സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായി; 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്

സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായി (89.84). 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (99,75,323) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,39,28,182 ഡോസ് വാക്‌സിന്‍ നല്‍കാനായി. വയനാട് ജില്ല നേരത്തെ ലക്ഷ്യം കൈവരിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ ലക്ഷ്യത്തോടടുക്കുകയാണ്. വാകിനേഷന് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

“ഇനിയും വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. വാക്‌സിനേഷനോട് ആരും വിമുഖത കാണിക്കരുത്. വാക്‌സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് വളരെ കൂടുതലാണ്. കോവിഡിനെതിരായ ജാഗ്രത ഇനിയും തുടരണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കുറച്ച് കാലംകൂടി പൊതുപരിപാടികളും കൂടിച്ചേരലുകളും കഴിവതും ഒഴിവാക്കണം. രോഗലക്ഷണമില്ലാത്തവരായ രോഗികള്‍ 75 ശതമാനത്തോളും വരും. അതിനാല്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ട്.” മന്ത്രി വീണ ജോർജ് തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.