ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഖത്തറിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം.

ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസ്, ലുസൈൽ യൂണിവേഴ്സിറ്റി എന്നിവയുമായി ചേർന്ന് ഖത്തർ സ്കോളർഷിപ്പിനു കീഴിൽ രണ്ട് കരാറുകളിൽ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി) ഒപ്പുവച്ചു. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുന്നതാണ് ഈ കരാറുകൾ.

ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസുമായി ഒപ്പിട്ട കരാർ ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലൊന്നിൽ അഞ്ചു വർഷത്തേക്ക് വികസ്വര രാജ്യങ്ങളിൽ നിന്നുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതാണു ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തം ഇത്തരത്തിലുള്ള ആദ്യത്തേതല്ല. 2018ലും ക്യുഎഫ്എഫ്ഡി ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ചിരുന്നു. ഖത്തറിൽ താമസക്കാരല്ലാത്ത തിരഞ്ഞെടുക്കപ്പെട്ട വികസ്വര രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കു ബിരുദ കോഴ്സിൽ പഠിക്കാനാവശ്യമായ ട്യൂഷൻ ഫീസുൾപ്പെടെ എല്ലാ ചിലവുകളും വഹിക്കുന്നതാണ് ലുസൈൽ യൂണിവേഴ്സിറ്റിയുമായുള്ള കരാർ. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ കരാറാണ്.

ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോജെക്ടസ് മിസ്‌ഫെർ അൽ-ഷഹ്‌വാനി, ലുസൈൽ യുണിവേഴിസിറ്റിയുടെ വൈസ് പ്രസിഡന്റ് ഫോർ സ്റ്റുഡൻറ് അഫ്‌യേഴ്‌സ് ഫാത്തിമ അൽ മുസ്‌ലേ, തുടങ്ങിയവർ സ്കോളര്ഷിപ്പിന്റെ വിശദാംശങ്ങൾ മാധ്യമ പ്രവർത്തകരോട് പങ്കു വെച്ചു.