രാജ്ഞിയുടെ രഹസ്യ ലോബിയിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച് സ്കോട്ടിഷ് സർക്കാർ

രാജാവ് പരസ്യമായി സ്വീകരിക്കുന്ന “രാഷ്ട്രീയ നിഷ്പക്ഷതയുടെ രൂപം” ദുർബലപ്പെടുത്തുമെന്നതിനാൽ മന്ത്രിമാരോടൊത്തുള്ള രാജ്ഞിയുടെ രഹസ്യ ലോബിയിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ സ്കോട്ടിഷ് സർക്കാർ വിസമ്മതിക്കുന്നു. ഹരിത ഊർജജവുമായി ബന്ധപ്പെട്ട ഒരു ബിൽ ഭേദഗതി ചെയ്യാൻ രാജ്ഞി ആഗ്രഹിക്കുന്നതിന്റെ വിശദീകരണം അടങ്ങുന്ന രാജ്ഞിയുടെ സ്വകാര്യ കത്തുകൾ പുറത്തുവിടാൻ സിവിൽ സർവീസുകാർ വിസമ്മതിച്ചത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. കാർബൺ ഉൽപാദനം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന സംരംഭത്തിൽ നിന്ന് തന്റെ സ്വകാര്യ ഭൂമിയെ ഒഴിവാക്കാൻ ഒരു കരട് നിയമം മാറ്റാൻ ഫെബ്രുവരിയിൽ രാജ്ഞിയുടെ അഭിഭാഷകർ സ്കോട്ടിഷ് മന്ത്രിമാരോട് വിജയകരമായി സമ്മർദ്ദം ചെലുത്തിയിരുന്നു.

ഈ വർഷത്തെ ഹീറ്റ് നെറ്റ്‌വർക്ക് ബില്ലിൽ രാജ്ഞിക്ക് നൽകിയ ഇളവ്, സ്കോട്ടിഷ് ലിബറൽ ഡെമോക്രാറ്റ് ഗവേഷകയായ ലില്ലി ഹംഫ്രീസ് വിവരാവകാശ നിയമപ്രകാരം നേടിയ രേഖകളിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇളവ് എങ്ങനെയാണ് രാജ്ഞിക്ക് ലഭിച്ചത് എന്നതിലേക്ക് വെളിച്ചം വീശുന്ന കൂടുതൽ രേഖകളുടെ പ്രസിദ്ധീകരണം സ്കോട്ടിഷ് സർക്കാർ തടഞ്ഞു. പൊതുജനങ്ങളുമായി സുതാര്യമാകുന്നതിനേക്കാൾ സ്കോട്ടിഷ് സർക്കാർ രാജ്ഞിയുമായുള്ള സ്വകാര്യ ചർച്ചകൾ സംരക്ഷിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്ഞിയും സർക്കാരും തമ്മിലുള്ള കത്തിടപാടുകൾ രഹസ്യ സ്വഭാവമുള്ളതാണെന്ന ദീർഘകാല ഭരണഘടനാ കൺവെൻഷൻ നിലനിർത്താൻ ശക്തമായ പൊതു താൽപ്പര്യമുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലത്തെ സംവിധാനത്തിന് കീഴിൽ, രാജ്ഞിക്ക് തന്റെ സ്വകാര്യ സ്വത്തിനെയും ബിസിനസ്സ് താൽപ്പര്യങ്ങളെയും രാജാവെന്ന നിലയിലുള്ള പൊതു ചുമതലകളെയും ബാധിക്കുന്ന കരട് നിയമങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും. രാജ്ഞി അംഗീകരിക്കുന്നതുവരെ ഈ നിയമങ്ങൾ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് പാസാക്കാൻ കഴിയില്ല. ലിബറൽ ഡെമോക്രാറ്റുകൾ ഈ അധികാരങ്ങൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളിറൂഡിൽ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചു. എം‌എസ്‌പിമാർ വോട്ടുചെയ്യുന്നതിന് മുമ്പ് നിയമനിർമ്മാണം പരിശോധിക്കാനും ബില്ലുകൾ മാറ്റാനും രാജ്ഞിയെ എത്ര തവണ അനുവദിച്ചുവെന്ന് സ്കോട്ടിഷ് സർക്കാരിനോട് അദ്ദേഹം ചോദിച്ചു.