ആഗോള മാധ്യമ കോൺഗ്രസ്സ് അടുത്ത വർഷം യുഎഇയിൽ

ആഗോള മാധ്യമകോൺഗ്രസ് അടുത്ത വർഷം യു.എ.ഇ.യിൽ നടക്കുമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് പറഞ്ഞു. യു.എ.ഇ. ആദ്യമായാണ് ആഗോള മാധ്യമ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. അബുദാബിയായിരിക്കും സമ്മേളനവേദി.

2022 നവംബർ 15 മുതൽ 17 വരെ നടക്കുന്ന പരിപാടി ദേശീയ വാർത്താ ഏജൻസിയായ വാം ആയി സഹകരിച്ച് അബുദാബി നാഷണൽ എക്സിബിഷൻ കമ്പനിയുടെ മേൽനോട്ടത്തിലാണ് സംഘടിപ്പിക്കുക. യു.എ.ഇ.യുടെ സംയോജിത ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആഗോളതലത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും പങ്കെടുക്കാനാവും.

വിവിധ മാധ്യമമേധാവികൾ, ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്നവർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഡിജിറ്റൽ ആശയവിനിമയം, നിർമിതബുദ്ധി, നൂതന സാങ്കേതികവിദ്യകൾ, മാധ്യമമേഖലയിലെ പുതുമകൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. ജേണലിസം, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽമീഡിയ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകൾ നടക്കുമെന്നും ശൈഖ് മൻസൂർ ബിൻ സായിദ് അറിയിച്ചു.