തലസ്ഥാനമായ കാബൂൾ താലിബാൻ സൈന്യം വളഞ്ഞതിനെ തുടർന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. സമാധാനപരമായ അധികാര കൈമാറ്റത്തിനായി തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനായി സർക്കാർ പ്രധിനിധി ദോഹയിലെത്തും.
രാജിവെച്ചതിനു ശേഷമാണ് ഗനി കാബൂൾ വിട്ടതെന്നാണ് റിപ്പോർട്ടുകൾ. താലിബാൻ നേതാവ് മുല്ല അബ്ദുൾ ഗനി ബറാദർ അടുത്ത പ്രസിഡന്റായേക്കും.
വിവിധ രാജ്യങ്ങൾ തങ്ങളുടെ എംബസി ജീവനക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാ പ്രവർത്തനങ്ങളിലാണ്.തലസ്ഥാനം കൈപ്പിടിയിലായെങ്കിലും താലിബാൻ ഇതുവരെ അവരുടെ കൊടി നാട്ടുകയോ അധികാരം ഔദ്യോഗികമായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെയും മുന്നാമത്തെയും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും പൂർണമായും പിടിച്ച് മണിക്കൂറുകൾക്കകം നാല് പ്രവിശ്യാ തലസ്ഥാനംകൂടി നിയന്ത്രണത്തിലാക്കി താലിബാൻ കഴിഞ്ഞ ദിവസം തന്നെ തങ്ങളുടെ ആക്രമങ്ങൾക്ക് മൂർച്ച കൂട്ടിയിരുന്നു. ഇതോടെ ആകെയുള്ള 34 പ്രവിശ്യയിൽ 18ഉം താലിബാന്റെ നിയന്ത്രണത്തിലായി. തെക്കൻ പ്രവിശ്യകൾ ലക്ഷ്യമിട്ടായിരുന്നു വെള്ളിയാഴ്ചത്തെ മിന്നൽ ആക്രമണം. 20 വർഷത്തെ സൈനിക സാന്നിധ്യത്തിൽ നാറ്റോ–- അമേരിക്കൻ സേനകൾ അനവധി രക്തരൂക്ഷിത പോരാട്ടങ്ങൾ നടത്തിയ ഹെൽമണ്ടും പിടിച്ചെടുത്തു. രാജ്യത്തെ പ്രധാന മയക്കുമരുന്ന് (കറുപ്പ്) കേന്ദ്രവുമാണിത്. സാബൂൾ, ഉറുസ്‌ഗാൻ പ്രവിശ്യകൾകൂടി പിടിച്ചതോടെ തെക്കൻമേഖല പൂർണമായും താലിബാൻ അധീനതയിലായി. പടിഞ്ഞാറ് ഗോർ പ്രവിശ്യയും പിടിച്ചെടുത്തു.
നേരത്തെ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതായി അഫ്‌ഗാൻ അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗാനി പ്രത്യേക യുഎസ് പ്രതിനിധി സൽമയ് ഖലീൽസാദിനോടും നാറ്റോ ഉദ്യോഗസ്ഥരുമായും അടിയന്തര ചർച്ചകൾ നടത്തിയിരുന്നു. കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേയ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.