ഹോളിവുഡ് താരം കേറ്റ് വിന്‍സ്‌ലെറ്റിന് അപകടം. ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ചരിത്ര സിനിമയായ ‘ലീ’യുടെ ചിത്രീകരണത്തിനിടെ വഴുതിവീഴുകയായിരുന്നു. ഗുരുതരമായ പരിക്കുകളൊന്നുമില്ല എന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചു.
എലന്‍ കുറാസ് ആണ് ലീ സംവിധാനം ചെയ്തിരിക്കുന്നത്. കേറ്റ് വിൻസ്‌ലെറ്റ് നായികയായി 2004-ൽ പുറത്തിറങ്ങിയ എറ്റേണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ്സ് മൈൻഡ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ കൂടിയാണ് എലൻ കുറാസ്. മരിയോ കോട്ടില്ലാര്‍ഡ്, ജൂഡ് ലോ, ആന്‍ഡ്രിയ റൈസ്ബറോ, ജോഷ് ഒകോണര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.രണ്ടാം ലോക മഹായുദ്ധത്തിലെ വോഗ് മാഗസിന്റെ ഫോട്ടോഗ്രാഫര്‍ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്. നാസി കോൺസൺട്രേഷൻ ക്യാമ്പുകളിലെ ക്രൂരതകൾ പുറംലോകം അറിയാനിടയാക്കിയ ചിത്രങ്ങൾ ലോകശ്രദ്ധയിൽക്കൊണ്ടുവന്നവരിൽ ഒരാളാണ് ലീ മില്ലർ.