അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീമിന് യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചു. വിശിഷ്ട വ്യക്തികള്‍ക്കും, പ്രഫഷണലുകള്‍ക്കും വ്യവസായ പ്രമുഖര്‍ക്കും മറ്റും പ്രത്യേക പരിഗണനകളോടെ പത്ത് വര്‍ഷത്തേക്ക് യു.എ.ഇ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹത്തിന് എമര്‍ജന്‍സി മെഡിസിനില്‍ പത്ത് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ട്. എട്ട് വര്‍ഷത്തോളമായി പി.ആര്‍.എസ് ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായി സേവനമനുഷ്ടിക്കുകയാണ് അദ്ദേഹം.
കേരളത്തിലെ ആദ്യത്തെ ബൈക്ക് ആംബുലന്‍സ് പ്രൊജക്ട്, എമര്‍ജന്‍സി മാനേജ്മെന്റിനുള്ള ജമ്പ് കിറ്റുകള്‍, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആംബുലന്‍സുകളെ അണിനിരത്തുന്ന ഒറ്റ പ്ലാറ്റ്ഫോം തുടങ്ങിയവ ഡോ. ഡാനിഷിന്റെ ആശയമാണ്. വാഹനാപകടങ്ങളെക്കുറിച്ച് യഥാസമയം അറിയിപ്പ് നല്‍കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങള്‍ക്കും അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. അപകടം സംഭവിക്കുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര പരിചരണം സംബന്ധിച്ച് സാധാരണ ജനങ്ങളില്‍ അവബോധം സൃഷ്‍ടിക്കാന്‍ ലക്ഷ്യമിട്ട് രണ്ടായിരത്തിലധികം പരിശീലന പരിപാടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ സംഘടിപ്പച്ചു വരുന്നു.
കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ബെസ്റ്റ് ഇന്നൊവേറ്റര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ അവാര്‍ഡ് (2017), യങ് അച്ചീവര്‍ അവാര്‍ഡ്, ബെസ്റ്റ് എമര്‍ജന്‍സി ഫിസിഷ്യന്‍ കേരള അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും ഇക്കാലയളവിൽ അദ്ദേഹം നേടിയിട്ടുണ്ട്.