ഇംഗ്ലണ്ടിലെ കോവിഡ് നിയമങ്ങൾ മാറ്റുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ

ജൂലൈ 19 ന് ഇംഗ്ലണ്ടിൽ അവശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ നീക്കുമെന്ന ബോറിസ് ജോൺസന്റെ തീരുമാനത്തെത്തുടർന്ന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്ന് മുതിർന്ന ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഡൌണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറക്കാമെന്നും സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ ഉപേക്ഷിക്കുമെന്നും മാസ്ക് ധരിക്കുന്നത് ഇനി നിയമപരമായി നടപ്പാക്കില്ലെന്നും പറയുകയായിരുന്നു.

“എക്സിറ്റ് വേവ്” ഒരു ദിവസം 200 ലധികം മരണങ്ങൾക്കും ആയിരക്കണക്കിന് ആശുപത്രിവാസങ്ങളിലേക്കും നയിച്ചേക്കാമെന്നാണ് സർക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ ഇതിനകം മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്. സയന്റിഫിക് പാൻഡെമിക് ഇൻഫ്ലുവൻസ ഗ്രൂപ്പ് ഓൺ മോഡലിംഗ് (എസ്‌പി‌ഐ-എം) ന്റെ മോഡലുകൾ സൂചിപ്പിക്കുന്നത് ഒരു ദിവസം 400 മരണങ്ങൾ എന്നാണ്. ജനസംഖ്യയുടെ നല്ലൊരു ഭാഗത്തിന് ഇപ്പോഴും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടില്ലെന്നും ഈ തീരുമാനത്തിൽ മുന്നോട്ട് പോകുന്നത് വൈറസിന്റെ പിടി മുറുകാൻ കാരണമാകുമെന്നും ഉത്തരവാദിത്തമില്ലാത്തതും വ്യക്തമായും അപകടകരവുമാണ് ജൂലൈ 19 ന് ശേഷിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതിയെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൗൺസിൽ ചെയർമാനായ ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു.

‘നിയന്ത്രണങ്ങളില്ലാതെ എല്ലാം സാധാരണ നിലയിൽ എത്തേണ്ടതുണ്ടെന്നും അത് ചെയ്യാൻ അങ്ങനെ പ്രത്യേക സമയം ഇല്ല എന്നും ട്രഷറിയുടെ ചീഫ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ പറഞ്ഞു. പഴയ അവസ്ഥ തിരികെ ലഭിക്കേണ്ടതുണ്ട്. ആളുകൾ സ്വന്തം തീരുമാനങ്ങലെടുക്കുകയും വിവേകമുള്ളവരായിരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.