സ്‌പെയിനിൽ സ്വവർഗാനുരാഗിയെ അടിച്ചു കൊന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം

സ്വവർഗ്ഗാനുരാഗിയായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. ഈ ഭീകരമായ ഹോമോഫോബിക് ആക്രമണം രാജ്യത്തെ ഞെട്ടിക്കുകയും രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. 24 കാരനായ നഴ്സിംഗ് അസിസ്റ്റൻറ് സാമുവൽ ലൂയിസാണ് ഗാലിഷ്യൻ നഗരമായ എ കൊറൂണയിൽ അക്രമകാരികളാൽ മർദ്ധിക്കപ്പെട്ട് മരണമടഞ്ഞത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. എ കോറുണയിൽ താമസിച്ചിരുന്ന 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവർ. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാമെന്നും കേസിന്‍റെ എല്ലാ വസ്തുതകളും വ്യക്തമാകുന്നതുവരെ അന്വേഷണം തുടരുമെന്നും അന്വേഷണസംഘം പറഞ്ഞു.

ആക്രമണം സ്പെയിനിൽ ഉടനീളം വിരോധം സൃഷ്ടിക്കുകയും തിങ്കളാഴ്ച രാത്രി എ കൊറൂണ, മാഡ്രിഡ്, ബാഴ്‌സലോണ, വലൻസിയ, സലാമാങ്ക, ബിൽബാവോ, സരഗോസ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ “നിങ്ങളുടെ ഹോമോഫോബിയ ഞങ്ങളെ കൊല്ലുന്നു” എന്ന മുദ്രാവാക്യങ്ങളുമായി പ്രകടനം നടക്കുകയും ചെയ്തു. സ്‌പെയിനിന്റെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കൊലപാതകത്തെ അപലപിക്കുകയും ലൂയിസിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

എൽജിബിടിഐ ആളുകൾ ഇപ്പോഴും പീഡനത്തിന് ഇരയാകുന്നതിന്റെ തെളിവാണ് ആക്രമണം എന്ന് പ്രചാരകർ പറഞ്ഞു.യൂറോപ്യൻ യൂണിയൻ ഫോർ ഫണ്ടമെന്റൽ റൈറ്റ്സ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സ്പെയിനിൽ സർവേയിൽ പങ്കെടുത്ത 41% പേരും കഴിഞ്ഞ 12 മാസങ്ങളിൽ എൽജിബിടിഐ ആയിരുന്നതിന് എന്തെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങൾ അനുഭവിച്ചതായി കണ്ടെത്തി.