ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് ജര്‍മനിയും ബെല്‍ജിയവും; പടിഞ്ഞാറൻ യൂറോപ്പിൽ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം

യൂറോപ്പിനെ കണ്ണീരിലാഴ്ത്തിയ ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ജര്‍മനിയും ബെല്‍ജിയവും. ബെല്‍ജിയത്തിന്റെ കിഴക്കന്‍ മേഖലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. പടിഞ്ഞാറൻ യൂറോപ്പിൽ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം ആണിതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. മരണസംഖ്യ 180കവിഞ്ഞു. 1500 ഓളം പേരെ കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും വാഹനങ്ങളും റോഡില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങളും സൈന്യം തുടരുകയാണ്.

പ്രളയം ഏറ്റവുമധികം ബാധിച്ച പശ്ചിമ ജര്‍മന്‍ സംസ്ഥാനമായ റൈന്‍ലന്‍ഡ് പലാറ്റിനേറ്റില്‍ 90 പേരുടെ മരണം സ്ഥിരീകരിച്ചു. ആര്‍വൈലർ പ്രവിശ്യ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. ജര്‍മനിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ പുതുതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം 43 പേര്‍ ഇവിടെ മരിച്ചു. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലായതുകാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. ജൂലൈ 14നും 15 നും ഇടയില്‍ ജര്‍മ്മനിയില്‍ പെയ്തത് 100 മില്ലി മീറ്റര്‍ മുതല്‍ 150 മില്ലിമീറ്റര്‍ വരെ മഴയാണ്. രണ്ട് മാസത്തിനുള്ളില്‍ ജര്‍മ്മനിയില്‍ പെയ്ത മഴയാണ് രണ്ട് ദിവസത്തില്‍ പെയ്തത്. ഉയര്‍ന്ന പ്രദേശത്തെ തണുത്ത കാലവസ്ഥ കാരണം വലിയ തോതില്‍ മഴമേഘങ്ങളുടെ ബാന്‍റുകള്‍ സൃഷ്ടിക്കപ്പെട്ടതാണ് കടുത്ത മഴയ്ക്ക് കാരണമായത് എന്നാണ് കാലവസ്ഥ നിരീക്ഷകരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍പും യൂറോപ്പ് പ്രളയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും, പ്രളയത്തിന് കാരണമായ ജലത്തിന്‍റെ തോത്, അത് ഉണ്ടാക്കിയ നാശനഷ്ടങ്ങളും പരിഗണിച്ചാല്‍ ഇത്തവണത്തെ ജൂലൈ പ്രളയം പ്രത്യേകം പരിശോധിക്കേണ്ടിവരും എന്നാണ് ജര്‍മ്മന്‍ ശാത്രജ്ഞന്‍ സ്കെ സ്ക്രോട്ടര്‍ പറയുന്നത്.

നിനച്ചിരിക്കാത്ത പ്രളയത്തിൽ ബൽജിയത്തിലെ മരണസഖ്യ 31 ആയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദേശീയ ദുരന്ത പ്രതിരോധ കേന്ദ്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യൂറോപ്പിനെ ആകെ തകർത്തിരിക്കുന്ന പ്രളയത്തിൽ ബെൽജിയത്തിൽ മാത്രം 163പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതർ പറയുന്നു. നെതര്‍ലന്‍ഡ്സിലും മഴ കാര്യമായ നാശനഷ്ടങ്ങള്‍ക്കിടയാക്കി.

ശാസ്ത്രീയമായി ഉറപ്പിക്കാനായിട്ടില്ലെങ്കിലും മിന്നല്‍ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാ​ഗമാകാമെന്നാണ് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രളയം ജര്‍മനിയെയും അയല്‍ രാജ്യങ്ങളെയും തകര്‍ത്തിരിക്കുന്നത്. ഇത്തരം പ്രകൃതി പ്രക്ഷോഭങ്ങള്‍ യൂറോപ്, യുഎസ്, ക്യാനഡ, സൈബീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇനിയും ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പുകള്‍.