‘പ്രവാസം മലയാളിയെ ഒരു അന്താരാഷ്ട്ര വ്യക്തിയാക്കി മാറ്റി’: കേരളീയരുടെ പ്രവാസ ചരിത്രത്തെ കുറിച്ച് പി ടി കുഞ്ഞു മുഹമ്മദ് സംസാരിക്കുന്നു.

സംവിധായകനും മുൻ എംഎൽഎയും കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമായ പി ടി കുഞ്ഞു മുഹമ്മദ് കേരളീയരുടെ പ്രവാസ ചരിത്രത്തെ കുറിച്ചും, കോവിഡാനന്തര പ്രവാസ ലോകത്തെ കുറിച്ചും സംസാരിക്കുന്നു.

നിയതമായ ഒരു കാലഘട്ടത്തെ തൊട്ടുകാണിക്കാൻ കഴിയാത്തവണ്ണം സങ്കീർണവും, ചരിത്രപരവുമാണ് കേരളീയന്റെ പ്രവാസകാലം. സ്വന്തം മണ്ണും, വായുവും, ബന്ധങ്ങളും ഇട്ടെറിഞ്ഞുള്ള ആ കുടിയേറ്റം സ്വയമേ ഏറ്റെടുത്ത ഒരു ദൗത്യമായി കാണാമോ? കേരളീയന്റെ പ്രവാസ ചരിത്രത്തെ കുറിച്ചുള്ള താങ്കളുടെ വീക്ഷണങ്ങൾ എന്തെല്ലാമാണ് ?

വളരെ മുൻപ് തൊട്ട് അതായത് 19 ആം നൂറ്റാണ്ട് മുതൽ കേരളത്തിൽ പ്രവാസം ഉണ്ട്. കേരളത്തിൽ ആദ്യം പ്രവാസം നടത്തിയ ഒരാളുടെ കൊച്ചുമകനാണ് ഞാൻ. 1976 ൽ എന്റെ മുത്തശ്ശൻ 111 ആമത്തെ വയസിലാണ് മരിച്ചത്. ആദേഹത്തിന്റെ പേര് രായന്മരക്കാര് വീട്ടിൽ വാളക്കാവിൽ കുഞ്ഞുമൊയ്തു എന്നാണ്. ആദ്ദേഹം 15 ആമത്തെ വയസിലാണ് ശ്രീലങ്കയിലേക്ക് പോയത്. അന്ന് മുതൽ പ്രവാസ പാരമ്പര്യമുള്ള ഒരു കുടുംബ പശ്ചാത്തലം എനിക്കുണ്ട്. ഞാന് മനസിലാക്കുന്നത് മലയാളിക്ക് ഒരു തരത്തിൽ നാടുവിടാൻ ഒരു വാസനയുള്ള സമൂഹമാണ് എന്നാണ്. പൊതുവേ ലോകത്തിൽ എല്ലാ മനുഷ്യരും പ്രവാസത്തെ ഇഷ്ടപ്പെടുന്ന ആളുകളാണ്. അത് ഒരു തരത്തിൽ അല്ലെങ്കിൽ വേറൊരു തരത്തിൽ പ്രചോദിപ്പിക്കപ്പെടും. ജീവിത സാഹചര്യങ്ങൾ, പട്ടിണി, തൊഴിലില്ലായ്മ ഇങ്ങനെ പലതുമായി, നമ്മൾ വളരെ മുന്പ് തന്നെ പ്രവാസികളെ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ആദ്യ കാലത്ത് ആഫ്രിക്കയിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ വന്നിരുന്നു എന്ന് പറയപ്പെടുന്നു. അത് പോലെ അറബികൾ വളരെ പുരാതനകാലം മുതലേ മലബാറിൽ വന്നിരുന്നു. കേരളത്തിൽ പൊതുവിൽ കച്ചവടത്തിനൊക്കെയായി വന്നിരുന്നു. അവരെ നമ്മൾ സ്വീകരിക്കുമായിരുന്നു.

1910 ൽ എം എ മലബാരി ഇവിടുന്ന് ഇറാനിലേക്ക് പോയി. അപ്പോൾ മലയാളികളുടെ പ്രവാസം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. വളരെ പഴയ കാലത്ത് തന്നെ മലയാളിയെ പ്രവാസത്തിൽ കാണാൻ കഴിയും. ആദ്യ കാലഘട്ടത്തിൽ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്, ബർമ ഇവിടേക്കൊക്കെയാണ് നമ്മൾ പോയത്. പിന്നെ അവിടെ നിന്ന് ഇന്ത്യയിലെ വ്യവസായവൽക്കരിക്കപ്പെട്ട ബോംബേ, കൽക്കത്ത, ചെന്നൈ, കറാച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് കൂടിയെറാൻ തുടങ്ങി. പിന്നീടാണ് ഗൾഫ് നാടുകളിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ്. പ്രവാസം നമ്മുടെ ജീവിതത്തിൽ ഒരു വലിയ താങ്ങായി നിൽക്കുന്നുണ്ട്. അത് നമ്മുടെ ചിന്തയിൽ ഉടനീളം കാണാം. കാരണം അത് മനുഷ്യവർഗത്തിന്റെ തന്നെ ഒരു അന്വേഷണ ത്വരയുടെ ഭാഗമാണ്. ഉദാഹരണത്തിന് തമിഴർ, അവർ ശ്രീലങ്കയിലേക്ക് കുടിയേറിയവരാണ്. പക്ഷേ അവർ കുടിയേറിയത് കുടുംബസഹിതമാണ്. അതുകൊണ്ടാണ് ശ്രീലങ്കയിൽ ഈ പ്രശ്നമൊക്കെ ഉണ്ടായത്. അവര് മലേഷ്യയിലും വലിയ പോപ്പുലേഷൻ ആണ്. പക്ഷേ മലയാളികൾ ഒറ്റക്കാണ് കുടിയേറിയത്. അതുകൊണ്ട് ആ കുടിയേറ്റങ്ങൾ നമ്മുടെ സമ്പദ്ഘടനയെ താങ്ങിനിർത്തി. കുടുംബമൊക്കെ ഇവിടെ തന്നെ ആയിരിക്കും. അപ്പോൾ മാസാമാസം പൈസ വീട്ടിലേക്കയക്കും. കുടുംബവുമായുള്ള ബന്ധം അവിടെ വിട്ടു പോകുന്നില്ല. ഒരു മണി ഓർഡർ എക്കണോമി ആയാണ് പോസ്റ്റ് ചെയ്യുന്നത്. ആദ്യ കാലത്ത് തന്നെ അത്തരത്തിലുള്ള ഒരു എക്കോണമി ഇങ്ങോട്ട് ഒഴുകി വരുന്നുണ്ട്. എന്നാൽ ഗൾഫുമായുള്ള മലയാളി പ്രവാസികളുടെ സാമ്പത്തിക വിനിമയങ്ങൾ കുറിച്ച് സീരിയസായുള്ള ഒരു പഠനവും കേരളത്തിൽ നടന്നിട്ടില്ല.

ഇവിടെ കള്ളപ്പണത്തെപ്പറ്റി പറയുന്നത് എനിക്ക് വല്യ തമാശയായി തോന്നാറുണ്ട്. ആതായത് ഈ പണം മുഴുവൻ കേരളത്തിലേക്ക് ബ്ലാക്ക്മണിയായി തന്നെയാണ് എത്തിയത്. എഴുപതുകൾ വരെയൊക്കെ. അതിനു ശേഷം ആണ് ഈ ബാങ്ക് ഇടപാടുകളൊക്കെ തുടങ്ങുന്നത്. ബാങ്കുകൾ തന്നെ പല സ്ഥലത്തും ഉണ്ടായിരുന്നില്ല. ഈ ഗൾഫ് നാടുകളിൽ ബാങ്ക് ഒരു അപൂർവ സംഭവം ആയിരുന്നു. ഞാൻ അവിടെയുള്ള പോകുമ്പോഴൊക്കെ തൊണ്ണൂറു ശതമാനം ആളുകളും പണമയക്കുന്നത് ബ്ലാക്ക് മണി ആയിട്ടാണ്. സ്വർണമായും വസ്ത്രമായും ഒക്കെയാണ് ഇവിടെ എത്തുന്നത്. ഈ അടുത്ത കാലം വരെ ഉണ്ടായിരുന്നു. ഇതൊന്നും കാണാതെ പഠനങ്ങളില്ലാതെ, നിരീക്ഷണങ്ങളില്ലാതെ, ബഡായികൾ ആളുകൾ പറയും. നമ്മുടെ പ്രാവാസം വളരെ വ്യത്യസ്തമായ ഒന്നാണ്. ഇപ്പോളാണ് അത് മോഡേർനൈസായി വരുന്നത്. എന്റെ ഉപ്പ ശ്രീലങ്കയിൽ നിന്ന് മണി ഓഡർ അയക്കുമായിരുന്നു. അൻപതുകളിൽ എന്റെ ഉമ്മയുടെ പേരിൽ 30 രൂപ വരുമായിരുന്നു. ആ ഒരു സംവിധാനം അന്ന് ഇന്ത്യയും ശ്രീലങ്കയുമായി ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളുമായി അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. അറേബ്യയിൽ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നില്ല. അറുപതുകളിലാണ് അവിടെ പോസ്റ്റ് ഓഫീസ് വരുന്നത്. നമ്മുടെ പ്രവാസത്തെ വളരെ അലിഖിതമായ ചരിത്രങ്ങളാണ് ഉള്ളത്. നാട്ടുകഥകളായി. അതൊന്നും വേണ്ട വിധത്തിൽ റിക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. എന്റേത് നേരിട്ടുള്ളതും, യാത്ര അനുഭങ്ങളിലൂടെയുള്ള അറിവുകൾ മാത്രമാണ്.

നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലും പ്രവാസികൾക്ക് പങ്കുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് മൂവ്മെൻറ് ഉണ്ടാക്കുന്നത് പ്രവാസികളാണ്. കിലാഫത്തിൽ പങ്കെടുക്കാൻ പോയ ചിലരാണ് റഷ്യയിൽ വിപ്ലവം നടന്നു എന്നു കേട്ട് താഷ്ക്കണ്ടിൽ പോയി ലെനിനെ കാണുന്നത്. അവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കുന്നത്. പ്രവാസം എന്നത് അങ്ങനെ മോശപ്പെട്ട ഒരു കാര്യമല്ല. ലോകത്തിന്റെ ചരിത്രം തന്നെ പ്രവാസവുമായി ബന്ധപ്പെട്ടതാണ്. ഇപ്പോൾ പ്രവാസികൾ കേരളത്തെ സംബന്ധിച്ച് വലിയ സമ്പദ് കേന്ദ്രമാണ്. പ്രവാസികളിലാണ് കേരളത്തിന്റെ എക്കണോമി നിലനിൽക്കുന്നത്. ഏത് നഗരത്തിലും അവിടുത്തെ സ്വത്തിന്റെ ഭൂരിപക്ഷം പ്രവാസികളുമായി ബന്ധപ്പെട്ടതായിരിക്കും.

2
മലയാളിയുടെ പ്രവാസസ്വഭാവത്തെക്കുറിച്ച് അതിശയോക്തി നിറഞ്ഞ ചില നർമകഥകൾ പ്രചാരത്തിലുണ്ട്. എവറസ്റ്റ് കൊടുമുടിയിൽ ‘ചായമക്കാനി’ നടത്തുന്ന തലശ്ശേരിക്കാരൻ കാക്കയെക്കുറിച്ചാണ് ഒരു കഥ. ഇത്തരം കഥകളിലൂടെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസികൾ മലയാളികളാണെന്നു ധരിച്ചു വെച്ചവരുണ്ട്. ഇതൊരു വസ്തുതാപരമായ നിരീക്ഷണമാണോ ?

അതൊരു ശുദ്ധ അസംബന്ധമാണ്. എല്ലാ ജനതയും അങ്ങനെ തന്നെയാണ്. ഇപ്പോൾ പഞ്ചാബികളെ നോക്കിയാൽ ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുണ്ട്. തമിഴരെ നോക്കിയാൽ ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുണ്ട്. ചില രാഷ്ട്രങ്ങളിലെ വലിയ ശക്തി തന്നെയാണ് അവർ. അതുപോലെ മലയാളിയും ഉണ്ട്. ബോംബെ ഫിലിം ഇൻഡസ്ട്രി എടുത്താൽ അതിൽ ഭൂരിഭാഗവും നോർത്ത് ഭാഗത്തുനിന്ന് വന്നവരാണ്. ദിലീപ്കുമാർ ആയാലും ഷാരൂഖ് ഖാൻ ആയാലുമെല്ലാം അവർ പ്രവാസികളാണ്. പ്രവാസവുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോൾ ഒരു ജനത മാത്രമല്ല ലോകത്തിലെ എല്ലാ ജനതയും അങ്ങോട്ടും ഇങ്ങോട്ടും കയറിപ്പോകുന്നതായി കാണാൻ കഴിയും. മലയാളി അതിൽ മോശക്കാരനല്ല എന്നു മാത്രം.

3
1921 ലെ മലബാർ കലാപത്തിനു മുൻപും പിൻപും, ഒന്നാംലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ കടുത്ത ദാരിദ്ര്യം, ബ്രിട്ടീഷ് ഭരണം, അടിയന്തിരാവസ്ഥ… ഇത്തരത്തിലുള്ള പ്രാദേശിക, ദേശീയ, ആഗോള രാഷ്ട്രീയ വിഷയങ്ങൾ മലയാളികളുടെ പ്രവാസത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ ? അതായത് മലയാളിയുടെ പ്രവാസത്തിന് രാഷ്ട്രീയകാരണങ്ങൾ ഉണ്ടെന്നും ഇല്ലെന്നും ഉള്ള വാദം നിലനിൽക്കെ താങ്കൾ എന്ത് കരുതുന്നു?

1921 ലെ കലാപം അങ്ങനെ യാദൃശ്ചികമായി ഉണ്ടായ കലാപമല്ല. 1830 കൾ മുതൽ കലാപങ്ങളുടെ സ്വഭാവം ഉണ്ട്. അതിന്റെ ഒരു പര്യവസാനമാണ് 21 ലെ കലാപം. അത് നടത്തുന്നത് മുസ്ലീമുകളാണ്, 1921നു ശേഷം അത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നുണ്ട്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുന്നുണ്ട്. 19 ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ ഇവിടെ നികുതി നിഷേധ സമരങ്ങളൊക്കെ തുടങ്ങുന്നുണ്ടായിരുന്നു. തുടർന്ന് വരുന്ന ഒരുപാട് കലാപങ്ങളുണ്ട്. വ്യാപാരങ്ങൾ മുഴുവൻ സാമൂതിരിയുടെ കാലത്ത് നടത്തിയിരുന്നത് മുസ്ലിങ്ങൾ ആയിരുന്നു. അതാണ് പോർച്ചുഗീസുകാരുടെ വരവോടെ നഷ്ടപ്പെടുന്നത്. അപ്പോൾ ഈ വ്യാപാരികളുടെ കച്ചവടം നഷ്ടപ്പെട്ടപ്പോൾ വേറെ ജീവിതമാർഗം ഇല്ലാതായി. സമ്പത്ത് നഷ്ടപ്പെട്ട് അവർ പിന്നീട് കർഷക തൊഴിലാളികളായിട്ട് മാറുകയാണ്. കൂടുതലും അക്കാലത്ത് ജന്മിമാർ ഹിന്ദു സമുദായക്കാരായിരുന്നു. അവരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. അതിനു നേതൃത്വം നൽകിയിരുന്നത് ഇസ്ലാമിക പണ്ഡിതന്മാരായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും അവിടെ മുതൽ പിന്നീടുണ്ടായ കലാപങ്ങളുടെ നേതൃസ്ഥാനത്ത് മുസ്ലിങ്ങളെ കാണാൻ സാധിക്കും. അതിന്റെ അവസാനത്തെ കലാപമാണ് 21 ലെ മലബാർ കലാപം. ആ കലാപത്തിന് ശേഷം ഒരുപാടാളുകളെ ആൻറമാൻ നികോബാറിലേക്ക് ബ്രിട്ടീഷുകാർ കയറ്റി അയച്ചിട്ടുണ്ട്. അവിടെ ഒരു വലിയ മലയാളി സമൂഹം ഉണ്ട്.

1921-ൽ മലബാറിൽ കടുത്ത ദാരിദ്ര്യം പോലെയുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. അങ്ങനെ കുറെ ആളുകൾ പുറത്തേക്ക് പോയിട്ടുണ്ട്. അതുപോലെ തന്നെ ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതിയും ലോകത്തുണ്ടായിരുന്നു. അതും ഒരു കാരണമായിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഇന്ത്യയിലെ നഗരങ്ങൾ വ്യവസായവൽക്കരിക്കപ്പെട്ടു. അങ്ങനെ ഈ ആളുകൾ ജോലികൾ തേടി അങ്ങോട്ടേക്ക് പോയിതുടങ്ങി. പല ജോലികൾക്കുള്ള ആളുകൾ ഒരു നല്ല ശതമാനം പേർ ആ സമയത്തേക്ക് പാകിസ്താനിലേക്കും പോയിട്ടുണ്ട്. അവർ പിന്നീട് അവിടുത്തെ ആളുകളായി. പിന്നീടുള്ള കൂടിയേറ്റത്തിൽ ബോംബെ, ചെന്നൈ, കൊൽക്കൊത്ത എന്നിവിടങ്ങളിലേക്ക് ആളുകൾ കുടിയേറിപോയി. പിന്നീട് അൻപതുകളിലും അറുപതുകളിലുമൊക്കെയാണ് വലിയ കുടിയേറ്റങ്ങൾ സംഭവിക്കുന്നത്. ഗൾഫ് കുടിയേറ്റങ്ങൾ. അത് നമ്മൾ പ്രതീക്ഷിക്കുന്നതിനപ്പുറത്തേക്കുള്ള ഒരു കൂടിയേറ്റമായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഗൾഫിലേക്ക് ആളുകൾ ഇരച്ചു കയറി. അന്നൊന്നും ഗൾഫ് രാജ്യങ്ങളിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ പോലെ യാതൊരു വിത സൗകര്യങ്ങളും അന്നില്ല. അവിടുന്ന് പിന്നീട് വികസിച്ചതാണ്. അടിയന്തരാവസ്ഥയൊന്നും ബാധിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രവാസത്തിന് പല കാരണങ്ങൾ ഉണ്ട്. രാഷ്ട്രീയ അവസ്ഥകൾ ചില പരിധിവരെ മനുഷ്യരെ പ്രവാസത്തിലേക്ക് നയിച്ചിട്ടുണ്ട് . മുഴുവനായും എന്നും പറയാനാകില്ല.

4
സൂക്ഷ്മമായ വിലയിരുത്തലിൽ ഗൾഫ് കുടിയേറ്റം കൊണ്ട് മലയാളികൾക്ക് ലഭിച്ചതെന്താണ്?

കുടിയേറ്റം അവരുടെ ജീവിതത്തെ സമൂലമായി മാറ്റി. അവരുടെ വസ്ത്രം,അവരുടെ ഭക്ഷണം, അവരുടെ കിടപ്പറ അവരുടെ പ്രണയം, സാമൂഹിക ബോധം, അന്തർദേശീയ സമ്പർക്കങ്ങൾ. മലയാളിയെ ഒരു അന്താരാഷ്ട്ര വ്യക്തി ആക്കി മാറ്റി എന്നതാണ് കുടിയേറ്റം കൊണ്ട് ഉണ്ടായത്. മനുഷ്യ സമൂഹത്തിന്റെ എല്ലാ വ്യവഹാര മേഖലകളെയും അത് ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആധുനികത, ആരോഗ്യം, അങ്ങനെ എല്ലാ മേഖലകളിലും വമ്പിച്ച പുരോഗതി ഉണ്ടായി. ലോക സങ്കൽപ്പങ്ങൾ മാറി.

5
രണ്ടായിരത്തിനുശേഷം ഗൾഫ് പ്രവാസത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് കെ സി സക്കറിയ. എസ് ഇരുദയ രാജൻ എന്നിവരുടെ ‘Gulf Revisited: Economic Consequences of Emigration from Kerala: Emigration and Unemployment’ എന്ന പഠനം തൊഴിലന്വേഷകരായി ഗൾഫിലെത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും തൊഴിൽ ഉറപ്പിച്ച് അഥവാ തൊഴിലോടുകൂടി ഗൾഫിലെത്തുന്നവരുടെ എണ്ണം കൂടിവരുന്നതുമായി പഠനം സൂചിപ്പിക്കുന്നു. ഈ പഠനത്തെ കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹ്യ മുന്നേറ്റമായി കണക്കാക്കാമോ?

അറുപതുകളിലും അൻപതുകളിലും പോയവർ അവരുടെ മക്കളെ പടിപ്പിച്ചു. അവരെ പ്രൊഫഷണലുകളാക്കി. തൊണ്ണൂറു ശതമാനം ആളുകളും ഗൾഫിൽ പോയതിന് ശേഷം തന്നെയാണ് തൊഴിലന്വേഷിക്കുന്നത്. കോവിഡിന് മുൻപ് വിസിറ്റിങ് വിസയിൽ പോയവരുടെ കണക്കെടുത്താൽ തന്നെ അത് മനസിലാകും. ആ പഠനത്തിന്റെ കണക്കുകൾ മനുഷ്യരുമായി നേരിട്ടുള്ള ബന്ധത്തിൽ നിന്നുള്ളതല്ല. അവരുടെ ഡാറ്റാ അവരെടുത്ത അഞ്ചാളെ അനുസരിച്ചിരിക്കും. ഇതിന്റെ കണക്കറിയാൻ ദുബായിൽ ഇഷ്യൂ ചെയ്യുന്ന വിസിറ്റിങ് വിസയുടെ കണക്കെടുക്കൂ… അവിടെ ചെന്ന് ജോലി അന്വേഷിച്ച് വിസ മാറി ജോലിക്കുള്ളതാക്കി പോകുന്നവർ തന്നെയാണ് അധികവും. അതല്ലെങ്കിൽ ബന്ധുക്കൾ വഴി.

സാധാരണ പോകുന്നവർ റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയാണ് അല്ലാതെ പോകാറുള്ളത്. അവരെ കൊണ്ടുപോയി ചൂഷണം ചെയ്യലാണ് പതിവ്. നൂറുകണക്കിന് കേസുകളുണ്ട് അത്തരം. ഈ പാവപ്പെട്ട സ്ത്രീകളെ ശമ്പളവുമില്ലാതെ ശാരീരികമായി ജോലിയെടുപ്പിക്കുന്ന പരിപാടിയാണത്. ഈ പറയുന്ന കണക്കൊക്കെ ശരിയാണെന്ന് ഞാൻ കരുതുന്നില്ല. ബന്ധുക്കൾ വഴിയാണ് അല്ലാതെ പോകുന്നത്. അതുകൊണ്ടാണ് ദളിതർ പോകാത്തത്. ദളിതർ എന്തുകൊണ്ട് പ്രവാസത്തിൽ പങ്കാളികളായില്ല… അതും കൂടി പഠിക്കണം. അവർക്ക് പ്രവാസം കൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ല.

6
കേരളത്തിൽ നിന്നു പുറത്തേക്കുമുള്ള കുടിയേറ്റങ്ങളും അഥവാ പറിച്ചുനടീലുകളും ആധുനികമലയാളിയുടെ സ്വത്വനിർമിതിയെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന വിഷയം അതർഹിക്കുന്ന ഗൌരവത്തോടെയും, അവധാനതയോടെയും ഇനിയും വിശകലനവിധേയമാക്കിയിട്ടില്ലെന്ന വിമർശനത്തിൽ കഴമ്പുണ്ടോ ?

മലയാളികളെ ഇനിയും നമ്മൾ പഠിക്കേണ്ടതുണ്ട്. മലയാളി വളരെ അധികം വിധേയവൽക്കരിക്കപ്പെട്ട ഒരു ജനതയാണ്. ഒരു അപകർഷതാബോധമുള്ള ജനതയാണ്. അതിനെ മറികടക്കാൻ ചില ശ്രമങ്ങൾ ഈ അടുത്ത കാലത്ത് അവർ നടത്തുന്നുണ്ട്. സാമ്പത്തികമായ വളർച്ചയിലൂടെ, സ്വതബോധത്തിത്തിലൂടെ ഒക്കെ മലയാളിയാണെന്ന് തിരിച്ചറിയാൻ തുടങ്ങി. അതൊരു വലിയ കാര്യമാണ്. ഒരുകാലത്ത് മലയാളത്തോടൊക്കെ പുച്ഛമായിരുന്നു. ഇപ്പോളുള്ള കവികളൊക്കെ ഇംഗ്ലീഷ് പഠിച്ച മാഷ്മാരാണ്. കോളേജ് അദ്ധ്യാപകരാണ് അധികം. അതിന്റെ തകരാറ് നല്ലോണമുണ്ട്. മലയാളം മോശമാണെന്ന് പറയുന്നത് മലയാളി തന്നെയാണ്. അതുകൊണ്ടാണല്ലോ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ ഉണ്ടായത്.

ലോകത്തിലാരെങ്കിലും അവരവരുടെ നാടിനെ കൊച്ചുകേരളം എന്നു പറയുമോ…? ഇവിടെ ഏറ്റവും കൂടുതൽ കവികളൊക്കെ പറയുന്ന കാര്യങ്ങളാണ്. നാലരക്കോടി ജനങ്ങളുള്ള ഒരു നാടിനെ കൊച്ചു കേരളം എന്ന് പറയുന്നു. ഇസ്രായേലിനെ കൊച്ചിസ്രായേൽ എന്നു പറയുമോ? വെറും 60 ലക്ഷം ആളുകളെ ഉള്ളൂ. കൊച്ചു യു എ ഇ എന്നു പറയുമോ.. കൊച്ചു സൗദി അറേബ്യ എന്ന് പറയുമോ. നൂറില് കൂടുതൽ രാജ്യങ്ങൾ കേരളത്തേക്കാൾ കുറഞ്ഞ പോപ്പുലേഷൻ ഉള്ളതാണ്. എന്നിട്ട് മലയാളി കൊച്ചുകേരളം എന്ന് പറയും. ഇതൊക്കെ അടിമബോധമാണ്. ആരേക്കണ്ടാലും സാർ എന്ന് വിളിക്കുന്ന ബോധം. ഈ അടിമബോധത്തെ മാറ്റാൻ കുടിയേറ്റങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. മെല്ലെ മെല്ലെ തന്നെ. അറബികളും ഫ്രഞ്ച്കാരുമെല്ലാം അവരുടെ ഭാഷ കേമമാണെന്ന് പറയുന്നത് കണ്ട് ഞാൻ അൽഭൂതപ്പെട്ടയിട്ടുണ്ട്. നമൂക്ക് ഇപ്പോളും അങ്ങനെ ഒരു ബോധം ഇല്ല. അതിൽ ഒരു മാറ്റം മെല്ലെ മെല്ലെ ഉണ്ടായിവരുന്നുണ്ട്. മലയാളി ഇനിയും സ്വത്തബോധമുള്ളവരാകണം. തമിഴർക്കുള്ള ഒരു സ്വതബോധം നമുക്കില്ല. അതിനെപ്പറ്റി പഠനങ്ങൾ ഇനിയും നടക്കണം.

7.
കോവിഡാനന്തര ലോകക്രമത്തിൻറെ ഒരു പ്രധാന സവിശേഷത, സമ്പത്തുൽപ്പാദനത്തിൻറേയും തൊഴിലിൻറേയും വരുമാന വിതരണത്തിൻറേയും ഘടനയിൽ വരുന്ന വലിയ മാറ്റമാണ്. കോവിഡാനന്തര കാലത്ത് പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? കേരളം പോലെ പ്രവാസി സമൂഹത്തിനു വലിയ ഊന്നൽ നൽകുന്ന ഒരു സംസ്ഥാനത്തിന് ഈ വെല്ലുവിളികളെ എങ്ങനെ നേരിടാം?

വളരെ ദാരുണമായ ഒരവസ്ഥയിലാണ് ലോകം മുഴുവൻ നിൽക്കുന്നത്. സഞ്ചാരമാണ് പ്രവാസത്തിന്റെ അടിസ്ഥാന ആശയം. അതിനെയാണ് കോവിഡ് ബ്ലോക് ചെയ്തത്. അതോട് കൂടി ലോക ഏകോണമിയുടെ തന്നെ നില മാറി. മനുഷ്യരുടെ ആശയവിനിമയത്തിൽ വലിയ വിത്യാസങ്ങൾ വന്നു. മനുഷ്യന്റെ കാഴ്ചയിൽ വിത്യാസം വന്നു തുടങ്ങും. ജീവിതക്രമത്തിൽ വിത്യാസം വരാൻ തുടങ്ങും. അടിസ്ഥാനപരമായി മനുഷ്യന്റെ എല്ലാ വൈകാരിക സാമൂഹിക ഇടപെടലുകളെയും അത് ബാധിക്കും. പ്രണയത്തെയും ജീവിതത്തെയും എല്ലാം. പരസ്പരം ഇടപഴകാന് പറ്റാത്തത് എല്ലാ കാലത്തും വളരെ അധികം മനുഷ്യരെ ബാധിക്കും. മനുഷ്യരുടെ സമ്പർക്കം ഇല്ലാതാകുന്നു. ഉല്പാദനം ഇല്ലാതാകുന്നു. വിപണനം ഇല്ലാതാകുന്നു. അപ്പോൾ എക്കോണമി തകർന്നു. ഇതൊരു ദാരുണമായ അവസ്ഥയാണ്. അതെങ്ങനെയാണ് ലോകം മറികടക്കുക എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പ്രവാസികൾക്ക് തിരിച്ചു പോകാൻ പറ്റാത്തത് , മരിച്ചാൽ കാണാൻ പറ്റാത്തത്, കല്യാണങ്ങൾ കൂടാൻ പറ്റാത്തത്. അങ്ങനെ എല്ലാ മനുഷ്യജീവിത വ്യവഹാര മേഖലകളെയും അത് ബാധിക്കുന്നു.