾ എല്ലാവിധ ടെക്നിക്കൽ പെർഫെക്ഷനോടും കൂടിയാണ് നമ്മുടെ മുന്നിൽ എത്തുന്നത്. ഭാർഗവീനിലയം പോലുള്ള ഒരു ക്ലാസിക് സിനിമ റീമേക്ക് ചെയ്യപ്പെടുമ്പോൾ അന്നത്തെ കഥ ഇന്നത്തെ സാഹചര്യത്തിൽ അഡാപ്റ്റ് ചെയ്യുന്നതിന് പകരം ബഷീറിന്റെ തിരക്കഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ 1964 ഇൽ നടക്കുന്ന കഥ തന്നെ recreate ചെയ്യുകയാണ് എന്ന് makers ആദ്യം തന്നെ അറിയിച്ചിരുന്നു. എങ്ങനെ എത്ര നന്നായി പഴയ ഒരു സിനിമ പുനരാവിഷ്കരിക്കപ്പെടുന്നു എന്നത് മാത്രമേ നമുക്ക് നോക്കാനുള്ളൂ. ആ ഒരു കാര്യത്തിൽ ഒരു ബ്രില്ലിയൻറ് effort ആണ് നീലവിളിച്ചം എന്ന് തന്നെ പറയേണ്ടി വരും. ബഷീർ കണ്ട ആ നീലവിളിച്ചം നമുക്ക് കൂടെ സ്ക്രീനിൽ അനുഭവവേദ്യമാകുമ്പോൾ ഉള്ള ഒരു അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
60 വർഷങ്ങൾക്കു മുന്നേ ആണ് ഇതിലെ ഇത്ര പെർഫെക്റ്റ് ആയിട്ടുള്ള ഹോറർ സീനുകൾ ഷൂട്ട് ചെയ്യപ്പെട്ടത് എന്ന് appreciate ചെയ്യാതെ ഭാർഗവീനിലയം നമുക്ക് കാണാനാവില്ല. സ്വാഭാവികമായും നീല വെളിച്ചത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുമെന്നുള്ളതും മധു അഭിനയിച്ച കാഥികൻ നീലവെളിച്ചത്തിൽ എങ്ങനെ ആവും എന്നും ഭാർഗവി എങ്ങനെ എന്നും തുടർന്നുള്ള അതിനാടകീയമായ പ്രണയ രംഗങ്ങൾ എങ്ങനെ റീക്രീയെറ്റ് ചെയ്യപ്പെടുന്നു എന്നതും ഒക്കെ ആയിരിക്കും ഭാർഗവീനിലയത്തെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ മനസ്സിൽ.
അവിടെയാണ് ആഷിക് അബു നമ്മളെ ആശ്ചര്യപ്പെടുത്തുന്നത്. മധു അഭിനയിച്ച കാഥികൻ അല്ല ഇതിൽ ടോവിനോയുടെ കഥാപാത്രം, സാക്ഷാൽ ബഷീർ തന്നെയാണ്. മധുവിന്റെ കഥാപാത്രത്തിലെ ആ കുട്ടിക്കളിയും കുസൃതിയും ഭാർഗവിയോടുള്ള തമാശരൂപേണയുള്ള സംഭാഷണവും എല്ലാം കുറേശ്ശെ മാറിയിട്ടുണ്ട്. ഒരു പ്രണയനൈരാശ്യത്തിൽ അകപ്പെട്ട് ഭാർഗവീനിലയത്തിൽ താമസിക്കാൻ എത്തുന്ന സാക്ഷാൽ ബേപ്പൂർ സുൽത്താന്റെ ഏകാന്തതയാണ്, ഏകാന്തതയുടെ മഹാതീരം എന്ന പാട്ടിലൂടെ അനുഭവവേദ്യമായത്. ഏകാന്തതയിൽ ബഷീറിന് ആകെ കൂട്ടായി ഉണ്ടായിരുന്നത് ഭാർഗ്ഗവിയായിരുന്നു. Horror element പാട്ടിന്റെ പുതിയ വേർഷനിൽ ഇല്ലാത്തത് കൊണ്ട് തന്നെ ഭാർഗവിയുടെ തെരുവീഥികളിൽ എന്ന മറുചോദ്യവും ഇവിടെ മിസ്സ് ചെയ്തു. ഭാർഗവിയോടുള്ള നീണ്ട സംഭാഷണങ്ങളും സംസാരരീതിയും ആ നോട്ടവും നടത്തവും എല്ലാം ബഷീർ തന്നെയാണ് സ്‌ക്രീനിൽ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള ടോവിനോയുടെ പകർന്നാട്ടവും ഗംഭീരമായി.

ചിത്ര പാടിയ പൊട്ടിത്തകർന്ന കിനാവുകൾ സിനിമയെ വേറൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ഭാർഗ്ഗവിയുടെ പകയും പ്രണയവും വിരഹവും എല്ലാം റീമയുടെ കയ്യിൽ ഭദ്രമായിരുന്നു. ഒരു കോളേജ് കുമാരിയായി ഉള്ള ഭാഗങ്ങളിൽ മാത്രമാണ് റിമ അൽപ്പമെങ്കിലും ഒരു മിസ്കാസ്റ്റ് ആണോ എന്നൊരു സംശയം തോന്നുന്നത്. നസീറും വിജയ നിർമലയും തമ്മിലുള്ള വളരെ ദീർഘമായ പ്രണയ സംഭാഷണങ്ങളൊക്കെ വളരെ ട്രിം ചെയ്ത് ക്രിസ്പായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നെ ആർക്കും ഇഷ്ടമല്ല എന്ന് തുടങ്ങുന്ന ആ സീൻ മാത്രമാണ് സിനിമയിൽ അതേ പോലെ ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയെല്ലാം പാട്ടിന്റെ ഇടക്ക് ആണ് കാണിക്കുന്നത്. ശശികുമാറിന്റെ ജോലിയുടെ പശ്ചാത്തലം മാറ്റിയതും കൗതുകകരമായി തോന്നി. സീനുകൾ കുറച്ചപ്പോൾ തന്നെ രണ്ട് പാട്ടുകൾ – അറബിക്കടലൊരു മണവാളനും പൊട്ടാത്ത പൊന്നിൻ കിനാക്കളും നീലവെളിച്ചത്തിൽ ഇല്ല.
പണ്ടത്തെ സിനിമകളിൽ ഉള്ള രീതി പ്രകാരം നല്ല ദൈർഘ്യമേറിയ കോമഡി ട്രാക്ക്സ് ആണ് അടൂർ ഭാസിയുടെ കഥാപാത്രത്തിനും കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തിനും ഭാർഗവീനിലയത്തിൽ ഉള്ളത്. രണ്ട് കോമഡി ട്രാക്ക്സും നല്ലപോലെ കുറച്ച്, അത് ഡോക്യുമെന്റ് ചെയ്യുന്ന പോലെ മാത്രമേ നീലവെളിച്ചത്തിൽ കാണിച്ചിട്ടുള്ളൂ. ഷൈൻ ടോം ചാക്കോയുടെ നാണുകുട്ടൻ നിരാശപ്പെടുത്തി എന്ന് തന്നെ പറയാം. ചെറുതാക്കിയ റോളിലും റോഷൻ നന്നായിരുന്നു. ഭാർഗവിയും ശശികുമാറും പ്രസംഗമത്സരത്തിന്റെ പേരിൽ ഇണങ്ങുന്നതും പിണങ്ങുന്നതും ഒക്കെ ഇവിടെ വെറുതെ വീണ്ടും പ്രസംഗം എന്ന് പറഞ്ഞ് പോകുന്നേ ഉള്ളൂ.
ഗിരീഷ് ഗംഗാധരന്റെ ഛായഗ്രഹണവും പഴയ കാലത്തെ അതേ പടി സൃഷ്ടിച്ച കലാസംവിധാനമികവും വിഷ്വൽ എഫ്ഫക്ട്സും സിനിമയിൽ എടുത്ത് പറയുക തന്നെ വേണം. ഭാർഗവീനിലയം കണ്ട, നീലവെളിച്ചം വായിച്ച ഏതൊരു പ്രേക്ഷകനും ഒരു ഗംഭീര അനുഭവം ആയിരിക്കും സിനിമ. സിനിമ കണ്ടിറങ്ങിയപ്പോ മനസ്സിൽ അവശേഷിക്കുന്നത് ബഷീർ കണ്ട ആ നീലവെളിച്ചം ആണ്, അതിന്റെ എല്ലാ ഭീകരതയോടെയും, മനോഹരിതയോടെയും കൂടെ!!!