മേഘ രാജഗോപാലൻ, നീൽ ബേദി മാധ്യമപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സർ പുരസ്‌കാര ജേതാക്കളിൽ ഇന്ത്യൻ വംശജരും.

മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന (2021) അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജഗോപാൽ, നീൽ ബേദി എന്നവർ അർഹരായി. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ജേർണലിസം ബോർഡ് ആണ് പുലിറ്റ്സര്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വംശജരെ തേടി യുഎസ്സിലെ തന്നെ ഏറ്റവും വലിയ മാധ്യമപുരസ്കാരമായ പുലിറ്റ്സര്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മുസ്ലിങ്ങളെ തടഞ്ഞുവയ്ക്കുന്നതിനായി ചൈനയിലെ ഷിൻജിയാങ് മേഖലയിൽ രഹസ്യമായി നിർമ്മിച്ച ജയിലുകളുടെയും ബഹുജന തടങ്കൽപ്പാളയങ്ങളുടെയും അടിസ്ഥാനഘടന തുറന്നുകാട്ടിയ നൂതന അന്വേഷണ റിപ്പോർട്ടുകൾ ആണ് മേഘ രാജഗോപാലിനെ പുരസ്കാരത്തിനർഹയാക്കിയത്. യുഎസിന്റെ മികച്ച ജേണലിസം അവാർഡ് നേടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ബസ്ഫീഡ് ന്യൂസിൽ നിന്നുള്ള മേഘ.അത്തരം തടങ്കൽ ക്യാമ്പുകൾ നിലവിലില്ലെന്ന് ചൈന നിഷേധിച്ച സമയത്ത് മേഘ 2017 ൽ ആദ്യമായി ഒരു ക്യാമ്പ് സന്ദർശിച്ചിരുന്നു. അതിന്റെ പ്രതികരണമായി ഭരണകൂടം മേഘയുടെ വിസ റദ്ദാക്കുകയും ഒപ്പം രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. നിശ്ശബ്ദയാകാൻ തയ്യാറാകാതെ മേഘ രണ്ടു സഹായകരെ കൂടെ കൂട്ടി തന്റെ മാധ്യമ പ്രവർത്തനം ലണ്ടനിൽ തുടർന്നു. കെട്ടിടങ്ങളുടെ ആർകിടെക്ച്ചറിലും സാറ്ലൈറ്റ് ചിത്രങ്ങളിലും ഫോറൻസിക് അപഗ്രഥനം നടത്തുനനത്തിൽ വൈദഗ്ദ്ധ്യം നേടിയ അലിസൺ കില്ലിംങ്ങും ഡാറ്റാ ജേണലിസ്റ്റുകൾക്കായി ടൂളുകൾ നിർമിക്കുന്ന ക്രിസ്റ്റോ ബുഷെകും ആയിരുന്നു ആ രണ്ടു സഹായകർ.

ചൈനീസ് ഉദ്യോഗസ്ഥർ ദശലക്ഷക്കണക്കിന്  ഉയ്ഘർ, കസാഖ്, മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെ എവിടെയാണ് തടഞ്ഞു വെച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സിൻജിയാങ് മേഖലയിലെ ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങൾ അവർ മൂന്നുപേരും ചേർന്ന് വിശകലനം ചെയ്യുകയും സെൻസർ ചെയ്ത ചൈനീസ് ചിത്രങ്ങളെ സെൻസർ ചെയ്യാത്ത മാപ്പിംഗ് സോഫ്റ്റ്വെയറുമായി താരതമ്യപ്പെടുത്തി, 50,000 ലൊക്കേഷനുകളുടെ ഒരു വലിയ ഡാറ്റാസെറ്റിൽ നിന്നും ലഭ്യമായ മറ്റ് തെളിവുകളോടൊപ്പം നിരവധി സൈറ്റുകൾ പരിശോധിച്ച് ആയിരക്കണക്കിന് ചിത്രങ്ങളിലൂടെ ഓരോന്നായി കടന്നുപോയി ഉറപ്പുള്ള തടങ്കൽപ്പാളയങ്ങളായി കാണപ്പെടുന്ന 260 ലധികം കെട്ടിടങ്ങൾ തിരിച്ചറിയുകയും ചെയ്തു.
ചൈനയിൽ നിന്ന് വിലക്കപ്പെട്ട മേഘ അയൽ രാജ്യമായ കസാക്കിസ്ഥാനിലേക്ക് പോയി, അവിടെ അഭയാർഥികളായെത്തിയ സിൻജിയാങ് ക്യാമ്പുകളിൽ തടവുകാരായിരുന്ന രണ്ട് ഡസനിലധികം ആളുകളെ കണ്ടെത്തുകയും, അവരുടെ വിശ്വാസം നേടി അവരുടെ അനുഭവവിവരണങ്ങൾ ലോകവുമായി പങ്കിടാൻ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഇരുപത്തിയൊന്ന് വിഭാഗങ്ങളിലാണ് പുലിറ്റ്‌സർ പുരസ്കാരങ്ങൾ വർഷം തോറും നൽകുന്നത്. ഇരുപത് വിഭാഗങ്ങളിൽ, ഓരോ വിജയിക്കും ഒരു സർട്ടിഫിക്കറ്റും 15,000 യുഎസ് ഡോളർ ക്യാഷ് അവാർഡും ലഭിക്കും. പബ്ലിക് സർവീസ് വിഭാഗത്തിലെ വിജയിക്ക് സ്വർണ്ണ മെഡൽ നൽകും. ഫ്ലോറിഡയിൽ കുട്ടികളെ കണ്ടെത്തുന്നതിനായി ലോ എൻഫോഴ്‌സ്‌മെന്റ് അധികാരികൾ നടത്തുന്ന ദുർവ്യവഹാരങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിന് ‘ടാംപ ബേ ടൈംസിൽ’ നീൽ ബേദി എഴുതിയ അന്വേഷണ പരമ്പരയ്ക്കാണ് പുരസ്കാരം.. ബ്രേക്കിങ് ന്യൂസിനുള്ള പുരസ്കാരം സ്റ്റാർ ട്രിബ്യൂൺ കരസ്ഥമാക്കി. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം റിപ്പോർട്ട് ചെയ്തതിനാണ് പുരസ്‌കാരം. കോവിഡ് പശ്ചാത്തലത്തിൽ ഈ തവണയും ഓണ്‍ലൈനായാണ് പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടർച്ചയായ റിപ്പോർട്ടുകൾക്കാണ് സ്റ്റാര്‍ ട്രിബ്യൂണിന് പുരസ്‌കാരം ലഭിച്ചത്. അനീതിക്കെതിരെയുള്ള മാധ്യമ ഇടപെടലിന്റെ ഉദാത്ത മാതൃകയാണിതെന്ന് അവാർഡ് ദാന സമിതി വിലയിരുത്തി. ജോർജ് ഫ്ലോയിഡിന്റെ മരണ ശേഷമെടുത്ത അമേരിക്കൻ നഗര ചിത്രങ്ങളാണ് അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറെ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്.

അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റൺ ഗ്ലോബിലെ അഞ്ച് മാധ്യമ പ്രവർത്തകർ പങ്കിട്ടു. കോവിഡ് കാലത്തെ സ്‌പെയിനിലെ വൃദ്ധ ജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മാധ്യമ മേഖലയിൽ നിന്നല്ലാതെ മറ്റൊരാൾ കൂടി ഈ തവണ പുലിറ്റ്സര്‍ അംഗീകാരത്തിന് അർഹയായി. ജോർജ് ഫ്ലോയിഡിന്റെ കൊലപാതക രംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച കൗമാരക്കാരി ഡാർനേല ഫ്രേസിയറിനാണ് പ്രത്യേക ജൂറി പരാമർശം. ഡാർനേലയുടെ ഇടപെടൽ പുതു തലമുറയ്ക്ക് മാതൃകയാണെന്ന് അവാർഡ് സമിതി പറഞ്ഞു. അതേസമയം മികച്ച കാർട്ടൂണിന് ഈ തവണ പുരസ്‌കാരം ഉണ്ടായിരുന്നില്ല. അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സറാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.