ഒമാനിൽ പെരുന്നാൾ അവധി ദിനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ

കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ ഈ മാസം ശനിയാഴ്ച മുതൽ ഓഗസ്റ്റ് എട്ടുവരെ രാത്രി കാലങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ സമയങ്ങളിൽ രാജ്യത്തെ പൊതുസ്ഥലങ്ങളും വ്യാപാര കേന്ദ്രങ്ങളുമെല്ലാം അടച്ചിടും. വാഹനഗതാഗതവും നിരോധിച്ചിട്ടുണ്ട്. പെരുന്നാൾ ദിനങ്ങളിലും ലോക്ഡൗണിന് ഇളവില്ലെന്ന് കോവിഡ് പ്രതിരോധിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റി വക്താവ് വെളിപ്പെടുത്തി. എല്ലാ ദിവസവും വൈകീട്ട് ഏഴിന് തുടങ്ങുന്ന ലോക്ഡൗൺ പിറ്റേന്ന് കാലത്ത് ആറ് വരെ തുടരും. ഈ സമയങ്ങളിലെ വാഹനഗതാഗതം, വ്യാപാരം എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. ജനം കൂട്ടം കൂടുന്ന പരിപാടികളെല്ലാം തടഞ്ഞിട്ടുണ്ട്. ഈദ് നമസ്കാരവും ഇതിൽ ഉൾപ്പെടും. പരമ്പരാഗത വ്യാപാരകേന്ദ്രങ്ങളും പ്രവർത്തിക്കാൻ അനുവദിക്കില്ല. കുടുംബങ്ങളുടേതുൾപ്പടെ എല്ലാതരം ഒത്തുചേരലുകൾക്കും വിലക്ക് ഏർപ്പെടുത്തിയതായും സുപ്രീം കമ്മിറ്റി അറിയിച്ചു.

അതെ സമയം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശനവിലക്ക് ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ടുണീഷ്യ, ലിബിയ, അർജന്റീന, ബ്രൂണെ ദാറുസ്സലാം എന്നീ രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ ഈജിപ്തിനെ പട്ടികയിൽ നിന്നും ഒഴിവാക്കി.