കേരളത്തിൽ ഇതിനകം രണ്ട് പ്രവാസി സംരംഭകർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന പശ്ചാത്തലത്തിലും അനേകം സംരംഭകർക്ക്, അവർ തുടങ്ങി വെച്ച സംരംഭങ്ങൾ പകുതി വഴി ഉപേക്ഷിക്കേണ്ടി വന്ന ദുസ്ഥിതി നിലനില്ക്കുന്ന സാഹചര്യത്തിലും, സർക്കാർ പ്രവാസി സംരകരുടെ വിഷയത്തിൽ വിശാല കാഴ്ചപ്പാടോടെ വികസന നയം രൂപീകരിക്കണമെന്നു ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു.
ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ സിദ്ദിക് കൊടുവള്ളി (പ്രസിഡന്റ്) ഡോ.എസ്. സോമൻ (ജനറൽ സെക്രട്ടറി) എം എം അമീൻ കണ്ണനല്ലൂർ (ട്രഷറർ) എന്നിവർ പുറപ്പെടുവിച്ച പ്രസ്താവനയിൽ നിന്നും “നിലനില്ക്കുന്ന സംരംഭങ്ങളെ ഇല്ലാതാക്കാനും പുതിയ സംരംഭങ്ങൾ ഉയർന്ന് വരുന്നതിനെ തടയിടുന്നതുമായ പഴയതും കാലഹരണപ്പെട്ടതും ആയ കാഴ്ചപ്പാടുകൾ ഉപേക്ഷിക്കപ്പെടണം. പ്രവാസികൾ എന്നെന്നും വിദേശ രാജ്യങ്ങളിൽ തന്നെ കഴിയേണ്ടവർ അല്ലല്ലോ.അവർ നേടിയ സമ്പത്ത് ഉപയോഗിച്ച് നാട്ടിൽ സംരംഭങ്ങൾ തുടങ്ങുമ്പോൾ , തൊഴിലാളികളടെ പേരിൽ ഗുണ്ടാപ്പിരിവ് നടത്തുന്നവർക്ക് പിന്തുണയുമായി ചില രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ വഴിമുടക്കികളായി രംഗത്ത് വരുന്ന കാഴ്ചകൾ നാട്ടിൽ അനവധിയാണ്. പഴയ കാല തെറ്റായ ചെയ്തികൾ ഉപേക്ഷിച്ച് കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാത്ത ഒരു പ്രസ്ഥാനത്തെയും അധികനാൾ ഈ കേരള മണ്ണിൽ നില നിർത്താൻ ജനങ്ങൾ അനുവദിക്കുകയില്ല.അദ്ധ്വാനവും സമ്പത്തും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകുകയുള്ളൂ. പ്രവാസികളിൽ ഈ രണ്ട് ഘടകങ്ങളും ഉണ്ട്. പ്രവാസികളുടെ അനുഭവ സമ്പത്തും ധനവും കേരളത്തിന്റെ വികസന വളർച്ചക്ക് എത്രമാത്രം ഗുണപ്പെട്ടിട്ടുണ്ടെന്ന് അറിയാത്തവരോട്, വരും കാലങ്ങളിൽ കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ വഹിക്കാൻ പോകുന്ന പങ്കിനെ കുറിച്ച് പറഞ്ഞ് പഠിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും. പ്രവാസികളുടെ നിലനില്പിനും കേരളത്തിന്റെ വികസന സങ്കല്പത്തിനും തടസ്സം സൃഷ്ടിക്കുന്നവരെ തിരുത്തേണ്ട ബാദ്ധ്യതകൾ ഭരണകർത്താക്കൾക്ക് ഉണ്ട്.”