പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞ് ആശുപത്രികൾ; ഹെയ്തി ഭൂകമ്പത്തിൽ 1297 പേർ മരിച്ചു

ഭൂകമ്പത്തിൽ പരിക്കേറ്റ ആയിരങ്ങളെ കൊണ്ട് നിറഞ്ഞ് ഹെയ്തിയിലെ ആശുപത്രികൾ. ഇതുവരെ 1297 മരണങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. 7.2 മഗ്‌നിറ്റ്യൂഡ് രേഖപ്പെടുത്തിയ കമ്പനത്തിൽ ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നു.കഴിഞ്ഞ മാസം അജ്ഞത സംഘം പ്രസിഡന്റിനെ കൊലപ്പെടുത്തിയതിനെ തുടർന്ന് കടുത്ത അനിശ്ചിതത്വത്തിലാണ് ഹേയ്തി. അതിനിടെയാണ് മറ്റൊരു ദുരന്തം സംഭവിച്ചിരിക്കുന്നത്.

1297 പേർക്ക് ജീവൻ നഷ്ടപ്പെട്ടതയും 5700 പേർക്ക് പരിക്കേറ്റതായും സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. വടക്ക് പടിഞ്ഞാറൻ നഗരമായ ജെറെമിയിലാണ് ഭൂചലനം കൂടുതൽ നാശം വിതച്ചത്. ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നതിനാൽ തെരുവുകളിലും മറച്ചുവട്ടിലുമെല്ലാമാണ് രോഗികളെ ചികിൽസിക്കുന്നത്. ഇതേസമയം ഹേയ്തി മറ്റൊരു പ്രധാന പ്രശ്നത്തെ നേരിടുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക രംഗം താറുമാറായിരുന്നു, ഇതിന്റെ പ്രതിഫലന്മായി ഗുണ്ടാ സംഘങ്ങളുടെ അക്രമവും കവർച്ചയും രാജ്യത്ത് പതിവായിരിക്കുന്നു. അതിനിടെയാണ് പ്രസിഡന്റ് കൊല്ലപ്പെടുന്നത്. ഇതെല്ലാം ചേർന്ന് സ്ഥിതിഗതികൾ സങ്കീർണമാക്കിയിരിക്കുന്നു.

ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻറി ദുരന്ത മേഖലകൾ സന്ദർശിച്ചു. മെക്സിക്കോ, ഡോമിനിക്കൻ റിപ്പബ്ലിക്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മരുന്നും ഭക്ഷണവും വിമാന മാർഗം ഹെയ്തിയിൽ എത്തിക്കും. ഹെയ്തിയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാൻ പോപ്പ് ഫ്രാൻസിസ് ലോക രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.