ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്‌പോർട്‌സ് കൗൺസിലുകൾ ഒക്‌ടോബർ രണ്ടിനകം രൂപീകരിക്കും. ഇതിന്റെ നോഡൽ ഓഫീസറെ പഞ്ചായത്തുകൾ നിയമിക്കും. പഞ്ചായത്ത് സെക്രട്ടറി ഇതിന് നേതൃത്വം നൽകും. കളിക്കളങ്ങളില്ലാത്ത എല്ലാ പഞ്ചായത്തുകളിലും കളിക്കളം സൃഷ്ടിക്കാനുള്ള പ്രവർത്തനം സർക്കാർ ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തിനകം എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ യാഥാർത്ഥ്യമാകും. കായിക രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി അബ്ദുള്‍ റഹിമാൻ പറഞ്ഞു.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.
ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിംപിക്സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങളായ സജന്‍ പ്രകാശ്, എം ശ്രീശങ്കര്‍, അലക്സ് ആന്‍റണി, മുഹമ്മദ് അനസ്, കെ ടി ഇര്‍ഫാന്‍, എം പി ജാബിര്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, എന്നിവര്‍ക്കാണ് അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
നേരത്തേ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ രംഗത്തെത്തിയിരുന്നു. ഒളിമ്പിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ കോട്ട കാത്ത ശ്രീജേഷിന് രാജ്യമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമെത്തുന്നതിനിടെയാണ് അദ്ദേഹം ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്.