വ്യവസായി, സൈനികൻ, ഇപ്പോൾ രാജ്യതലവൻ ! ഇസ്രായേലിൽ നെതന്യാഹുവിന് പകരമെത്തിയ നഫ്താലി ബെന്നറ്റ് ആരാണ് ?

12 വര്‍ഷത്തെ നെതന്യാഹു ഭരണം അവസാനിപ്പിച്ചെത്തുന്ന പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമായി ഇസ്രായെലിന്റെ അടുത്ത പ്രധാനമന്ത്രിയാകുകയാണ് ടെക്നോളജി രംഗത്തെ അതിസമ്പന്ന വ്യവസായിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ നാല്‍പത്തൊന്‍പതുകാരന്‍ നഫ്താലി ബെന്നറ്റ്. 2006 മുതല്‍ 2008 വരെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ബെന്നറ്റ് പിന്നീട് അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ നെതന്യാഹുവുമായി പിരിഞ്ഞ് ജ്യൂയിഷ് സെറ്റിലേഴസ് കൗണ്‍സിലിന്റെ നേതൃസ്ഥാനത്തേക്ക് നീങ്ങി. 2012ല്‍ സജീവ രാഷ്ട്രീയത്തിലേക്കിയ ബെന്നറ്റ് മതകാര്യം, വിദ്യാഭ്യാസം, പ്രതിരോധം, ധനകാര്യം, ആഭ്യന്തരം എന്നീ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.

ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സമ്മർദ്ദത്തിൽ ‘അധിനിവേശ നിര്‍മാണങ്ങള്‍’ മന്ദഗതിയിലാക്കിയതിനെ തുടര്‍ന്ന് നെതന്യാഹു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ആളാണ് നഫ്താലി ബെന്നറ്റ്. 2013-ല്‍ പാര്‍ലമെന്റ് പ്രവേശനം നേടുന്നതിന് മുമ്പ് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ കൗണ്‍സില്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. പിന്നീട് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വിവിധ സര്‍ക്കാരുകളില്‍ കുടിയേറ്റ, വിദ്യാഭ്യാസ പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി.

എലൈറ്റ് സയണെറ്റ് മത്കല്‍ കമാന്‍ഡോ യൂണിറ്റില്‍ സേവനമനുഷ്ഠിച്ച ശേഷം ബെന്നറ്റ് ഹീബ്രു സര്‍വകലാശാലയിലെ ലോ സ്‌കൂളില്‍ ചേര്‍ന്നു. 1999 ല്‍ അദ്ദേഹം സിയോട്ട എന്ന ആന്റി-ഫ്രോഡ് സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ സഹസ്ഥാപകനായി, അത് 2005 ല്‍ യുഎസ് ആസ്ഥാനമായുള്ള ആര്‍എസ്എ സെക്യൂരിറ്റിക്ക് വിറ്റു.മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് മാത്രമാണ് ബെന്നറ്റിന്റെ യമീന പാര്‍ട്ടിക്ക് നേടാനായതെങ്കിലും, ആകെയുള്ള 120 സീറ്റുകള്‍ 13 പാര്‍ട്ടികളിലായി വിഭജിച്ചു കിടക്കുകയായിരുന്നതിനാല്‍ ബെന്നറ്റിന് അധികാരം ലഭിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവായ യെര്‍ ലാപ്പിഡിന്റെ നേതൃത്വത്തില്‍ വരുന്ന കൂട്ടുകക്ഷി സര്‍ക്കാരില്‍ ആദ്യ രണ്ട് വര്‍ഷമായിരിക്കും ബെന്നറ്റ് പ്രധാനമന്ത്രിയാകുക. 2023ല്‍ യെര്‍ ലാപ്പിഡ് ഇസ്രായെലിന്റെ നേതൃത്വത്തിലേക്ക് വരും.

തീവ്രമതവാദികളും മതേതരവാദികളും വലതുപക്ഷവും ഇടതുപക്ഷവുമെല്ലാം ചേര്‍ന്ന, സ്വതന്ത്രപാലസ്തീനെ അംഗീകരിക്കുകയും അതിശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് നെതന്യാഹുവിനെ പുറത്താക്കി ഇസ്രായെലില്‍ അധികാരത്തിലെത്തുന്നത്. നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവരാണ് ബെന്നറ്റും അദ്ദേഹത്തിന്റെ യമീന പാര്‍ട്ടിയും. ഇസ്രായെലും പാലസ്തീനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി നിലനില്‍ക്കുക എന്ന ടു സ്റ്റേറ്റ് തിയറി അംഗീകരിക്കാത്ത ബെന്നറ്റ് പാലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നത്, ഇസ്രായെല്‍ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണെന്നാണ് പറഞ്ഞത്.

1967-ലെ യുദ്ധത്തിലൂടെ ഇസ്രായെല്‍ അധിനിവേശം നടത്തിയ വെസ്റ്റ് ബാങ്കിലെ ഭാഗങ്ങള്‍ ഇസ്രായെലിനോട് കൂട്ടിച്ചേര്‍ക്കണമെന്നാണ് ബെന്നറ്റിന്റെ നയം. ബെന്നറ്റിന്റെ ഏറ്റവും വിവാദമായ പ്രസ്താവനകളിലൊന്നുണ്ടായത് 2013ലാണ്. ഇസ്രായെല്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന 104 പാലസ്തീനികളെ മോചിതരാക്കിയ നടപടിയില്‍ എതിര്‍പ്പറിയിച്ചുകൊണ്ട് തീവ്രവാദികളെ വിചാരണക്കൊന്നും കാത്തുനില്‍ക്കാതെ കൊന്നുകളയണമെന്നായിരുന്നു ബെന്നറ്റ് അന്ന് പാർലമെന്റിൽ പറഞ്ഞത്. എന്നിരുന്നാലും വരും വര്‍ഷങ്ങളില്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ഭിന്നപ്പുണ്ടായാല്‍ അധികാരത്തില്‍ നിന്നും പുറത്താകാനുള്ള സാധ്യതയുള്ളതിനാല്‍ ബെന്നറ്റ് തന്റെ തീവ്രനിലപാടുകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കില്ലെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ.