US
  • inner_social
  • inner_social
  • inner_social

ഇന്ത്യയിലെ യുഎസ് അംബാസഡർ: എറിക്ക് ഗാർസെറ്റിയെ ബൈഡൻ നോമിനെറ്റ് ചെയ്തു

ഇന്ത്യയിലെ യുഎസ് അംബാസിഡറായി എറിക് ഗാർസെറ്റിയെ നിയമിച്ച്‌ പ്രസിഡന്റ് ജോ ബൈഡൻ. നിലവിൽ ഗാർസെറ്റി ലോസ് ആഞ്ചൽസ് മേയറാണ്. മറ്റ് മൂന്നിടങ്ങളിലേക്കുള്ള അംബാസിഡർമാരെയും ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെനിസ് കാംബെൽ ബുവയെ മൊണോക്കോ സ്ഥാനപതിയായും പീറ്റർ ഡി. ഹാസിനെ ബംഗ്ലാദേശിലേക്കും ബെർനാഡെറ്റ് എം. മീഹാനെ ചിലിയിലേക്കും സ്ഥാനപതികളായി ബൈഡൻ നിയോഗിച്ചു.

ബൈഡന്റെ പ്രസിഡൻഷ്യൽ ക്യാമ്പയിനിന്റെ കോ ചെയറായിരുന്നു ഗാർസെറ്റി. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കായി ബൈഡൻ നിയമിച്ച കമ്മിറ്റിയുടെയും ഭാഗമായിരുന്നു ഗാർസെറ്റി.ട്രംപ് സർക്കാരിന്റെ കാലത്ത് സ്ഥാനപതിയായിരുന്ന കെന്നത് ജസ്റ്ററിന്റെ സ്ഥാനത്താണ് ഗാർസെറ്റി നിയമിതനായത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൽ ഏറ്റവും ഉത്തരവാദിത്വത്തോടും ഊർജത്തോടും പ്രവർത്തിക്കുമെന്ന് പുതിയ ദൗത്യം ഏറ്റെടുത്തുകൊണ്ട് 50 കാരനായ ഗാർസെറ്റി പ്രതികരിച്ചു. 2013 മുതൽ ലോസ് ആഞ്ജലിസ് മേയർ സ്ഥാനത്തുള്ള ഗാർസെറ്റി 12 വർഷം സിറ്റി കൗൺസിൽ അംഗമായും ആറ് വർഷം കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

1971 ഫെബ്രുവരി 4 നു ജനിച്ച ഗാർസെറ്റി പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായാണ് അറിയപ്പെടുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നു ബിരുദം നേടിയ ഗാർസെറ്റി റോഡ്‌സ് സ്‌കോളർ എന്ന നിലയിൽ ഓക്‌സ്‌ഫോർഡിലും പഠനം തുടർന്നു. കുറച്ചുകാലം അധ്യാപകനായിരുന്നു .പന്ത്രണ്ട് വർഷം സിറ്റി കൗൺസിലറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഗാർസെറ്റി 2013-ൽ ലോസ് ആഞ്ചലസ് നാല്പത്തിരണ്ടാമത്തെ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത് .