യുഎസിലേക്ക് നേരിട്ട് ദീർഘദൂര വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് വിസ്താര

2021 ഒക്ടോബർ മുതൽ ഡിസംബർ വരെ ബോയിംഗ് 787-9 വിമാനങ്ങളുമായി യുഎസിലേക്ക് നേരിട്ട് ദീർഘദൂര വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതായി വിസ്താരയുടെ എയർലൈൻ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു. യുഎസ്എയിലെ ഗതാഗത വകുപ്പിൽ നിന്ന് ഒരു താൽക്കാലിക വിദേശ എയർ കാരിയർ പെർമിറ്റ് ലഭിച്ചതിനാൽ ഈ വർഷത്തിന്റെ അവസാന പാദത്തിൽ യുഎസിലേക്ക് ദീർഘദൂര പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതോടൊപ്പം തന്നെ മറ്റ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സമാനമായ വിമാന സർവീസുകൾ നടത്താനുള്ള അവസരങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് വിവിധ അതിർത്തികളെയും സർക്കാരുകളേയും ഉൾപ്പെടെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലോകമെമ്പാടും വാക്സിനുകൾ നൽകപ്പെടുന്നതോടെ വലിയ വിത്യാസം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസ്താര 2018 ൽ അന്താരാഷ്ട്ര തലത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 50 എയർബസ് എ 320 നെയോസ്, എ 321 നെയോസ്, ആറ് ബോയിംഗ് 787-9 ഡ്രീംലൈനർ എന്നിവയ്ക്ക് ഓർഡർ കൊടുത്തിരുന്നു. 2020 മാർച്ചിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കുന്നതിന് മുമ്പ് കാരിയർ അടുത്തുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളായ സിംഗപ്പൂർ, തായ്ലൻഡ്, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലേക്ക് പറന്നിരുന്നു.

വിസ്താര ഇപ്പോൾ മൂന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളായ ദോഹ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ എന്നിവിടങ്ങളിലേക്ക് സേവനം നടത്തുന്നുണ്ട്. ദക്ക, ദുബായ്, ഷാർജ, മാലെ, ടോക്കിയോ എന്നിവയുൾപ്പെടെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ വിസ്താരക്ക് അനുമതിയുണ്ട്. ജൂലൈയോടെ ടോക്കിയോയിൽ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ എയർലൈൻ. വിസ്താരയുടെ അന്താരാഷ്ട്ര വിപുലീകരണ പദ്ധതികൾ പകർച്ചവ്യാധികൾക്കിടയിലും ശക്തമായി തന്നെ തുടരുകയാണ്.