കോവിഡാനന്തര പ്രവാസ സമൂഹം, ലോക കേരളസഭ, കെ റെയിൽ: നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ സംസാരിക്കുന്നു

നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി പി.ശ്രീരാമകൃഷ്ണൻ നിയമിതനായി. 2016 മുതൽ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ, പ്രവാസി മലയാളികൾക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.പതിനാലാം കേരള നിയമസഭ സ്പീക്കർ എന്ന നിലയിൽ പല മാറ്റങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ഭരണഘടനയുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിയമനിർമാണ പ്രക്രിയയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ജനകീയ ഇടപെടൽ സാധ്യമാക്കാനുമുള്ള നിരവധി ഉദ്യമങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായി. നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ എന്ന നിലയിൽ കോവിഡാനന്തര പ്രവാസ ലോകത്തെ കുറിച്ചും, പ്രവാസികൾക്ക് വേണ്ടിയുള്ള പുതിയ പദ്ധതികളെ കുറിച്ചും കണക്റ്റിംഗ് കേരളത്തോട് അദ്ദേഹം സംസാരിക്കുന്നു…..

ആഗോളതലത്തിൽ കോവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്, കേരളത്തിൽ നിന്നുള്ള പ്രവാസികളും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഒരുപാട് പ്രവാസികളുടെ ജീവൻ നഷ്ട്ടപ്പെട്ടു. പ്രവാസ ഭൂമികയിൽ മാനസികാഘാതമേറ്റ് തളർന്നു പോകുന്നവർ നിരവധി. രോഗികൾ, ജോലി നഷ്ടപ്പെട്ടവർ , വേതനം ലഭിക്കാത്തവർ, തിരികെ എത്തിയ ശേഷം ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്നവർ. ഈ ഒരു സവിശേഷ സാഹചര്യത്തിലാണ് കേരളത്തിലെ പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നോർക്കയുടെ വൈസ് ചെയർമാൻ ആയി താങ്കൾ അവരോധിക്കപ്പെടുന്നത്. എത്രത്തോളം വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ ഉത്തരവാദിത്തം?

താങ്കൾ ചോദ്യത്തിൽ പ്രതിപാദിച്ചത് പോലെ വളരെ ക്ലേശകരവും, സങ്കീർണവുമായ ഒരു സാഹചര്യത്തിലാണ് നോർക്കയുടെ റെസിഡന്റ് വൈസ് ചെയർമാൻ എന്ന ഉത്തരവാദിത്തം വഹിക്കേണ്ടി വന്നിരിക്കുന്നത്. പക്ഷെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രവാസിക്ഷേമം എന്നത് ഒരു പ്രധാന അജണ്ടയായി അംഗീകരിച്ച ഒരു സംസ്ഥാനം എന്ന നിലയിൽ നോർക്ക റൂട്സിന്റെ പ്രധാന ചുമതലകൾ നിർവഹിക്കാൻ ഉള്ള ഉത്തരവാദിത്തം വളരെ സീരിയസ് ആയിട്ടുള്ള ഒരു പ്രോസസ് ആയി തന്നെ നോക്കി കാണുന്നു. മൂന്നു തരത്തിലുള്ള പ്രവാസികളെയും, അവരുടെ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യാൻ നോർക്കക്ക് സാധിക്കണം എന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. ഒന്ന് പ്രവാസത്തിനു വേണ്ടി ആഗ്രഹിക്കുന്നവരുടെ കുടിയേറ്റം, അതായത് ഒരു ക്വാളിറ്റി മൈഗ്രേഷൻ സിസ്റ്റം വളർത്തി എടുക്കുക, അതിനു വേണ്ടി ഉള്ള ഭാഷ പഠനം, നൈപുണ്യ പദ്ധതികൾ. അതോടൊപ്പം ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിൽ സാദ്ധ്യതകൾ കണ്ടെത്താനുള്ള പോർട്ടൽ ആരംഭിക്കാനും, ഉള്ള ശ്രമങ്ങൾ നോർക്ക ആരംഭിക്കും. ജർമനി, യൂറോപ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ സാധ്യതകളെ കുറിച്ചും വിശദമായ പഠനങ്ങൾ നടക്കുന്നുണ്ട്. ഒരു സ്റ്റാർട്ട് ആപ്പിനെ തന്നെ ചുമതല നൽകി കൊണ്ട് അതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ആരംഭിച്ചു കഴിഞ്ഞു.

രണ്ടാമത്തെ വിഭാഗം തിരികെ എത്തിയ പ്രവാസികൾ ആണ്. തിരികെ എത്തിയ എല്ലാ പ്രവാസികളുടെയും കുടിയേറ്റം വീണ്ടും സാധ്യമാകുന്ന ഒന്നല്ല, അത് കൊണ്ട് തന്നെ സാന്ത്വനം പോലെയുള്ള പദ്ധതികൾ അവർക്ക് ഉറപ്പു വരുത്തുക, കുടുംബശ്രീ വഴിയുള്ള പേൾ പദ്ധതി (ചുരുങ്ങിയ തുക ആണെങ്കിലും അതും പ്രവാസികൾക്ക് ഉപയോഗപ്പെടുത്താൻ ശ്രമിക്കും). നമ്മുടെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കു നിർവഹിച്ചവരാണ് പ്രവാസികൾ, അത് കൊണ്ട് തന്നെ അവരുടെ പുനരധിവാസം ഉറപ്പു വരുത്തുക എന്നത് നോർക്കയുടെ പ്രധാന അജണ്ടകളിൽ ഒന്ന് തന്നെ ആണ്.

മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ട പ്രവാസി സമൂഹം വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന മലയാളികളാണ്. നോർക്ക ഐ ഡി കാർഡ്, ഇൻഷുറൻസ് കാർഡ്, അവരുടെ പരാതികൾ കേൾക്കാനും, പരിഹരിക്കാനും 24 മണിക്കൂർ കാൾ സെന്റർ സർവീസ്, തുടങ്ങീ ഒട്ടനവധി പരിപാടികൾ നോർക്ക നടപ്പിലാക്കി വരുന്നുണ്ട്. കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നും ഉണ്ട്.

ഇത്തരത്തിൽ വിദേശത്ത് താമസിക്കുന്ന പ്രവാസികൾ, പ്രവാസം കഴിഞ്ഞു മടങ്ങിയെത്തിയ പ്രവാസികൾ, അത് പോലെ പ്രവാസം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങൾ ഈ മൂന്നു വിഭവങ്ങളെയും അഡ്ഡ്രസ്സ്‌ ചെയ്യുന്ന പദ്ധതികൾ നോർക്ക നടപ്പിലാക്കും.

തിരികെ എത്തുന്ന പ്രവാസികൾക്ക് വേണ്ടിയുള്ള പദ്ധതി NDPREM, അതിനോടൊപ്പം ഈ അടുത്ത കാലത്ത് കൊണ്ട് വന്ന പ്രവാസി ഭദ്രത, പേൾ പദ്ധതികൾ, വൻതോതിൽ പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ പല പ്രവാസികളും ഈ പദ്ധതിയും ഗുണഭോക്താക്കളായി മാറുന്നുണ്ടെങ്കിലും ചില വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. പ്രസ്തുത ലോൺ ലഭിക്കാൻ എടുക്കുന്ന കാലതാമസം, പേപ്പർ വർക്കുകളുടെ സങ്കീർണതകൾ, വിവിധ ബാങ്കുകളിൽ നിന്നുള്ള നെഗറ്റിവ് പ്രതികരണങ്ങൾ പദ്ധതിയെ കുറിച്ചുള്ള പ്രവാസികളുടെ കൃത്യമായ ധാരണ പിശകുകൾ അങ്ങനെ നിരവധി പ്രവാസികൾ പരാതികൾ ഉന്നയിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് എങ്ങനെ തിരികെയെത്തിയ പ്രവാസികൾക്ക് NDPREM കൂടുതൽ ഉപകാരപ്രദമാക്കാം?

തീർച്ചയായും പ്രസക്തമായ ഒരു ചോദ്യമാണ് ഇത്, സർക്കാരോ നോർക്കയോ ഒരു പദ്ധതി പ്രഖ്യാപിച്ചത് കൊണ്ട് അത് പ്രവാസികൾക്ക് എളുപ്പത്തിൽ ലഭിച്ചു കൊള്ളണം എന്നില്ല. ഇവിടെ നാം തിരിച്ചറിയേണ്ട ഒരു വസ്തുത, സാന്ത്വനം പോലെ ഉള്ള പദ്ധതികൾക്കു കാലതാമസം വരുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം. പ്രസ്തുത പദ്ധതിയുടെ ഒരു അപേക്ഷ ലഭിച്ചാൽ അതിന്റെ എല്ലാ പ്രോസസും കഴിഞ്ഞാൽ അത് വീണ്ടും ഗവണ്മെന്റ് സെക്രട്ടേറിയറ്റിലേക്കു പോകേണ്ട ഒരു രീതി ഇവിടെ ഉണ്ട്. അങ്ങനെ വരുമ്പോൾ കാലതാമസം നേരിടും, ഈ ഒരു പ്രോസസ് 120 ദിവസം വരെ നിൽക്കുന്ന സാഹചര്യം ഉണ്ട് . ഈ നിബന്ധന ഒഴിവാക്കി കിട്ടാൻ ഉള്ള സാദ്ധ്യതകൾ ഇതിനോടകം തന്നെ മുഖ്യമന്ത്രി അടങ്ങുന്നവരോട് സംസാരിച്ചിട്ടുണ്ട്.ഗവണ്മെന്റിലേക്കു അയക്കാതെ തന്നെ നോർക്കക്ക് സ്വയം ഇത്തരം പദ്ധതികൾ ഹാൻഡിൽ ചെയ്യാൻ സാധിച്ചാൽ തീർച്ചയായും അത് വലിയ ഗുണകരമായി മാറും.

മുപ്പതു ലക്ഷം രൂപ വരെയുള്ള വായ്പ നൽകണമെന്ന് നമ്മൾ പതിനാലു ബ്രാഞ്ചുകൾ വഴിയും ആറായിരത്തോള0 ശാഖകൾ വഴിയും തീരുമാനിച്ചിട്ടുണ്ടെങ്കിലു0, പൊതുവെ ഇത്തരം വായ്പകൾ കൊടുക്കുന്നതിന് വിമുഖത കാണിക്കുന്ന ബാങ്കുകളുടെ രീതി തുടരുകയാണ്. വിദ്യാഭ്യാസ വായ്പക്കും ഇതേ അവസ്ഥയാണ് ഉണ്ടായിരുന്നത്. തീർച്ചയായിട്ടും വായ്പ കിട്ടണമെങ്കിൽ വിസിബിളായിട്ടുള്ള പ്രൊജക്ടുകൾ വെച്ച് മാർക്കറ്റ് ട്രെൻഡ് കൂടി പഠിച്ച് മുമ്പോട്ട് പോകേണ്ടത് അത്യാവശ്യം ആണ്. പലപ്പോഴും ഒരു വായ്പ സംഘടിപ്പിക്കാനുള്ള എളുപ്പവഴിയായിട്ടു മാത്രം ഇതിനെ കാണുന്ന രീതി നമ്മളും വെച്ച് പുലർത്താൻ പാടില്ല. ഇത് സംരംഭം തുടങ്ങാനാണെന്നും അതിന്റെ മാർക്കറ്റിംഗ് എങ്ങനെ സാധ്യമാണെന്നും, അതിന്റെ വിപണന സാദ്ധ്യതയെക്കുറിച്ചുമെല്ലാം ബോധ്യപ്പെടുത്താൻ സാധിച്ചാൽ വായ്പ കൊടുക്കാനുള്ള ബാധ്യത ലീഡ് ബാങ്കുകൾക്ക് ഉണ്ട്. ഇതെങ്ങനെ കൊടുക്കാതിരിക്കാം എന്നതിനെക്കുറിച്ചാണ് ബാങ്കുകൾ ആലോചിക്കുന്നത് എന്ന വിമർശനവും ഉണ്ട്. പക്ഷെ നോർക്ക വിലയിരുത്തുന്നത് കെ എസ് എഫ് ഇ , കേരള ബാങ്ക് എന്നിവയിലുടെ ചുരുങ്ങിയത് അഞ്ചു വായ്പകൾ എങ്കിലും കൊടുക്കാൻ തയ്യാറായാൽ വലിയൊരു സംഖ്യ വായ്പ കൊടുക്കാൻ കഴിയും എന്ന് തന്നെ ആണ്.

കേരളത്തിൽ ഈ വായ്പ കൊടുക്കാൻ ബുദ്ധിമുട്ടില്ല കാരണം പ്രവാസികളുടെ എൻ ആർ ഐ ക്കൌണ്ടിൽ കിടക്കുന്ന പണം തന്നെ ബാങ്കുകളുടെ നിലനിൽപിന് ആശ്രയിക്കുന്ന കാര്യങ്ങളാണ്. സർക്കാരിന്റെ നേതൃത്വത്തിൽ ധനകാര്യ വകുപ്പ് മന്ത്രിയേകൂടി പങ്കെടുപ്പിച്ച് കൊണ്ട് ലീഡ് ബാങ്കുകളുടെ പ്രതിനിധികളുമായി ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി വായ്പകൾ തടസ്സം കൂടാതെ കൊടുക്കാ9 ആവശ്യമായ നിർദ്ദേശങ്ങൾ കർശനമായി നൽകാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.

Msme യൂണിറ്റുകൾ രൂപീകരിക്കുമ്പോൾ, സൂക്ഷ്മ, ചെറുകിട, സംരംഭങ്ങൾക്ക് വേണ്ടിയുള്ള ഒരു ഡ്രെെവാണ് അടുത്ത വര്ഷം കേരള വ്യവസായ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഒരു ലക്ഷം msme യൂണിറ്റുകൾ വരുമ്പോൾ അതിൽ 25000 യൂണിറ്റെങ്കിലും നോർക്കവഴി അപേക്ഷിക്കുന്നവർക്ക് ലഭ്യമാക്കാനുള്ള ഒരു സ്പെഷ്യൽ ചാനൽ ഉണ്ടാക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്. ആ സ്പെഷ്യൽ ചാനൽ വരുമ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്.

ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി നോർക്ക റൂട്സ് ധാരണയിൽ എത്തിയിട്ടുണ്ടല്ലോ. എന്താണ് അതിന്റെ വിശദാംശങ്ങൾ ?

ആഗോള തൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി ഒഴിവുകൾ ജർമനിയിൽ ഉണ്ടാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ മലയാളി നഴ്‌സുമാർക്കു അവസരം ഒരുക്കുകയാണ് നോർക്ക . കേരളത്തിൽനിന്ന് ജർമനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക ആവിഷ്‌കരിച്ച ട്രിപ്പിൾ വിൻ പദ്ധതി ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി സഹകരിച്ചു കൊണ്ടാണ് നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് സർക്കാർതലത്തിൽ ഇത്തരം ഒരു പദ്ധതി തയ്യാറാക്കുന്നതെന്ന് കൂടി നാം ഓർക്കണം.

2022ൽ തന്നെ ആദ്യ ബാച്ച് നഴ്സുമാരെ ജർമനിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടിയുള്ള കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ആദ്യപടിയായാണ് ട്രിപ്പിൾ വിൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്സിംഗ് വിദ്യാർഥികളെ കേരളത്തിൽ തന്നെ ഇന്റർവ്യു നടത്തിയാകും തെരഞ്ഞെടുക്കുക. പ്രാഥമിക ഭാഷാ പഠനം കേരളത്തിലും രണ്ടാം ഘട്ട പരിശീലനം ജർമനിയിലും നൽകും. പതിനായിരത്തോളം മലയാളി നഴ്സുമാരെ ജർമനിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം .

ഭാവിയിൽ ഹോസ്പിറ്റാലിറ്റി അടക്കം മറ്റു മേഖലയിലേക്കും വലിയ സാധ്യത തുറക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ സാധ്യത വർധിക്കാനും പദ്ധതി വഴിവയ്ക്കും. മികവും അർപ്പണബോധം ഉള്ളവരാണ് കേരളത്തിലെ നഴ്‌സുമാർ. വിദേശത്തു പോകാൻ താല്പര്യമുള്ള കഴിയുന്നത്ര പേരെ റിക്രൂട്ട്‌ ചെയ്യാൻ ഉള്ള എല്ലാ ശ്രമങ്ങളും നോർക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകും.

നാട്ടിൽ നടക്കുന്ന ഓരോ വിഷയങ്ങളിലും പ്രവാസികൾക്കും, വിവിധ പ്രവാസി സംഘടനകൾക്കും അഭിപ്രായങ്ങളും, ആശങ്കകളും, നിലപാടുകളും ഉണ്ട്. കെ റെയ്‌ലിനെ കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ ഇപ്പോൾ വളരെ സജീവമാണ്, പ്രവാസികളായ മലയാളികൾ ഈ പദ്ധതിയെ കുറിച്ച് ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ ? താങ്കളുടെ വിലയിരുത്തൽ എന്താണ് ?

കെ റെയിലിനെ കുറിച്ച് മലയാളികളായ എല്ലാവർക്കുമുള്ള സംശയങ്ങളും, ആശങ്കകളും പരിഹരിക്കാൻ അതിവിപുലമായ ക്യാമ്പയിൻ പരിപാടികൾ സർക്കാർ തന്നെ നടപ്പിലാക്കി വരുന്നുണ്ട്. പ്രവാസികൾക്ക് വേണ്ടിയും ഈ വിഷയത്തിൽ ആവശ്യം ആണെങ്കിലും പ്രത്യേക പരിപാടികൾ ആവിഷ്‌കരിക്കും. ഇപ്പൊ പ്രവാസികൾക്ക് മാത്രമായി ഒന്നും നടപ്പിലാക്കുന്നില്ല. അതെ സമയം കേരളത്തിലെ എല്ലാ ജില്ലകളിലും മന്ത്രിമാരും, മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച കാമ്പയിനുകൾ നടക്കുന്നുണ്ട്. ഇനിയും അത് തുടരും. തീർച്ചയായും പ്രവാസലോകം വളരെ പോസിറ്റിവ് ആയി തന്നെ കെ റെയിലിനോട് നിലപാട് എടുക്കും എന്ന് തന്നെ ആണ് ഞാൻ കരുതുന്നത്.

ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കൊണ്ട് വളർന്നു വന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കഥകളും, അനുഭവങ്ങളും, ചരിത്രവും നന്നായി അറിവുള്ളവരാണ് പ്രവാസികൾ, അത് കൊണ്ട് തന്നെ പ്രസ്തുത പദ്ധതിയെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ സർക്കാരിനെ സഹായിക്കാൻ പ്രവാസികൾക്ക് തീർച്ചയായും സാധിക്കും. കേരളത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വളർച്ചയ്ക്ക് നിതാനമായ ഒരു പശ്ചാത്തല പദ്ധതി ആയി കെ റെയിലിനെ തിരിച്ചറിഞ്ഞു കൊണ്ട് പ്രവാസി സമൂഹം ഈ പദ്ധതിക്ക് പൂർണ പിന്തുണ നൽകും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. തീർച്ചയായും ഈ വിഷയത്തിൽ പ്രവാസികളുട ഏതൊരു സംശയത്തിനും, ആശങ്കൾക്കും മറുപടി പറയാനുള്ള സംവിധാനം ആവശ്യമെങ്കിൽ അതിനും സർക്കാർ സജ്ജമാണ്.

പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂർണമായ പദ്ധതികളുമായിട്ടാണ് ലോക കേരളസഭ രൂപീകരിച്ചത്. രണ്ടു സമ്മേളനങ്ങളും, മേഖല സമ്മേളങ്ങളും നടന്നു കഴിഞ്ഞു, ഈ സംരംഭം എത്രമാത്രം ലക്ഷ്യംകണ്ടു എന്ന പരിശോധന സ്വാഭാവികമാണ്. എന്തെല്ലാം കാര്യങ്ങളാണ് ലോക കേരളസഭയുടെ കീഴിൽ ഇത് വരെ ചെയ്യാൻ സാധിച്ചിട്ടുള്ളത് ? ഭാവിയിലേക്കുള്ള പ്രവാസികൾക്കായി എന്തെല്ലാം പ്രവർത്തങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത് ? മൂന്നാം സമ്മേളനത്തെ കുറിച്ച് ഇപ്പോൾ പങ്കു വെക്കാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണ് ?

ലോക കേരളസഭ ലോകജനാധിപത്യത്തിന്റെ ചരിത്രത്തിലെ നിർണായക ഏടുകളിൽ ഒന്നാണ്. ലോകജനാധിപത്യത്തിനു കേരളത്തിന്റെ സംഭാവന ആണ് ലോക കേരളസഭ. ‘എവടെ മലയാളി ഉണ്ടോ, അവിടെ കേരളം ഉണ്ട്’ എന്ന വിശാലമായ ഒരു സങ്കൽപ്പത്തിൽ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ള പ്രവാസികൾക്ക് പ്രാതിനിധ്യം നൽകി കൊണ്ട് നിയമസഭാ സാമാജികരെയും, സ്പീക്കറെയും ഉൾപ്പെടുത്തി കൊണ്ടുള്ള വിശാലമായ ഒരു സങ്കൽപ്പത്തിൽ അധിഷ്ഠിതമായി ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമുള്ള പ്രവാസികൾക്ക് പ്രാതിനിധ്യം നൽകി കൊണ്ട് നിയമസഭാ സാമാജികരെയും, പാർലമെന്റ് അംഗങ്ങളെയും, സ്പീക്കറെയും, മുഖ്യമന്ത്രിയും മറ്റു സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭരായവരെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു സമ്മേളനം സംഘടിപ്പിക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേവലം പ്രവാസികളുടെ നിക്ഷേപം മാത്രമല്ല സാഹിത്യം, സംസ്ക്കാരം, ഭാഷ, അനുഭവങ്ങൾ ഇതെല്ലാം പങ്കു വെക്കാൻ ഉള്ള ഒരു വേദി കൂടി ആയി ലോക കേരളസഭയുടെ വേദി മാറി.

ലോക കേരളസഭ ഒരു നിയമാനുസൃതമായ സഭയായി മാറ്റി എടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്, ലോക കേരളസഭയുടെ അടുത്ത സമ്മേളനം മെയിൽ നടക്കും. മുൻ അനുഭവങ്ങളിൽ ഇല്ലാത്ത ഒരു പദ്ധതിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന കുറവുകൾ പെരുപ്പിച്ചു കാണിക്കാതെ ലോക കേരളസഭ സർക്കാരിന്റെ ഒരു പുതിയ സംരംഭം എന്ന നിലയിൽ പ്രവാസികൾക്കും, നമ്മുടെ നാടിനും ഗുണകരമാകുന്ന ഒന്നായി മാറ്റി എടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ ശക്തമായി അഭിസംബോധന ചെയ്യാൻ ഗവൺമെന്റ് തീരുമാനിച്ചതിന്റെ മികച്ച ഉദാഹരണമാണ് ലോക കേരള സഭ. പ്രവാസി വൈദഗ്ധ്യവും അനുഭവ സമ്പത്തും കേരള വികസനത്തിന് പ്രയോജനപ്പെടുത്താൻ ഗവൺമെന്റ് ഗൗരവപൂർവ്വം തീരുമാനിച്ചതിന്റെ തെളിവാണ് ലോക കേരള സഭ. കൂടുതൽ ശ്കതമായി തന്നെ ലോക കേരളസഭ മുന്നോട്ടു പോകും, സഭയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നോർക്കയും നിർണായക പങ്കു വഹിക്കും.

പ്രവാസി പെൻഷൻ 3500 രൂപയാക്കി ഉയർത്തിയ പ്രഖ്യാപനം വന്നത് കഴിഞ്ഞ ബജറ്റിൽ ആണ്, അത് പോലെ തന്നെ തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതിയുടെ ആദ്യ ഘട്ടവും വേഗത്തിൽ നടപ്പിലാക്കുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് സഭയിൽ അറിയിച്ചിരുന്നു. പുതുക്കിയ പെൻഷൻ തുക എന്ന് മുതൽ പ്രവാസികൾക്ക് ലഭിച്ചു തുടങ്ങും, ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾക്കു പ്രവാസികൾ ഇനിയും കാത്തിരിക്കെണി വരുമോ ?

ഡ്ജറ്റിലെ യാതൊരു വാഗ്ദാനവും പാഴായി പോവുകയില്ല, പക്ഷെ നാം ഇവിടെ ഓർക്കേണ്ട ഒരു കാര്യം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ലോകം കീഴ്മേൽ മറിച്ച്‌ കൊണ്ടാണ് കോവിഡ് മഹാമാരി മുന്നോട്ടു പോയത്. ഒരു പരിപാടിയും, പദ്ധതിയും ആസൂത്രണം ചെയ്യുന്ന രീതിയിലും, വേഗതയിലും കൈകാര്യം ചെയ്യാനുള്ള ഒരു സാഹചര്യം നമ്മുടെ ഗവണ്മെന്റിനും ഉണ്ടായിരുന്നില്ല, എങ്കിലും ഈ പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ ജനങ്ങൾക്കും, പ്രവാസികൾക്കും വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചൊരു ഗവൺമെന്റ് ആണ് നമ്മുടേത്. അത് കൊണ്ടാണ് ഇന്ത്യയിൽ വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന എല്ലാ പുരസ്കാരങ്ങളും കേരളത്തിലേക്ക് ഒഴുകി എത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യം, നിക്ഷേപ സൗഹൃദം ഈ മേഖലകളിൽ എല്ലാം സമീപ കാലത്ത് കേരളം നേടിയെടുത്ത പുരസ്കാരങ്ങൾ മാത്രം മതി അതിനു സാക്ഷ്യം പറയാൻ.

കോവിഡ് കാലത്തും പ്രവാസികളെ ചേർത്ത് പിടിക്കാൻ നോർക്കയും സർക്കാരും ശ്രമിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ കാലത്ത് പ്രവാസികൾക്ക് സഹായമായി നോർക്ക ഹെൽപ് ഡെസ്‌ക്കുകൾ ഖത്തർ, ഒമാൻ, സൗദിഅറേബ്യ, ബഹറിൻ, കുവൈറ്റ്, യു. കെ, ഇൻഡോനേഷ്യ, മൊസാംബിക്, ബംഗ്‌ളാദേശ്, യു എസ് എ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥാപിച്ചു .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കായി അവിടങ്ങളിലും ഹെൽപ് ഡെസ്‌ക്കുകൾ രൂപീകരിച്ചു.

യു. എ. ഇ, ഖത്തർ അടക്കം ഉള്ള ജി സി സി രാജ്യങ്ങളിൽ അസുഖബാധിതരായവരെ ആശുപത്രികളിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. വിവിധ പ്രവാസി സംഘടനകളുടെ സഹായത്തോടെ ആവശ്യമായ മലയാളികൾക്ക് ആഹാരം, മരുന്ന് തുടങ്ങിയ എത്തിച്ചു നൽകാൻ മുൻകൈ എടുത്തു കോവിഡ് പോസിറ്റീവ് ആയവരെ ക്വാറന്റൈനിൽ ആക്കുന്നതിനും ഭക്ഷണം നൽകുന്നതിനും സംവിധാനം യു. എ. ഇ കോൺസലിന്റെ സഹായത്തോടെ നടപ്പാക്കിയത് ഒരുപാട് പ്രവാസികൾക്ക് സഹായകരമായി. നോർക്കയും കേരള പ്രവാസിക്ഷേമ ബോർഡും പ്രവാസികൾക്ക് ആശ്വാസ സഹായം നൽകിയിരുന്നു. പെൻഷനു പുറമെ കേരള പ്രവാസി ക്ഷേമ ബോർഡ് ആയിരം രൂപ വീതം നൽകി. ഇതിന്റെ പ്രയോജനം 15,000 പേർക്ക് ലഭിച്ചു. ക്ഷേമനിധിയിലെ അംഗം കോവിഡ് പോസിറ്റീവ് ആയാൽ പതിനായിരം രൂപ തനതുഫണ്ടിൽ നിന്ന് നൽകിയതും ഒരുപാട് പ്രവാസികൾക്ക് പ്രയോജനകരമായി.
.
2020 ജനുവരി ഒന്നിന് ശേഷം വാലിഡ് പാസ്‌പോർട്ടും തൊഴിൽ വിസയുമുള്ള നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ പോകാൻ കഴിയാത്തവർക്കും വിസയുടെ കാലാവധി കഴിഞ്ഞവർക്കും 5000 രൂപ അടിയന്തരസഹായം നോർക്ക നൽകി. പ്രവാസികളുടെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റേയും എംബസികളുടെയും മലയാളി സംഘടനകളുടെയും വിദേശത്തെ പ്രമുഖ വ്യക്തികളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ സർക്കാർ സദാ ജാഗരൂകരായിരുന്നു.

പ്രവാസികളുടെ പെൻഷൻ വർധിപ്പിക്കുന്നത് ഈ വര്ഷം തന്നെ നടപ്പിലാക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങൾ അക്കമിട്ടു പൂർത്തീകരിക്കാൻ മുൻകാലങ്ങളിൽ സാധിച്ചിട്ടുള്ള സർക്കാർ എന്ന നിലയിൽ യാതൊരു സംശയത്തിനും സാധ്യത ഇല്ല, തീർച്ചയായും പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും പരിമിതികൾക്കകത്ത് നിന്ന് കൊണ്ട് തന്നെ വലിയ കാലതാമസമില്ലാതെ നടപ്പിലാക്കും.

കോവിഡാനന്തരം പ്രവാസികൾക്കായി മറ്റെന്തെല്ലാം പദ്ധതികൾ ആണ് നോർക്ക ആവിഷ്‌കരിക്കുന്നത്? പ്രവാസികളോട് ഈ അവസരത്തിൽ എന്ത് സന്ദേശം ആണ് താങ്കൾക്ക് നൽകാൻ ഉള്ളത് ?

കോവിഡിന് ശേഷം കേരളത്തിൽ സേവന മേഖലയിൽ വലിയ തൊഴിലവസരങ്ങളും മറ്റും ഉയർന്നു വരുന്നത് കാണാതിരുന്നു കൂടാ, അതിനോട് പുറം തിരിഞ്ഞു നിൽക്കുകയല്ല, ചേർന്ന് നിൽക്കുകയാണ് നാം ചെയ്യേണ്ടത്. ഉദാഹരണത്തിന് കെ ഫോൺ, ഗ്രാമ – നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. യു എ ഇ യിലെ എത്തിസലാത് മാതൃകയിലുള്ള ഈ പദ്ധതി കേരളത്തിന്റെ വികസന രംഗത്ത് വലിയ വിപ്ലവങ്ങൾ സൃഷ്ട്ടിക്കും. ഇതിന്റെ ചുവട് പിടിച്ച നിരവധി പദ്ധതികൾ നോർക്ക ആവിഷ്ക്കരിച്ചു വരുന്നുണ്ട്.

കേരളത്തിന്റെ പുരോഗതിക്ക് ഉതകുന്നതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ മേഖലകളിൽ പ്രവാസി മലയാളികളുടെ നിക്ഷേപങ്ങൾ സ്വീകരിക്കാൻ രൂപീകരിച്ച കമ്പനി ആണ് ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി. വിനോദസഞ്ചാരം, വിമാനത്താവളം, തുറമുഖം, എൻ.ആർ.ഐ. ടൗൺഷിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നീ മേഖലകളിലെ മുപ്പത് പദ്ധതികളിൽ ആണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. മെഗാ പദ്ധതികളിൽ മാത്രമല്ല ചെറിയ ചെറിയ നിക്ഷേപങ്ങളും വരും കാലങ്ങളിൽ പ്രവാസികൾക്ക് കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കുകയും അത് വഴി അവരുടെ സാമ്പത്തിക സുരക്ഷാ ഉറപ്പു വരുത്താൻ കഴിയുകയും ചെയ്യും,

വിദേശത്ത് തൊഴിൽ തേടുകയും ശേഷം നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്യുന്നവരാണ് കേരളത്തിൽ നിന്നുള്ള പ്രവാസികൾ. ഈ രണ്ടു വിഭാഗത്തിന്റെയും പ്രശ്നം ഏറ്റെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളിലേക്ക് നോർക്കയുടെ പ്രവർത്തനം കൂടുതൽ എത്തിക്കും. വിദേശപൗരത്വം സ്വീകരിച്ച മലയാളികളെക്കൂടി അഭിസംബോധന ചെയ്യുന്ന പദ്ധതി ആവിഷ്‌കരിക്കും. നോർക്കയുടെ ടാഗ്‌ലൈൻ പോലെ തന്നെ നോർക്ക റൂട്സ് എന്നും പ്രവാസികളോടൊപ്പം തന്നെ ഉണ്ടായിരിക്കും.