അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും കേന്ദ്രമായി കാബൂൾ; വ്യോമപാത അടച്ചു, വിമാനസര്‍വീസുകള്‍ നിര്‍ത്തി: ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ ശ്രമങ്ങൾക്കായി ചർച്ചകൾ ആരംഭിച്ചു

കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചു. അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം തന്നെ അഫ്​ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. താലിബാൻ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്.

കാബൂൾ വിമാനത്താവളവും അഫ്ഗാൻ വ്യോമമേഖലയും അടച്ച ഗുരുതര സാഹചര്യം നേരിടാനുള്ള വഴികളാലോചിച്ച് ഇന്ത്യ. എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാനിലെ സുഹൃത്തുക്കളെയും എത്തിക്കാൻ അടിയന്തര പദ്ധതി തയ്യാറാക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ഇന്നലെ അടിയന്തരമായി ചേരാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ നാലു കോൺസുലേറ്റുകൾ അടച്ച് നേരത്തെ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ എംബസി അടയ്ക്കാൻ ഇതുവരെ തീരുമാനമില്ല. ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവരാൻ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയർ ഇന്ത്യ വിമാനം അയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ കാബൂൾ വിമാനത്താവളം അടച്ചതോടെ ഈ പദ്ധതി മുടങ്ങി. അഫ്ഗാൻ വ്യോമമേഖല അടച്ചതിനാൽ ഇതുവഴിയുള്ള എയർ ഇന്ത്യ വിമാനങ്ങളും ഗൾഫ് മേഖല വഴി തിരിച്ചുവിടുകയാണ്.

സ്ഥിതി ആലോചിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഇന്നലെ ദില്ലിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ഗനി സർക്കാരിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും എംപിമാരുമുണ്ടായിരുന്നു. വ്യോമസേനയ്ക്കും തയ്യാറായിരിക്കാനുള്ള നിർദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ ഉൾപ്പടെയുള്ള സുഹൃദ് രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്. താലിബാൻ ഇത്തവണ കടുത്ത ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

രാജ്യം വിടാനെത്തിയവരുടെ തിക്കിലും തിരക്കിലും കാബൂൾ വിമാനത്താവളം സംഘർഷഭരിതമായ, ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അയല്‍രാജ്യങ്ങളിലേക്ക് അടക്കം പായുകയാണ് ജനങ്ങള്‍. അതിനിടെ കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം ഉടൻ റദ്ദാക്കി. 1500 ഓളം ഇന്ത്യക്കാരാണ്‌ കാബൂളിലുള്ളത്‌. സംഘർഷം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട്‌ എത്രയുംപെട്ടെന്ന്‌ രാജ്യം വിടാൻ ഇന്ത്യൻ എംബസി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.