• inner_social
  • inner_social
  • inner_social

യുക്രൈൻ: ഡല്‍ഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സൗജന്യമായി കേരളത്തിലെത്തിക്കും മുഖ്യമന്ത്രി

യുക്രൈയ്‌നില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മുഴുവൻ വിദ്യാർത്ഥികളെയും യുക്രൈനിൽ നിന്നും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നോർക്ക റൂട്ട്‌സിന്റെ യോഗം തൊട്ടുമുൻപ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ വിഷയം കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നാളത്തെന്നെ ഒരു വിമാനം പുറപ്പെടുന്നുണ്ട്. അതിൽ പകുതിയും മലയാളികളാണെന്നാണ് വിവരം ലഭിച്ചതെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു.