സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ പ്രവാസികളെ പങ്കാളികളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ കേരളത്തിനു നല്‍കിയ സഹായങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു. പ്രവാസി കുടുംബാംഗങ്ങളുടെ സാമൂഹ്യ, ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതും തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നോര്‍ക്ക ആസ്ഥാനത്ത് പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ പ്രവാസികള്‍ക്ക് അഭിപ്രായം പറയാനുള്ള ഏറ്റവും മികച്ച ഔദ്യോഗിക വേദിയായി ലോക കേരള സഭയെ മാറ്റിയെടുക്കാനായതു കേരളത്തിന്റെ അഭിമാന നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ കേരള കേരളത്തിനുപുറത്തു വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ ഭാഗമായി നിരവധി പ്രതിഭകളുടെയും വിദഗ്ധരുടെയും പണ്ഡിതരുടെയും സഹായം വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “കൊവിഡ് കാലത്തു പ്രവാസികളുടെ പ്രയാസങ്ങളില്‍ മികച്ച ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചു നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യക്ഷമമായി ചെയ്യാനായി. പ്രവാസികള്‍ക്കു നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ കണക്കിലെടുത്ത് വ്യവസായ നയങ്ങളിലും ചട്ടങ്ങളിലും അനിവാര്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.” മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി കമ്മിഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് പി.ഡി രാജന്‍ ചടങ്ങിൽ അധ്യക്ഷനായി. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് സി.ഇ. ഒ എം. രാധാകൃഷ്ണന്‍, മെമ്പര്‍ സെക്രെട്ടറി ഫാസില്‍ എ, അംഗങ്ങളായ ബെന്യാമിന്‍, ആസാദ് തിരൂര്‍,സുബൈര്‍ പി കണ്ണൂര്‍, ബാജു ജോര്‍ജ്ജ് പറപ്പാട്ട്, മുന്‍ സെക്രട്ടറിമാരായ നിസാര്‍ ഹംസ, അനില്‍കുമാര്‍, വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളായ സജി തൈക്കാട്, ജോര്‍ജ്ജ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.