അരങ്ങിലും അഭ്രപാളിയിലും വിസ്മയങ്ങള്‍ തീര്‍ത്ത മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണു ഇനി ഓര്‍മ.ചൊവ്വ രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുശേഷം പകൽ രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ഉണ്ണി വേണു അന്ത്യകർമങ്ങൾ ചെയ്‌തു.ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് തിങ്കൾ പകൽ 1.10ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അഭിനയകുലപതിയുടെ അന്ത്യം. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വസതിയായ ‘തമ്പി’ലും അയ്യൻകാളി ഹാളിലും പ്രിയനടന് ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാർ, എംഎൽഎമാർ, മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമാരംഗത്തെ പ്രമുഖരും അന്ത്യോപചാരമർപ്പിച്ചു.
ആലപ്പുഴ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പി കെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് ജനനം. കൊട്ടാരം എൻഎസ് യുപി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂൾ, ആലപ്പുഴ എസ്‌ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുട്ടിക്കാലത്തെ മൃദംഗത്തോടും ഘടത്തോടും ഇഷ്‌ടം കൂടി. അഭിനയവും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി.
1978ൽ അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ ആയിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റ ചിത്രംകുട്ടനാട്ടിലെ നെടുമുടിയിൽ നിന്നും പത്രപ്രവർത്തകനായും അധ്യാപകനായും സേവനമനുഷ്‌ഠിച്ച ശേഷം മലയാള നാടക സിനിമാ മേഖലയ്ക്ക് ലഭിച്ച അമൂല്യ കലാകാരനായിരുന്നു നെടുമുടി വേണു.നാടകലോകത്തെ കാവാലം-നെടുമുടി ബന്ധം അതിപ്രശസ്തമാണ്. കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’ ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങളിൽ നെടുമുടി വേണു വേഷമിട്ടു. വിവിധ ടെലിവിഷനുകളിലായി മുപ്പതിലധികം പരമ്പരകളിലും മറ്റ് പരിപാടികളിലും അദ്ദേഹം അഭിനയിച്ചു. പ്രത്യേക രീതിയിലുള്ള ആലാപന സിദ്ധിയുമായി അദ്ദേഹത്തിന്റെ നാടന്‍പാട്ടുകളും മലയാളി ഹൃദയത്തില്‍ ഏറ്റെടുത്തവയായിരുന്നു. സര്‍വകലാശാല പോലുള്ള ചില ചലച്ചിത്രങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്നതുതന്നെ അദ്ദേഹത്തിന്റെ നാടന്‍ പാട്ടിന്റെ ആലാപനസാന്നിധ്യംകൊണ്ടാണെന്ന് സിനിമ നിരീക്ഷകർ സമ്മതിക്കുന്നുണ്ട്.
അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായുള്ള സൗഹൃദം അദ്ദേഹത്തെ നാടക ലോകത്തു നിന്നും സിനിമയിലെത്തിച്ചു. തിരുവനന്തപുരത്തെ താമസം അതിന് വഴിയൊരുക്കി. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ ആയിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും അദ്ദേഹം സിനിമാലോകത്തെ സാന്നിധ്യം അറിയിച്ചു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായി. ‘പൂരം’ എന്ന ചിത്രം സംവിധാനം ചെയ്‌തു.
1987ൽ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ സിനിമയിലെ പ്രകടനത്തിനായിരുന്നു അത്. ശേഷം 2003ൽ മാർഗം എന്ന സിനിമയിലെ വേഷത്തിന് പുരസ്‌കാരം ലഭിച്ചു.’ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ’ പ്രകടനത്തിന് 1990ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡ് നേടി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്‌കാരം ലഭിച്ചു.
പ്രധാന സിനിമകൾ
തമ്പ്, ആരവം, തകര, ചെറിയാച്ഛന്റെ ക്രൂരതകൾ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ചാമരം, താരാട്ട്, ആലോലം, യവനിക, അപ്പുണ്ണി, വേനൽ, തേനും വയമ്പും, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പാളങ്ങൾ, കാട്ടിലെ പാട്ട്, ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, പഞ്ചവടി പാലം, നാരദൻ കേരളത്തിൽ, സുഖമോ ദേവി, പഞ്ചാഗ്‌നി, താളവട്ടം, ചിത്രം, ചെപ്പ്, ആരണ്യകം, വൈശാലി, വന്ദനം, തേന്മാവിൻ കൊമ്പത്ത്, അക്കരെ അക്കരെ, ക്ഷണക്കത്ത്, ലാൽസലാം, സവിധം, മണിച്ചിത്രത്താഴ്, പെരുന്തച്ഛൻ, ദേവരാഗം, കാലാപാനി, ഹരികൃഷ്ണൻസ്, നോർത്ത് 24 കാതം, പാവാട, ജോസഫ്, മധുരരാജ, യുവം.