ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘പുലിമുരുകന്റെ’യും തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. ലക്ഷ്മി മാഞ്ചുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ മോണ്‍സ്റ്റര്‍ എന്ന മോഹൻലാൽ ചിത്രം എത്തുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒരുമിക്കുന്നത് ഒട്ടും ചെറിയ ഹൈപ്പല്ല മോണ്‍സ്റ്ററിന് നല്‍കിയത്. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രസിപ്പിക്കുന്ന കുറ്റാന്വേഷണ ത്രില്ലറുമായാണ് വൈശാഖിന്റെ ഇത്തവണത്തെ വരവ്.
ഏറെ താമാശകൾ നിറഞ്ഞ മോഹൻലാലിനെയാണ് ‘ലക്കി സിംഗാ’യി തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അല്‍പം ലൗഡായുള്ള പ്രകടനം ആദ്യം കാഴ്‍ചവയ്‍ക്കുന്ന മോഹൻലാല്‍ കഥാപാത്രത്തിന്റെ മറ്റൊരു ഷെയ്‍ഡില്‍ സ്വീകരിക്കുന്നത് പക്വതയാര്‍ന്ന വേഷപ്പകര്‍ച്ചയാണ്. ആദ്യ പകുതിയുടെ ഏതാണ്ട് അവസാനം വരെ ‘ലക്കി സിംഗാ’യി നിറഞ്ഞാടുകയാണ് മോഹൻലാല്‍. കുട്ടിത്താരത്തിനൊപ്പമുള്ള പാട്ട് രംഗങ്ങളിലൊക്കെ മോഹൻലാല്‍ കുസൃതികള്‍ തിയറ്ററുകളില്‍ രസിപ്പിക്കുന്നു. ആദ്യ പകുതി എൻഗേജിംഗ് ആയി നിലനിര്‍ത്തുന്നതും ആ കുസൃതികളാണ്. മലയാളം പറയുന്ന പഞ്ചാബി വേഷധാരിയെ തീര്‍ത്തും വിശ്വസനീയമായ രീതിയില്‍ തന്നെ മോഹൻലാല്‍ പകര്‍ത്തിയിരിക്കുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ത്രസിപ്പിക്കുന്ന ഫുള്‍ എനര്‍ജിയിലുള്ള മോഹൻലാലിന്റെ സ്റ്റണ്ട് രംഗങ്ങള്‍ തിയറ്ററില്‍ ആരവമുണ്ടാക്കുന്നു. വേറിട്ട ആക്ഷൻ കൊറിയോഗ്രാഫിയൊരുക്കിയ സംഘട്ടന സംവിധായകൻ സ്റ്റണ്ട് സില്‍വയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. സതീഷ് കുറുപ്പിന്റെ ക്യാമറക്കണ്ണും സംവിധായകനെ വൻ തോതില്‍ സഹായിച്ചിട്ടുണ്ട്. പ്രമേയത്തിന്റെ പ്രധാന്യം നല്‍കിക്കൊണ്ടുള്ള ഛായാഗ്രാഹണമാണ് സതീഷ് കുറുപ്പിന്റേത്. ഒറ്റയടിക്ക് സസ്‍പെൻസ് വെളിവാക്കാത്ത തരത്തിലുള്ള സിനിമയുടെ ത്രില്ലിംഗ് അനുഭവം നിലനിര്‍ത്തുന്നത് ഷമീര്‍ മുഹമ്മദിന്റെ കട്ടുകളുമാണ്.
ഫൈറ്റ് സീക്വന്‍സുകള്‍ തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. രണ്ട് സംഘട്ടന രംഗങ്ങളില്‍ രണ്ടാമത്തേത് വളരെ മികച്ചതാണെന്നും കൂടുതല്‍ വിവരിച്ചാല്‍ ഭംഗി കെട്ടുപോകുമെന്നുമാണ് ചിത്രം കണ്ട പ്രേക്ഷകർ തന്നെ വിലയിരുത്തിയത്. ശബ്ദമിശ്രണവും ബിജിഎമ്മും മികച്ചതാണെന്നും അഭിപ്രായമുണ്ട്.
നിരവധി ട്വിസ്റ്റുകളും സര്‍പെന്‍സുകളും നിറഞ്ഞ സിനിമയാണ് ‘മോണ്‍സ്റ്റര്‍’ എന്നായിരുന്നു സംവിധായകന്‍ വൈശാഖ് കഴിഞ്ഞ ദിവസം പറഞ്ഞത്. വൈശാഖിന്‍റെ സംവിധായക മികവിനോടൊപ്പം ഉദയകൃഷ്ണയുടെ ബ്രില്യന്‍റ് സ്ക്രിപ്റ്റും സിനിമയുടെ പ്ലസാണ്. ഒരു കമേഴ്‌സ്യൽ മാസ് സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം സിനിമയിലുണ്ട് .
ചുരുക്കത്തിൽ കൊച്ചിയിൽ ഫ്ലാറ്റ് വിൽക്കാനെത്തിയ ലക്കി സിങ് മടങ്ങുന്നത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടാണ്.