US
  • inner_social
  • inner_social
  • inner_social

അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിച്ചത് തെറ്റായ തീരുമാനം-ജോര്‍ജ് ബുഷ്

അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്-നാറ്റോ സൈനികരെ പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. യുസ് നീക്കം വലിയ പിഴവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാന്‍ മേഖലയിലെ ജനങ്ങള്‍ക്ക് താലിബാന്റെ ക്രൂരതയ്ക്ക് ഇരയാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിശദീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അക്രമങ്ങളിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും കടന്നുപോവുുന്നത്. താലിബാന്റെ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് അവര്‍ ഇരയാവുന്നത്. അത് എന്റെ ഹൃദയം തകര്‍ക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ്സിന്റെ സൈനിക പിന്മാറ്റം തെറ്റായ തീരുമാനമായിരുന്നു–ജോര്‍ജ് ബുഷ് പറഞ്ഞു. ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ അൽ ഖ്വയ്ദ ആക്രമണത്തിനു പിന്നാലെ ഭീകാരാക്രമണത്തിന്റെ സൂത്രധാരന്‍ ഉസാമ ബിന്‍ ലാദനെ പിടിക്കാനായാണ് 2001ല്‍ ജോര്‍ജ് ബുഷ് അഫ്ഗാനിസ്ഥാനിലേക്ക് യുഎസ് സൈന്യത്തെ വിന്യസിച്ചത്. താലിബാനെ ഇല്ലാതാക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. 2001 സെപ്റ്റംബര്‍ 26-ന് കാബൂളിനടുത്തുള്ള പഞ്ചശേര്‍ വാലിയില്‍ ബോംബിട്ടുകൊണ്ട് അമേരിക്ക ലാദന്‍ വേട്ട തുടങ്ങി. അല്‍ ഖായിദയ്ക്കും ലാദനും സംരക്ഷണം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ അധികാരത്തില്‍നിന്നു പുറത്താക്കി. പക്ഷേ, അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്ക തിരിച്ചുപോയില്ല. ജനാധിപത്യഭരണവും രാഷ്ട്രീയസ്ഥിരതയും സമാധാനവും ഉറപ്പുവരുത്താനെന്നു പറഞ്ഞ് തുടരുകയായിരുന്നു. പിന്നീട് വന്ന ഭരണകൂടങ്ങളെല്ലാം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിന് നേതൃത്വം നല്‍കിവന്നിരുന്നു. 2500ഓളം യുഎസ് സൈനികരും 7500ഓളം നാറ്റോ സൈനികരെയുമാണ് അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിരുന്നത്. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തി 20 20 വര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ മെയ് മുതലാണ് യുഎസ് സൈന്യത്തെ പിന്‍വലിച്ചുതുടങ്ങിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ബുഷിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.