ഇരട്ടയുടെ പിന്നിൽ: സംവിധായകൻ രോഹിത് എം ജി കൃഷ്ണൻ സംസാരിക്കുന്നു

ഒറ്റപ്പാലം മുഖ്യതപാൽ ഓഫീസിലെ പോസ്‌റ്റൽ അസിസ്‌റ്റന്റ്‌ എന്ന പദവിയിൽനിന്ന്‌ സമകാലീക മലയാള സിനിമയിലെ ഏറ്റവും വലിയ ചർച്ച വിഷയമായ ഒരു സിനിമയുടെ സംവിധായകൻ എന്ന നിലയിലേക്ക് മാറിയിരിക്കയാണ് രോഹിത്‌ എം ജി കൃഷ്‌ണൻ. ആദ്യ സിനിമയിൽ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കാൻ കഴിഞ്ഞതുതന്നെ ഒരു പുതുമുഖക്കാരന്‌ ലഭിക്കുന്ന വലിയ അംഗീകാരമാണ്‌. ജോജു ജോർജ് കേന്ദ്ര കഥാപാത്രമായ ഇരട്ട എന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ സംസാരിക്കുന്നു …..

പോസ്റ്റൽ അസിസ്റ്റന്റ് എന്ന നിലയിൽ നിന്നും ഷോർട് ഫിലിം സംവിധായകനാകുന്നു, പിന്നീട് ഫീച്ചർ ഫിലിം സംവിധായകൻ ആകുന്നു. മേൽ വിലാസം മാറുമ്പോൾ വ്യക്തിപരമായി അനുഭവിക്കുന്നത് എന്താണ് ?

മേൽവിലാസം മാറുമ്പോൾ വലിയ മാറ്റം ഫീൽ ചെയ്യുന്നില്ല, വ്യക്തിപരമായി ഈ സിനിമ കഴിഞ്ഞു, പ്രമോഷൻ പരിപാടികളും കഴിഞ്ഞു. ഇനി അടുത്ത സിനിമക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി അത്ര മാത്രമേ ഇപ്പോൾ ആലോചിക്കുന്നുള്ളു. ചെയ്യുന്നതെല്ലാം ആസ്വദിച്ച് ചെയ്യണം എന്ന് മാത്രമേ ഉള്ളു.

ഒരു ഗോഡ്ഫാദർ ഇല്ല, കുടുംബപരമായി സിനിമ പശ്ചാത്തലം ഇല്ല. എന്നിട്ടും ഇങ്ങനെ ഒരു ഏരിയ തെരഞ്ഞെടുക്കാനുള്ള ( പ്രത്യേകിച്ച് ഇത് ഒരു ടഫ് ടാസ്ക് ആണെന്ന് അറിഞ്ഞിട്ടും) സംവിധാനം തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ?

ഗോഡ്ഫാദർ ഇല്ലാത്ത സിനിമ പശ്ചാത്തലം ഇല്ലാത്ത ധാരാളം പേർ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ട്, എന്നെ സംബന്ധിച്ച് ചെറുപ്പം മുതൽ ഏറ്റവും സന്തോഷം തരുന്ന ഒരു ഏരിയ സിനിമ ആണ്. സിനിമയെ കുറിച്ച് സംസാരിക്കുക, സിനിമ കാണുക, ഇതൊക്കെ വലിയ ഇഷ്ടമാണ്. എന്റെ കാരക്ടറിന് ഫിറ്റ് ആയത് എഴുത്തും, സംവിധാനവും ആണ് എന്ന് തോന്നിയത് കൊണ്ട് ആണ് ഇങ്ങനെ ഒരു ശ്രമം നടത്തിയത്

ആദ്യ സിനിമക്ക് തന്നെ തിരക്കഥ രചിക്കാൻ തീരുമാനിക്കുന്നു ? അത്ര മേൽ കോണ്ഫിണ്ടന്റ് ആണോ , ഒരു ഫിലിം മേക്കർ എന്ന നിലയിൽ ?

ആദ്യ സിനിമക്ക് ഞാൻ തന്നെ തിരക്കഥ എഴുതണം എന്ന് എനിക്ക് യാതൊരു നിര്ബന്ധവും ഉണ്ടായിരുന്നില്ല പക്ഷെ ടോറെന്റിനോ മുൻപ് പറഞ്ഞിട്ടുണ്ട് അദ്ദേഹം തിരക്കഥ എഴുതിയത് വേറെ എഴുതി കൊടുക്കാൻ ആളുകൾ ഇല്ല എന്ന കാരണം കൊണ്ടാണെന്ന്, അതെ അവസ്ഥ തന്നെ ആണ് എനിക്കും അനുഭവപ്പെടുന്നത്. ഞാൻ ഒരു സംവിധായകൻ ആകാൻ തീരുമാനിക്കുമ്പോൾ എനിക്കും എഴുതി തരാൻ ആരും ഇല്ല, അത് കൊണ്ടാണ് രണ്ടു ജോലിയും അതായത് തിരക്കഥയും സംവിധാനവും ഞാൻ തന്നെ ഏറ്റെടുത്തത്.

ഇരട്ടയിലേക്കു വന്നതിനെ കുറിച്ച് ? ജോജു ജോർജ് എന്ന ആക്ടറെ കണ്മുന്നിൽ കണ്ട എഴുതിയ  സ്ക്രിപ്ട് ആണോ അത് ?നവമാധ്യമങ്ങളിൽ അങ്ങനെ പല അഭിപ്രായങ്ങൾ വരുന്നുണ്ട്.

സ്ക്രിപ്റ്റിന്റെ ആദ്യത്തെ വേർഷൻ വർക്ക് ചെയ്യുമ്പോ അങ്ങനെ ഓപ്‌ഷൻ ഉണ്ടായിരുന്നില്ല. ഒരു ചെറിയ സിനിമ ആണ് ചെയ്യാം എന്നായിരുന്നു പ്ലാൻ. എന്നാൽ സിനിമയുടെ പല ലയേഴ്‌സ് വർക്ക് ചെയ്ത് വന്നപ്പോ ജോജു ജോർജ് ഒരു നല്ല സെലെക്ഷൻ ആയിരിക്കും എന്ന് തോന്നി, അദ്ദേഹവുമായി ബന്ധപ്പെട്ടു, പിന്നീട് പ്രൊഡക്ഷനിലും അദ്ദേഹം ഇൻവോൾവ്ഡ് ആയി. തീർച്ചയായും മുൻ അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ പോലെ തന്നെ ഒരു നടനെയും കണ്ടു എഴുതിയ ഒരു സ്ക്രിപ്ട് അല്ല ഇത്

ഫീൽ ഗുഡ് സിനിമകൾ വളരെ പോപ്പല്ലർ ആകുന്ന ഒരു കാലത്ത് ആദ്യ സിനിമ തന്നെ വളരെ Haunting ആയി, പ്രേക്ഷകർക്ക് ഒരു ഡിസ്റ്റർബിങ് ഫീൽ നൽകുന്ന ചിത്രം ചെയ്യാം എന്ന് തീരുമാനിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ?

സമീപ കാലത്ത് ഫീൽ ഗുഡ് സിനിമകൾ പോപ്പുലർ ആണ് സംശയം ഒന്നുമില്ല, എന്നാൽ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഒരു പ്രേക്ഷകന് എന്ന നിലയിൽ സിനിമ കണ്ടിറങ്ങുമ്പോൾ ഒരു കഥാപാത്രമോ, സിനിമയുടെ ഇമോഷനോ പ്രേക്ഷകനെ പിന്തുടരണം.

ഈ ജോണറിൽ മലയാളത്തിൽ അധികം സിനിമകൾ വന്നതായി എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ‘ ഒരു ഷോക്കിങ്’ ആകുന്ന എക്സ്പീരിയൻസ്. അത് ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്.. തിയേറ്റർ ഓർ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ കൂടെ എന്റെ സിനിമയും, അതിലെ കഥാപാത്രവും കുറച്ചു കാലം സഞ്ചരിക്കും. അതാണ് ഞാൻ ഉദ്ദേശിക്കുന്നതും.

ഓൾഡ് ബോയ്, ഉത്തരം, പത്മരാജന്റെ മൂവന്തി എന്ന കഥ, നവമാധ്യമങ്ങളിൽ ഇരട്ടയുമായി ബന്ധപ്പെട്ടു വന്ന ചർച്ചകളിൽ ഈ സിനിമകളും കഥകളും ഉയർന്നു വന്നിട്ടുണ്ട്? എന്തായിരുന്നു ഇരട്ടയുടെ പ്രചോദനം ? ആരെങ്കിലെയും മാതൃക ആക്കാൻ ശ്രമിച്ചിട്ടുണ്ടോ ?

ഓൾഡ് ബോയ്, ഉത്തരം ഈ രണ്ടു സിനിമകളും ഞാൻ കണ്ടതാണ്. പത്മരാജന്റെ മൂവന്തി എന്ന കഥ ഞാൻ വായിച്ചിട്ടില്ല, നേരത്തെ നവമാധ്യമങ്ങളിൽ ഇരട്ടയുമായി ബന്ധപ്പെട്ടു വന്ന മറ്റു രണ്ട ചിത്രങ്ങൾ ഇൻസെൻഡീസ്‌, പിന്നെ നോ മേഴ്‌സി ആണ്. ഈ ചിത്രങ്ങളും ഞാൻ കണ്ടതാണ്. സൂക്ഷമമായി പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും ഈ ചിത്രങ്ങൾ തമ്മിൽ യാതൊരു സാമ്യവും ഇല്ല. ആകെ ഉള്ള ഒരു കോമ്മൺ ഫാക്ടർ ക്‌ളൈമാക്‌സിൽ പ്രേക്ഷകന് ഒരു വേദന സമ്മാനിക്കുന്നു എന്ന് മാത്രമാണ്.

ഇരട്ടയുടെ പ്രചോദനം ചെറിയ ബജറ്റിൽ ഒറ്റ ലൊക്കേഷനിൽ ഒരു സിനിമ ചെയ്യണം എന്ന എന്റെ ആഗ്രഹം മാത്രമാണ്. ഒരു പോലീസ് സ്റ്റേഷൻ മാത്രം പശ്ചാത്തലമാക്കിയതും അത് കൊണ്ട് തന്നെ ആണ്. ഹിച്കോക് സിനിമകളുടെ കടുത്ത ആരാധകൻ ആണ് ഞാൻ. അദ്ദേഹത്തിന്റെ കഥ പറച്ചിൽ രീതി വളരെ എക്സൈറ്റിങ് ആണ്. ആളുകൾ എല്ലാം ഒരേ ലൈനിൽ സഞ്ചരിക്കുമ്പോൾ പക്ഷെ സംവിധായകൻ ഒരു പാരലൽ രീതിയിൽ ആകും കഥ മുന്നോട്ട് കൊണ്ട് പോകുന്നതും അവസാനിപ്പിക്കുന്നതും. പ്രേക്ഷകന് ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ മാത്രം ആയിരിക്കും റിയലൈസ് ചെയ്യുക ഈ ചിത്രത്തിന്റെ കഥാഗതി ഇങ്ങനെ ആണെന്ന്.

ഇനിയുള്ള സിനിമകളെ കുറിച്ചുള്ള ചിന്തകൾ എങ്ങനെ ആണ് ? നോ പ്ലാൻ ടു ചേഞ്ച് ആൻഡ് ഇമ്പ്രസ്സ് എന്ന ലിജോ ജോസ് ലൈൻ ആണോ ? രോഹിത്തിന്റെ പേഴ്‌സണൽ ചോയ്സിന് അനുസരിച്ചുള്ള സിനിമകൾ മാത്രമേ ഉണ്ടാക്കാൻ താല്പര്യമുള്ളു ?

ഇനിയുള്ള സിനിമകളെ കുറിച്ചുള്ള ചിന്തകൾ വളരെ വ്യത്യസ്തമാണ്. ഇരട്ട പോലെ ഉള്ള അതെ ജോണറിൽ തന്നെ ഒരു സിനിമ ചെയ്യണം എന്ന് താല്പര്യമൊന്നുമില്ല. ഒരുപക്ഷെ പ്രേക്ഷകന് ഇമോഷണലി കണക്ട് ആകുന്ന, ഫീൽ ഗുഡ് ആകുന്ന, പ്രണയം തോന്നുന്ന, സന്തോഷം നൽകുന്ന ഒരു സബ്ജക്ട് ചെയ്യാൻ താൽപ്പര്യം ഉണ്ട്.

രോഹിത്തിന്റെ ഇഷ്ട സിനിമകൾ, സംവിധായകർ

12 Angry men, The Shawshank Redemption, Fight Club, മലയാളത്തിൽ ആണെങ്കിൽ ബോയിങ് ബോയിങ്, യവനിക, പഞ്ചവടിപ്പാലം, നരസിംഹം പോലെയുള്ള സിനിമകൾ ഇഷ്ട്ടമാണ്. പെട്ടെന്ന് തോന്നിയ സിനിമകൾ പറഞ്ഞു എന്ന് മാത്രമേ ഉള്ളു, ഇത്തരത്തിൽ വരുന്ന പോപ്പുലർ സിനിമകൾ എല്ലാം ഇഷ്ട്ടമാണ്. നേരത്തെ പറഞ്ഞ പോലെ ആൽഫ്രെഡ് ഹിച്കോക് വലിയ ആരാധന ഉള്ള സംവിധായകൻ ആണ്. അത് പോലെ സ്റ്റീഫൻ കിങ്ങിന്റെ സിനിമകൾ, ഡേവിഡ് ഫിഞ്ചറിന്റെ സിനിമകൾ . മലയാളത്തിൽ പ്രിയദർശൻ, ലിജോ ജോസ് പല്ലിശേരി ഒക്കെ ഇഷ്ടപ്പെട്ട സംവിധായകർ ആണ്.

ഇരട്ട ഒരു രചയിതാവ് എന്ന നിലയിൽ ജോജു അല്ലെങ്കിൽ മറ്റൊരു ഓപ്‌ഷൻ ആലോചിച്ചിരുന്നോ? 

സിനിമയുടെ ആദ്യ ഘട്ടത്തിൽ മറ്റു പല ആലോചനകളും ഉണ്ടായിരുന്നു. എന്നാൽ തിരക്കഥ ഡിമാൻഡ് ചെയ്യുന്ന ഒരു കേന്ദ്രകഥാപാത്രത്തിനു ജോജു ജോർജ് അല്ലാതെ മറ്റൊരു ഓപ്‌ഷൻ ഇല്ല എന്ന ഘട്ടം വന്നപ്പോൾ അദ്ദേഹവുമായി സംസാരിക്കുകയും, വലിയ താൽപ്പര്യത്തോടെ സിനിമയുടെ പ്രൊഡക്ഷൻ സൈഡിൽ അടക്കം അദ്ദേഹം സജീവമാകുകയും ചെയ്തു. വളരെ ഗംഭീരമായി ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു എന്ന് തന്നെ ആണ് ഞാൻ കരുതുന്നത്.

ചിത്രവുമായി സഹകരിച്ച ടെക്നിക്കൽ അംഗങ്ങളെ കുറിച്ച് പറയാമോ ?

ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് ആണ്. അദ്ദേഹം ഒരു പുതിയ സിനിമോട്ടോഗ്രാഫർ ആണ്. നേരത്തെ ഷൈജു ഖാലിദ്, സമീർ താഹിർ പോലെയുള്ള പ്രഗത്ഭരായ ടെക്‌നീഷ്യൻസിന്റെ അസ്സോസിയേറ്റ് ആയിരുന്നു. എഡിറ്റർ മനു ആന്റണി, ഇരുവരും ഗംഭീരമായി വർക്ക് ചെയ്തിട്ടുണ്ട് എന്നാണു ഞാൻ കരുതുന്നത്. സംഗീത സംവിധാനം ചെയ്ത ജേക്സ് ബിജോയ്, കോസ്റ്റിയയൂം ചെയ്ത സമീറ സനീഷ്, ആർട് മേഖല കൈകാര്യം ചെയ്ത ദിലീപ് നാഥ്, റോണക്സ് സേവിയർ തുടങ്ങിയവർ എല്ലാവരും അവരുടെ ജോലികൾ ഭംഗിയാക്കി എന്ന് തന്നെ കരുതുന്നു.

ചിത്രത്തിലെ ഒരു ആക്ഷൻ രംഗം സാബുമോനും, ജോജുവുമായി ഉള്ളത് ഏറെ ചർച്ച ആയിട്ടുണ്ട് ? അടുത്ത കാലത്ത് മലയാള സിനിമയിൽ വന്ന ഒരു റിയലിസ്റ്റിക് ആക്ഷൻ രംഗമായി പലരും വിലയിരുത്തുന്നു. ആ രംഗത്തെ കുറിച്ച്

ആ രംഗം ഒറ്റ ഷോട്ട് ആയിട്ടാണ് പ്ലാൻ ചെയ്തത്. എന്നാൽ രണ്ടു ഷോട്ടിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. രാവിലെ മുതൽ നമ്മൾ ഷൂട്ടിങ് സ്പോട്ടിൽ വന്ന് സെറ്റ് ചെയ്ത്, ഫൈറ്റ് കൊറിയോഗ്രാഫ് ചെയ്ത്, ക്യാമറ മാൻ വിജയ് റിഹേഴ്സൽ എടുത്തു. ജോജു ചേട്ടനും, സാബു ചേട്ടനും ഏതാണ്ട് വൈകുന്നേരം മൂന്നോ നാലോ മണി വരെ ഈ ഷോട്ടിന് വേണ്ടി പ്രാക്ടീസ് ചെയ്തു. ഇരുവരും നല്ല എഫേർട് ഇട്ടിട്ടുണ്ട്, അവരുടെ എഫ്‌ഫോർട്ടും, ക്യാമറമാൻ വിജയിയുടെ ഡെഡിക്കേഷനും ആണ് ആ രംഗം അത്രമേൽ ശ്രദ്ധേയമാക്കിയത്.