ഓഗസ്റ്റ് 7 മുതൽ എയർ ഇന്ത്യ തങ്ങളുടെ ഏറ്റവും പ്രശസ്തമായ യുഎസ് നോൺസ്റ്റോപ്പ് ഫ്ലൈറ്റുകൾ ഇരട്ടിയാക്കുന്നു. ഏകദേശം 10 മുതൽ 40 വരെ പ്രതിവാര ഫ്ലൈറ്റുകൾ ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗവുമായി ബന്ധപ്പെട്ട് അമേരിക്ക കുറച്ചിരുന്നു. ഇപ്പോൾ, എയർലൈൻ ആഴ്ചയിൽ കുറഞ്ഞത് 21 വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യും. യുഎസ് പ്രസിഡൻഷ്യൽ വിളംബരത്തിന് ശേഷം ഇന്ത്യയിൽ നിന്നുള്ള വിമാന ഗതാഗതം നിയന്ത്രണ വിധേയമായിരുന്നു. ഒരുപാടാളുകളുടെ യാത്രയെ ഇത് ബാധിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മുതൽ യുഎസിലേക്കുള്ള വിമാനങ്ങൾ വർദ്ധിപ്പിക്കുകയും യാത്രക്കാരെ പരമാവധി ഉൾക്കൊള്ളാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയും ചെയ്യുന്നുവെന്ന് എയർ ഇന്ത്യ തങ്ങളുടെ സോഷ്യൽ മീഡിയയി ചാനലിൽ വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യുഎസ് ഇതുവരെ നീക്കിയിട്ടില്ലെങ്കിലും, വിദ്യാർത്ഥി പ്രവേശന സീസൺ ആയതിനാൽ വിസക്കും വിമാന ടിക്കറ്റിനും വേണ്ടിയുള്ള വലിയ തിരക്കാണ് ഇപ്പോൾ വെബ്സൈറ്റുകളിൽ. ജർമ്മനി, കാനഡ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്കും വിസ അപേക്ഷകൾക്കായി വലിയ തിരക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. കാനഡ പോലുള്ള ചില രാജ്യങ്ങൾ വിദ്യാർത്ഥി വിസ അപേക്ഷകർക്ക് ഒരു മുൻഗണനാ സംവിധാനമുണ്ടാക്കാൻ നോക്കുകയാണെന്ന് സ്രോതസ്സുകൾ പറയുന്നു. കോവിഡ് പ്രത്യാഘാതങ്ങളും മുൻകരുതൽ നടപടികളും കാരണം എല്ലാ ആപ്ലിക്കേഷനുകളും ഉടനടി പ്രോസസ്സ് ചെയ്യാൻ കഴിയില്ല, ദയവായി ക്ഷമയോടെ തുടരുകയെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ജെ ലിൻഡർ കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ 22) ട്വീറ്റ് ചെയ്തിരുന്നു.