മാരക വൈറസ്സായ മാർബർഗ്: പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തുന്നത് ഇതാദ്യം!

ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് ബാധിച്ചു ഒരാൾ മരിച്ചു. ഗിനിയയിലെ നാഷണൽ ഹെമറജിക് ഫീവർ ലബോറട്ടറിയും സെനഗലിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെയും വിദഗ്ദരാണ് രോഗനിർണയം സ്ഥിരീകരിച്ചത്. എബോളക്ക് സമാനമായ ഒന്നാണ് മാർബർഗ് വൈറസും. കഴിഞ്ഞ ആഴ്ചയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ ആദ്യമായാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കിഴക്കാനാഫ്രിക്കയിൽ 1967 മുതൽ 12 മാർബർഗ് താരംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, അംഗോള, കെനിയ, ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിൽ മുൻപ് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗിനിയയുടെ മുൻകാല അനുഭവവും എബോള കൈകാരം ചെയ്യുന്നതിൽ പുലർത്തിയ വൈദഗ്ദ്യവും അടിസ്ഥാനമാക്കി ഉടൻ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ എബോള പകർച്ചവ്യാധിയുടെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തതും ഈ വനമേഖലയിൽ നിന്നാണ്.

കുരങ്ങ്, വവ്വാൽ മുതലായവയിലൂടെയാണ് വൈറസ് മനുഷ്യരിൽ എത്തുന്നത്. രോഗബാധയേറ്റ ശരീര ശ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് വൈറസ് പകരുന്നു. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും തലവേദന, പേശിവേദന, രക്തം ഛർദിക്കൽ, ദ്വാരങ്ങളിലൂടെയുള്ള രക്തസ്രാവം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.

കണ്ടെത്തൽ പ്രാദേശികതലത്തിലും മേഖലയിലും വെല്ലുവിളിയുയർത്തുന്നതാണെങ്കിലും ആഗോളതലത്തിൽ അപകടസാധ്യത കുറവാണെന്ന് ഡബ്ല്യു.എച്ച്.ഒ. ആഫ്രിക്കൻ മേഖലാ ഡയറക്ടർ മത്ഷിദിസോ മൊയ്തി പറഞ്ഞു. 1967-ൽ ജർമനിയിലെ മാൽബർഗ് പട്ടണത്തിൽ കണ്ടെത്തിയതിനാലാണ് വൈറസിന് ഇത്തരമൊരു പേരു ലഭിച്ചത്.