കൊവിഡ് വ്യാപനം; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം; ആശങ്ക വേണ്ടെന്ന് സർക്കാർ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.

കേസുകളിൽ വർധന എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഉന്നത തല യോഗം നിര്‍ദേശിച്ചു.

അതെ സമയം കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. “നവംബര്‍ മാസത്തില്‍ തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സാമ്പിളുകള്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് അയക്കാന്‍ മന്ത്രിതല യോഗത്തില്‍ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയച്ചു വരുന്നു. അതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആള്‍ക്കാണ് ഇത് കണ്ടെത്തിയത്. അവര്‍ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തു.അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരില്‍ ജെഎന്‍ 1 ഉണ്ടെന്ന് സിംഗപ്പൂര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്. കേരളത്തില്‍ ഇത് പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്ന് തുടക്കം മുതല്‍ പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമത് നിരീക്ഷിക്കുന്നുണ്ട്.

ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകൾ, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ട്.മരിച്ച ആളുകള്‍ക്ക് ഗുരുതരമായ മറ്റു രോഗങ്ങള്‍ ഉള്ളവരും ആയിരുന്നു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റ് ആയവരാണ് . കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം.” വീണ ജോർജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, അതിവേഗം പടരുന്ന കൊവിഡിന്‍റെ ജെ എൻ വൺ വകഭേദം കേരളത്തിന് ആശങ്കയായി തുടരുകയാണ്. ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുട എണ്ണം 1749 ആയി ഉയർന്നു.