ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം. രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള പുരസ്‌കാരമാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളായ കുമരകത്തിനും കടലുണ്ടിക്കും ലഭിച്ചിരിക്കുന്നത്. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവർണ്ണ പുരസ്കാരം ലഭിച്ചിരുന്നു.
ന്യൂഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന്റെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി. വി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര്‍ ടി മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്‌കാരം.
വ്യത്യസ്ത പരിശീലനങ്ങളായ തുണിസഞ്ചി, പേപ്പര്‍ബാഗ്, വിത്ത് പേന, ഗ്രീന്‍ ഡെസ്റ്റിനേഷന്‍ പ്രോട്ടോകോള്‍ എന്നിവയിലൂടെ 300-ലേറെ ആളുകള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി. ടൂറിസ്റ്റുകള്‍ക്ക് കുക്കിംഗ് എക്‌സ്പീരിയന്‍സ് നല്‍കിക്കൊണ്ട് ഭക്ഷണം ആസ്വദിക്കാന്‍ അവസരം നല്‍കുന്ന എക്‌സ്പീരിയന്‍സ് എത്‌നിക് ക്യൂസീന്‍ യൂണിറ്റുകളും കടലുണ്ടിയിലുണ്ട്.