Review- തിരശ്ശീലയിലെ വെറും കൺകെട്ടും കാർണിവലും അല്ലാത്ത ‘പുരുഷപ്രേതം’

“കഥാന്ത്യത്തിൽ കലങ്ങിതെളിയണം
നായകൻ വില്ലൊടിക്കണം കണ്ണീര് നീങ്ങി കളിച്ചിരിയിലാവണം ശുഭം
കയ്യടി പുറകെ വരണം
എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഃഖമോ ബാക്കിവെയ്ക്കുന്നത്? തിരശ്ശീലയിൽ നമുക്കീ കൺകെട്ടും കാർണിവലും മതി.”
-സച്ചി

കലാമേന്മ ഉള്ള സിനിമകളെ ആഴത്തിൽ സ്നേഹിച്ചിരുന്ന, അത്തരം സിനിമകളെ സൃഷ്ടിക്കണം എന്ന ആഗ്രഹവുമായി സിനിമയിലേക്ക് വന്ന സച്ചി ഒടുവിൽ സിനിമയെ ഭരിക്കുന്ന ധനതത്വ ശാസ്ത്രത്തോട് മല്ലിട്ട് ക്ഷീണിതനായി കച്ചവട സിനിമകളുടെ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ എഴുതിയ വരികളാണ് മുകളിൽ കുറിച്ചത്. കച്ചവട സിനിമകളിൽ വെന്നിക്കൊടി പാറിച്ച ശേഷം കൂടുതൽ ഗൗരവമേറിയ സിനിമകളിലേക്ക് കടക്കുന്ന കാലത്ത് പക്‌ഷേ ആ സ്വപ്നങ്ങളും, പറയാതെ പോയ കഥകളും ബാക്കിയാക്കി സച്ചി നമ്മെ വിട്ടു പോയി.

വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം തുടങ്ങിയ നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടിയ കൃഷാന്തിന്റെ പുതിയ ചിത്രമായ ‘പുരുഷ പ്രേതം’ മേൽപ്പറഞ്ഞ സച്ചിയുടെ വാചകങ്ങളോടെയാണ് അവസാനിക്കുന്നത്. മുഖ്യധാരാ കച്ചവട സിനിമയുടെ തിരക്കഥാ രീതിശാസ്ത്രം പിൻപറ്റിയാണ് ‘പുരുഷ പ്രേതം’ എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ, അതേ സമയം കലാപരമായ മേന്മയും മികച്ച വിഷ്വലുകളും ജഗദീഷിന്റെയും, പ്രകാശ് അലക്‌സാണ്ടറിന്റെയും, ദർശന രാജേന്ദ്രന്റേയും ഉൾപ്പെടെ മികച്ച പ്രകടനങ്ങളും നിറഞ്ഞതാണ് ഈ സിനിമ.

പലപ്പോഴും കച്ചവട സിനിമകളുടെ നടപ്പുരീതികളെ തലതിരിച്ചിടുന്നതും, മുഴച്ചുനിൽക്കാതെ ആവശ്യമായ മിതത്വം പാലിച്ച് പരിഹസിക്കുന്നതും, വിമർശിക്കുന്നതും കാണാൻ കഴിയും. ഉദാഹരണത്തിന് സാധാരണ നായകനടൻ സ്ക്രീനിൽ എത്തുമ്പോൾ നൽകുന്ന സ്വീകരണം കായലിൽ കിടക്കുന്ന ശവം കരയ്ക്ക് അടുപ്പിക്കാനായി എത്തുന്നയാൾക്കാണ് നൽകിയിരിക്കുന്നത്. തീയേറ്ററുകളിൽ ആരാധകർ പേപ്പറുകൾ കീറി എറിയുന്നത് ഓർമ്മിപ്പിക്കുന്ന രീതിയിൽ ഈ കഥാപാത്രം പ്രവേശിക്കുമ്പോൾ നാട്ടുകാരിലൊരാൾ ഇലകൾ കീറി എറിയുന്നുണ്ട്.

അതിമാനുഷ ശക്തിയുള്ള മുഖ്യധാരാ സിനിമകളുടെ നായകൻമാരെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ‘സൂപ്പർ സെബാസ്റ്റ്യൻ’ എന്നാണ് പ്രശാന്ത് അലക്സാണ്ടർ അവതരിപ്പിക്കുന്ന SI സെബാസ്റ്റ്യൻ എന്ന നായക കഥാപാത്രത്തെ ജഗദീഷ് അവതരിപ്പിക്കുന്ന CPO ദിലീപ് ഉൾപ്പെടെയുള്ളവർ വിശേഷിപ്പിക്കുന്നത്. എന്നാൽ അവർ പറയുന്ന കഥകളിലെ ഈ സൂപ്പർ വിശേഷണത്തിന് പിന്നിലെ പൊള്ളത്തരങ്ങൾ സിനിമയിലുടനീളം കാണിക്കുന്നു. ഇവിടെ പൊളിച്ചെടുക്കപ്പെടുന്നത് മുഖ്യധാരാ കച്ചവട സിനിമകളിലെ കെട്ടുമാറാപ്പുകളുടെ പൊള്ളത്തരങ്ങൾ കൂടിയാണ്.

ആക്ഷേപ ഹാസ്യം നിറഞ്ഞ അവതരണത്തിലൂടെ പ്രത്യക്ഷത്തിൽ പിടിച്ചിരുത്തുന്ന ഒരു ദൃശ്യാനുഭവം ആയിരിക്കുമ്പോൾ തന്നെ ആഴത്തിൽ വിമർശനാത്മകം ആയ മറ്റൊരു തലം കൂടി നിലനിർത്തുക എന്നത് ബുദ്ധിമുട്ടേറിയ കലാപ്രക്രിയയാണ്. അതിൽ ഒരുപരിധിവരെ വരെ കൃഷാന്ത് വിജയിച്ചിട്ടുണ്ട്. എഡിറ്റിങ്ങും ലൈറ്റിങ്ങും സിനിമാട്ടോഗ്രാഫിയും പശ്‌ചാത്തല സംഗീതവും ശബ്ദമിശ്രണവും ഉൾപ്പെടെ സാങ്കേതികമായും ചിത്രം മികച്ച നിലവാരം പുലർത്തുന്നു. SI സെബാസ്റ്റ്യൻ സൂസന്റെ (ദർശന രാജേന്ദ്രൻ) വീട്ടിൽ എത്തുന്ന സീനിലെ ലൈറ്റിങ്ങും വർണ്ണ വിന്യാസവും സീനിന്റെ ദൃശ്യമികവ് പലമടങ്ങ് ഉയർത്തുന്നു.

ചുവന്ന കണ്ണടയുടെ കീഴിൽ, കണ്ണീരിന്റെ ചാലിൽ മുഖത്തു പടർന്ന കണ്മഷിയുമായി കാറിലിരിക്കുന്ന സൂസന്റെ ഷോട്ടുൾപ്പടെയുള്ള ഓർമ്മയിൽ നിൽക്കുന്ന നിരവധി ദൃശ്യങ്ങൾ ചിത്രത്തിലുണ്ട്. അതുപോലെ സൂസനെ ജഡ്ജ് ചെയ്യാൻ ശ്രമിക്കാതിരിക്കുന്ന സംവിധായകൻ സൂസന്റെ ഭൂതകാലത്തിൽ സംഭവിച്ചതെന്ത് എന്നത് പ്രേക്ഷകന്റെ ഭാവനയ്ക്കും, സൂസന്റെ പ്രവൃത്തികൾ പ്രേക്ഷകന്റെ ധാർമ്മിക ബോധത്തിന്റെ അളവുകോലുകൾക്കും വിട്ടുനൽകുന്നു.

ലക്ഷണമൊത്ത ഒരു മോക്യൂമെന്ററി ആയ ആവാസവ്യൂഹത്തിന് സമാനമായി ആക്ഷേപ ഹാസ്യത്തിലൂടെയുള്ള സാമൂഹ്യ വിമർശനവും, പറച്ചിലിലും പ്രവൃത്തിയിലുമുള്ള വൈരുദ്ധ്യങ്ങളിലൂടെയുള്ള കഥാപാത്ര വികസനവും ഇവിടെയുണ്ട്. എന്നാൽ ഒരു ശവശരീരത്തേയും, അധികാരകേന്ദ്രങ്ങളേയും മുൻനിർത്തി ഉയർത്താൻ ശ്രമിച്ച വിഷയങ്ങൾ മൂർത്തമായ രൂപത്തിൽ മുന്നോട്ടുവെക്കാൻ കഴിഞ്ഞോ എന്ന് സംശയമാണ്. ആവാസവ്യൂഹത്തിലും സമാനമായ പ്രശ്നം അനുഭവപ്പെട്ടിരുന്നു. എങ്കിലും പുരുഷപ്രേതം തിരശ്ശീലയിലെ വെറും കൺകെട്ടും കാർണിവലും അല്ലതന്നെ എന്ന് നിസംശയം പറയാം. ചിത്രം സോണി ലൈവിൽ ലഭ്യമാണ്.