‘ഞങ്ങളുണ്ട് അവനൊപ്പം’ സമൂഹ മാധ്യമങ്ങളിലെ വംശീയ പരാമർശങ്ങൾക്ക് ശേഷം സാകയ്ക്ക് ലുക്ക് ഷോയുടെ സന്ദേശം

ബുക്കായോ സാകക്കും മാർക്കസ് റാഷ്‌ഫോർഡിനും ജാദോൺ സാഞ്ചോക്കും ഇംഗ്ലണ്ട് ടീമംഗങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും യൂറോ 2020 ഫൈനലിലെ പരാജയത്തിന് ഒരു വ്യക്തിയും ഉത്തരവാദിയല്ലെന്നും ഇംഗ്ലണ്ട് താരം ലൂക്ക് ഷാ പറഞ്ഞു. ഞായറാഴ്ച വെംബ്ലിയിൽ ഇറ്റലിക്കെതിരായ പെനാൽറ്റി ഷൂട്ടൌട്ടിൽ പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും സോഷ്യൽ മീഡിയയിൽ വലിയ വംശീയ അധിക്ഷേപം നേരിട്ടിരുന്നു. 19 കാരനായ സാകയെ അഞ്ചാമത്തെയും നിർണ്ണായകവുമായ പെനാൽറ്റി എടുക്കാൻ അനുവദിക്കാനുള്ള ഗാരെത്ത് സൗത്ത്ഗേറ്റിന്റെ തീരുമാനത്തെക്കുറിച്ച് വിമാർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഒരുമിച്ച് തിളങ്ങിയ ഒരു ടീമിനുള്ളിൽ കുറ്റപ്പെടുത്തലുകളൊന്നുമില്ലെന്നും തങ്ങൾ അവനോടൊപ്പമുണ്ടെന്നും ഷാ മറുപടി പറഞ്ഞു.

യൂറോ 2020 ഫൈനലിലും 2018 ലോകകപ്പ് സെമി ഫൈനലിലും എത്തിയ പ്രധാന മത്സരാർത്ഥികളായ ഈ യുവ ടീമിന് കഴിഞ്ഞ ഞായറാഴ്ച എന്നത് ഒരു വലിയ പഠന അനുഭവം ആണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു. കുറച്ചു കാലത്തേക്ക് ഈ തോൽവി വേദനിപ്പിക്കുമെങ്കിലും ലോകക്കപ്പിലേക്കുള്ള ഒരു പുതിയ സാഹസിക യാത്രക്കായി അടുത്ത മാസം ക്യാമ്പിൽ തങ്ങൾ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.വംശീയാധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു. ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് വിജയിച്ച് കപ്പുയര്‍ത്തിയപ്പോള്‍ മൂവരുടെയും കിക്കുകള്‍ പിഴച്ചിരുന്നു. ‘ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണ മികവ് പുറത്തെടുത്തിട്ടും ഞങ്ങളുടെ സ്‌ക്വാഡിലെ ചില താരങ്ങള്‍ മത്സരശേഷം ഓണ്‍ലൈനില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാവില്ല’ എന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. താരങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതായും എല്ലാത്തരത്തിലുള്ള വിവേചനങ്ങളെയും എതിര്‍ക്കുന്നതായും എഫ്‌എ വ്യക്തമാക്കി.