ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് കോടതിയലക്ഷ്യ കേസില്‍ 15 മാസം തടവ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് തടവ് ശിക്ഷ. കോടതിയലക്ഷ്യ കേസിലാണ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതി ആരോപണത്തില്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഭരണഘടന കോടതി ശിക്ഷ വിധിച്ചത്. സുമയുടെ നടപടി അസഹനീയവും വിചിത്രവുമാണെന്ന് ജഡ്ജി സിസി ഖംപെപെ വിധിയില്‍ പറഞ്ഞു. ശിക്ഷ ഉടന്‍ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പൊതുജന സഹതാപം ഉണ്ടാക്കാനാണ് സുമ ശ്രമിച്ചതെന്നും ഇത് ഭരണഘടനാ തത്വങ്ങളെ അപമാനിക്കുന്നതാണെന്നും കോടതി പറഞ്ഞു. ഒരു വ്യക്തിയും നിയമത്തിന് അതീതനല്ലെന്നും കോടതി പറഞ്ഞു. മുന്‍ രാഷ്ട്ര തലവനെന്ന നിലയില്‍ സുമയ്ക്ക് നിയമത്തെക്കുറിച്ച് അറിയാമെന്നും എന്നാല്‍ കോടതി ഉത്തരവിനെ നഗ്‌നമായി അദ്ദേഹം ലംഘിച്ചതായും തടവുശിക്ഷ പ്രഖ്യാപിക്കുന്നതിനു മുമ്പ് കോടതി കൂട്ടിച്ചേര്‍ത്തു.

2018-ലാണ് സുമയ്ക്ക് അധികാരം നഷ്ടമായത്. സുമ കുറ്റക്കാരനെന്ന് കണ്ടത്തിയ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 79-കാരനായ സുമ ഒന്‍പതുവര്‍ഷത്തോളം അധികാരത്തിലിരുന്ന സമയത്ത് നടത്തിയ അഴിമതിയിലായിരുന്നു ശിക്ഷ വിധിച്ചത്. ഇന്ത്യക്കാരായ ഗുപ്ത സഹോദരന്മാരുമായി ബന്ധപ്പെട്ടതുൾപ്പെടെ വൻ അഴിമതിക്കേസുകളിൽ കുറ്റാരോപിതനാണ് ജേക്കബ് സുമ.