ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അനുശോചിച്ച് യുഎസ്.
അഫ്ഗാൻ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള യുദ്ധം ഷൂട്ട് ചെയ്യുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ബിഡൻ ഭരണകൂടവും യുഎസ് നിയമനിർമ്മാതാക്കളും അനുശോചിച്ചു. 2018 ൽ പുലിറ്റ്‌സർ അംഗീകാരം നേടിയ സിദ്ദിഖി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു. പാകിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള സ്പിൻ ബോൾഡാക്ക് പട്ടണത്തിൽ വെച്ചാണ് കൊല്ലപ്പെട്ടത്.
റോഹിംഗ്യൻ അഭയാർഥി പ്രതിസന്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മികച്ച റിപ്പോർട്ടിംഗിനാണ് 2018 ൽ പുലിറ്റ്‌സർ അംഗീകാരം ലഭിച്ചത്. സിദ്ദിഖിയുടെ മരണം റോയിട്ടേഴ്‌സിനും മാധ്യമ പ്രവർത്തകർക്കും മാത്രമല്ല ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്കും വലിയ നഷ്ടം തന്നെയാണ്. അഫ്ഗാനിസ്ഥാനിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അക്രമം അവസാനിപ്പിക്കണമെന്ന് തങ്ങൾ തുടർന്നും ആഹ്വാനം ചെയ്യുന്നുവെന്നും നീതിയുക്തവും സമാധാന പരവുമായ പരിഹാരമാണ് അഫ്ഗാനിസ്ഥാനിലെ ഏക പോംവഴിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ജലീന പോർട്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.