US
  • inner_social
  • inner_social
  • inner_social

വൈറ്റ്‌ ഹൗസ്‌ വിട്ടതിനു ശേഷം ആരാധകരുടെ ആദ്യ കൂറ്റൻ റാലിയുമായി ട്രംപ്

വൈറ്റ് ഹൌസ് വിട്ടത്തിന് ശേഷം മുൻ പ്രസിഡന്റ് ട്രംപ് ശനിയാഴ്ച രാത്രി ഒഹായോയിലെ ക്ലീവ്‌ലാൻഡിന് പുറത്ത് തന്റെ ആദ്യ റാലിയുമായി എത്തി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ച്‌ പറയുകയും ചെയ്തു. ഒഹായോയിലെ പതിനാറാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആന്റണി ഗോൺസാലസിനെ വിജയിപ്പിക്കരുതെന്നും പകരം മാക്സ് മില്ലറിനെ തിരഞ്ഞെടുക്കണമെന്നും ട്രംപ് റാലിയിൽ ആവശ്യപ്പെട്ടു. ജനുവരിയിലെ ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ എതിർത്ത 10 റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗങ്ങൾക്കെതിരെ വമ്പൻ പ്രചാരണം നടത്തുമെന്നാണു അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ ട്രംപ് മെക്സിക്കോയും ഫ്ലോറിഡയും സന്ദർശിക്കുകയും പൊതുവേദികളിൽ എത്തുകയും ചെയ്യും. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂറ്റൻ ജനാവലിയാണ് ട്രംപിന്റെ ആദ്യ റാലിയെ എതിരേറ്റുകൊണ്ട് അണിനിരന്നത്. യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽനിന്നും വിലക്കപ്പെട്ട ട്രംപ് യു എസിലെ യാഥാസ്ഥിതികർക്കിടയിൽ പ്രിയം നേടിയ വീഡിയോ പ്ലാറ്റ്ഫോമായ ‘റംബിളി’ൽ ചേർന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്.