യുഎസിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

അമേരിക്കയിലെ ഇന്ത്യൻ എംബസി ഞായറാഴ്ച ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം, “യോഗ ഫോർ വെൽനസ്”എന്ന സന്ദേശത്തോട് കൂടി  ഇന്ത്യാ ഹൌസിൽ ആഘോഷിച്ചു. യുഎസിലെ ഇന്ത്യൻ അംബാസഡർ താരഞ്ചിത് സിംഗ് സന്ധു ഏവരെയും സ്വാഗതം ചെയ്യുകയും ഒപ്പം കോവിഡ് -19 കാലത്ത് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ യോഗയുടെ ശേഷിയെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഈ മഹാമാരിയോട് പൊരുതുന്നതിൽ ഇന്ത്യയും അമേരിക്കയും പരസ്പരം തോളോട് തോൾ ചേർന്ന് നിൽക്കുന്നുണ്ടെന്നും സന്ധു അഭിപ്രായപ്പെട്ടു. ആഘോഷങ്ങളുടെ ഭാഗമായി ഒരു പൊതുയോഗ പ്രോട്ടോക്കോൾ സെഷൻ നടത്തി. സന്ധുവും മറ്റ് എംബസി ഉദ്യോഗസ്ഥരും വ്യക്തിപരമായും യുഎസിലുടനീളം ധാരാളം ആളുകൾ സൂം, എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ തുടങ്ങിയവ വഴിയും സെഷനിൽ പങ്കുചേർന്നു.

യുഎസിലെ അഞ്ച് ഇന്ത്യൻ കോൺസുലേറ്റുകളായ ന്യൂയോർക്ക്, ചിക്കാഗോ, ഹ്യൂസ്റ്റൺ, അറ്റ്ലാന്റ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ന്യൂയോർക്കിൽ കോൺസുലേറ്റ് ടൈംസ് സ്ക്വയറുമായി സഹകരിച്ച് മൂവായിരത്തിലധികം ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾ നടത്തി. അമേരിക്കൻ അക്കാദമി ഓഫ് യോഗ ആന്റ് മെഡിറ്റേഷൻ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജെനറലുമായി സഹകരിച്ച് ‘ഇന്റർനാഷണൽ യോഗകോൺ യുഎസ്എ 2021’ സംഘടിപ്പിക്കുകയുണ്ടായി.
വിവിധ ഫോർമാറ്റുകളിൽ നിരവധി കർട്ടൻ റെയ്‌സർ ഇവന്റുകൾ എംബസിയും കോൺസുലേറ്റുകളും ചേർന്ന് സംഘടിപ്പിച്ചു, കൂടുതൽ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. യുഎസിലുടനീളം, കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളും യോഗ പ്രേമികളും ഉൾപ്പെടെയുള്ള അമേരിക്കൻ ജനതയുടെ സജീവ പങ്കാളിത്തത്തോടെയും പിന്തുണയോടെയും ആഘോഷങ്ങൾ നടക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.