ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം. ശക്തമായ മത്സരത്തിനൊടുവില്‍ 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമായത്. പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് പുതിയ പ്രാധാനമന്ത്രി. നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി യമിനയുടെ നേതാവുമാണ് നാഫ്തലി ബെനറ്റ്.
അടിയന്തിര കെനെസ്സെറ്റ് ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നാഫ്തലി ബെനറ്റും മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യെയിര്‍ ലാപിഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പ്രധാനമന്ത്രിപദത്തിലെ ആദ്യ ഊഴം നാഫ്തലിക്ക് ആയിരിക്കും. 2023 സെപ്റ്റംബര്‍ വരെ ആയിരിക്കും നാഫ്തലിയുടെ കാലാവധി. അതിനു ശേഷമുള്ള രണ്ടുവര്‍ഷം ലാപിഡ് ഭരിക്കും. പ്രതിപക്ഷ നേതാവായ യെര്‍ ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടി ( 17 സീറ്റുകള്‍), നഫ്താലി ബെന്നറ്റ് നയിക്കുന്ന യമിന പാര്‍ട്ടി ( ഏഴ് സീറ്റ്), ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ( 8 സീറ്റുകള്‍), ഇസ്രായേല്‍ ബെയ്തിനു (ഏഴ് സീറ്റ്), ലേബര്‍ പാര്‍ട്ടി (ഏഴ് സീറ്റ് ), ന്യൂ ഹോപ് പാര്‍ട്ടി (ആറ് സീറ്റുകള്‍), മെര്ത്സ് (ആറ് സീറ്റ്), അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ റാം ( നാല് സീറ്റ്) എന്നി ഘടകക്ഷികളാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഒരു അറബ് സഖ്യ കക്ഷി സര്‍ക്കാരിലുള്‍പ്പെടുന്നതും ഇസ്രായേല്‍ രാഷട്രീയത്തിലെ അപൂര്‍വതയാണ്. ആശയപരമായി ഭിന്നാഭിപ്രായമുള്ളവയാണ് ഈ എട്ട് പാര്‍ട്ടികളും.
വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്കിലും ട്വിറ്ററിലും നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയ ആളാണ് നെതന്യാഹു. അധികാരത്തില്‍നിന്ന് പുറത്തുപോകുന്നതോടെ അഴിമതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ നെതന്യാഹു വിചാരണ നേരിടേണ്ടി വന്നേക്കും.