‘ഇവിടെ വിദ്വേഷത്തിന് ഇടമില്ല’; കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തിന് പിന്തുണയുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി: ശ്രദ്ധേയമായി കാനഡയിലെ കൂറ്റൻ റാലി!

കാനഡയിൽ വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തിന് പിന്തുണയുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ഒന്‍റേറിയോയിലെ ലണ്ടനിലാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി നടന്നത്. കുടുംബം ആക്രമണത്തിന് ഇരയായ സ്ഥലത്തു നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം ജനങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. ‘ഇവിടെ വിദ്വേഷത്തിന് സ്ഥാനം ഇല്ല’, ‘വെറുപ്പിന് പകരം സ്നേഹം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാര്ഡുകളുമേന്തിയാണ് പ്രതിഷേധക്കാർ അണി നിരന്നത്. ഒന്‍റേറിയോയിലെ സ്കാർബറോയിൽ ഒത്തു കൂടിയ ഡസൻ കണക്കിന് കമ്മ്യൂണിറ്റി നേതാക്കളും പ്രദേശവാസികളും ഒരു പ്രാദേശിക പാർക്കിൽ ഒത്തുകൂടി കുടുംബത്തിന്റെ സ്മരണയ്ക്കായി പൂക്കൾ സമർപ്പിച്ചും, മെഴുകുതിരി കത്തിച്ചും ഐക്യദാർഢ്യം രേഖപ്പെടുത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്ലാംമത വിശ്വാസികള്‍ ആയതിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയത്. ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിരോധമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. കാനഡയിലെ പ്രധാനനഗരമായ ടൊറന്റോയില്‍നിന്ന് 200 കിലോമീറ്റര്‍ മാറിയുള്ള ചെറുപട്ടണമായ ലണ്ടനില്‍ അറബ് വംശജരാണ്‌ ഏറ്റവും വലിയ ന്യൂനപക്ഷം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യക്കാരാണ് രണ്ടാമത്.

ആക്രമണത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച ഒണ്ടാരിയോ പ്രിമിയര്‍ ഡഗ് ഫോര്‍ഡ് കാനഡയില്‍ ഇസ്ലാംവിദ്വേഷണത്തിന് ഇടംനല്‍കില്ലെന്ന് വ്യക്തമാക്കി. 2017ല്‍ ക്യുബക്കിലെ പള്ളിയില്‍ ആറു പേരെ കൊലപ്പെടുത്തിയ ശേഷം കാനഡയില്‍ മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. മുസ്ലിംവിദ്വേഷം വമിക്കുന്ന ഒട്ടേറെ സന്ദേശങ്ങള്‍ സമീപകാലത്തായി കാനഡയില്‍ പ്രചരിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോട്ട് ചെയ്തിട്ടുണ്ട്.