ടാൻസാനിയയിലെ കിച്ചങ്കനി എന്ന ഗ്രാമത്തിന് വേണ്ടി പ്രവർത്തിച്ചു ശ്രദ്ധ നേടിയ ഒരു പ്രവാസി ആണ് സോമി സോളമൻ. ഗ്രാമവാസികൾക്കാവശ്യമായ ശുദ്ധജലം, ലൈബ്രറി, കുട്ടികളുടെ പഠനം എന്നിങ്ങനെ തന്നാലാവുന്ന വിഷയങ്ങളിലൊക്കെ ഗ്രാമപഞ്ചായത്തുമായി കൈകോർത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയും, ലോക കേരളസഭ പോലെയുള്ള കേരള സർക്കാരിന്റെ സംരംഭങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുകയും ചെയ്തിട്ടുള്ള സോമി തന്റെ ആഫ്രിക്കൻ പ്രവാസ അനുഭവങ്ങൾ കണക്റ്റിംഗ് കേരളത്തിലൂടെ പങ്കു വെക്കുന്നു ……
കടൽ തൊടുന്ന തീരങ്ങളും, കടലിലേക്കൊഴുകിയെത്തുന്ന നദികളും നിറഞ്ഞ നാടാണ് നമ്മുടെ കേരളം. കടൽ കടന്നെത്തുന്നതും, കടൽ കടന്ന് പോയതുമായ മനുഷ്യരുടെയും അനുഭവങ്ങളുടെ മേൽ പണിതുയർത്തിയതാണ് നമ്മുടെ കേരളത്തിന്റെ ചരിത്രം. ആനുകാലിക കേരളത്തിൽ പ്രവാസ ജീവിതത്തിനെകുറിച്ചും, പ്രവാസ ചരിത്രത്തിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത് ഗൾഫ് കുടിയേറ്റത്തിൽ നിന്നുമാണ്. പ്രവാസി മലയാളിയുടെ ആഘോഷങ്ങളുടെ കാഴ്ചകൾ യൂറോപ്യൻ അമേരിക്കൻ കാഴ്ചകളുടെ വിവരണങ്ങളിലേക്കും ചുരുക്കപ്പെടുന്നു. ഇവിടെയെങ്ങും ആഫ്രിക്കയിലെ മലയാളിയെ കാണാൻ കഴിയുന്നില്ല. ആഫ്രിക്കൻ പ്രവാസം അദൃശ്യമായി തുടരുന്നു.
എസ്. കെ. പൊറ്റെക്കാടിന്റെയും സക്കറിയായിയുടെയും യാത്ര വിവരണങ്ങളിലും നിന്നും, പുതിയ തലമുറ വ്ലോഗർമാരുടെ വിവരണങ്ങളിലും ആഫ്രിക്കയുടെ കാഴ്ചകൾക്ക് ഒരേ ഫ്രയിമാണ്. യൂറോസെന്ററിക്കായ വിവരണങ്ങളുടെ ഘടന നമുക്കിവിടെ കാണാൻ കഴിയും. എന്നാൽ ആഫ്രോ കേന്ദ്രീകൃതമായ പുതിയ കാഴ്ചകളും കഥകളും കാര്യങ്ങളും ആഫ്രിക്ക നമ്മളോട് സംവദിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി ആഫ്രിക്ക എന്ന ഭൂമികയുമായി കേരളത്തിന് ബന്ധമുണ്ട്. എഴുതപ്പെടാത്ത ചരിത്രത്തിന്റെ അവശേഷിപ്പുകളെ കുറിച്ച് ഇപ്പോഴും ആഫ്രിക്കയിൽ നിന്ന് കേരളത്തിലേക്കും. കേരളത്തിൽ നിന്ന് ആഫ്രിക്കയിലേക്കുമുള്ള യാത്രകൾ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്. മറ്റു ഭൂഖണ്ഡങ്ങളിൽ നടക്കുന്ന കുടിയേറ്റത്തിൽ നിന്നും ആഫ്രിക്കയിലേക്കുള്ള കുടിയേറ്റം വളരെ വ്യത്യസ്തമാണ്. കേരളത്തിൽ നിന്ന് പ്രവാസിയായി ആഫ്രിക്കയിൽ എത്തുന്നവരും തദ്ദേശീയ ജനതയും തമ്മിലുള്ള പവർ പൊസിഷൻ വളരെ വ്യത്യസ്തമാണ്. യൂറോപ്പിലും, അറേബ്യൻ നാടുകളിലും തദ്ദേശീയ ജനത, അതിഥി ജന വിഭാഗങ്ങളെക്കാൾ മുകളിലാണ്. ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ എല്ലാം തന്നെ തദ്ദേശ ജനതയ്ക്കാകും മുൻതൂക്കം. എന്നാൽ ആഫ്രിക്കയിൽ എത്തുമ്പോൾ അതിഥി തൊഴിലാളികൾ തദ്ദേശ ജനതയുടെ മുകളിലാകുന്നു. ആഫ്രിക്കയിൽ എത്തുന്ന അതിഥി തൊഴിലാളികൾ തൊഴിൽ പരമായും സാമൂഹ്യമായും സാമ്പത്തികമായും ആഫ്രിക്കയിലെ തദ്ദേശീയ ജന വിഭാഗങ്ങളെക്കാൾ മുകളിലായിരിക്കും. ആ ഒരു വിടവ് ആഫ്രിക്കൻ പ്രവാസത്തെ മറ്റ് പ്രവാസ ജീവിതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. പ്രവാസ ജീവിതത്തിന്റെ ഘടനയിൽ തന്നെ ആഫ്രിക്കൻ പ്രവാസം മറ്റു ഭൂഖണ്ഡങ്ങളിലെ പ്രവാസ ജീവിതത്തിൽ നിന്നും വ്യത്യസ്‍തമാകുന്നു.
ആഫ്രിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ പാറ്റേണും വ്യത്യസ്തമാണ്. പെട്ടെന്ന് ഒരു കാലത്ത് തുടങ്ങി, ഒരു പ്രത്യേക മേഖലയിൽ ഒതുങ്ങുന്നതല്ല ആഫ്രിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ പാറ്റേൺ. ഇന്ത്യൻ മഹാസമുദ്ര തീരത്തിന്റെ ഭാഗമായ ആഫ്രിക്കയും കേരളവും തമ്മിൽ കോളനി വൽക്കരണത്തിനു മുൻപ് തന്നെ ബന്ധങ്ങളുണ്ടായിരുന്നു. റോമൻ, അറബി കച്ചവടക്കാരെ വഴികാട്ടിയ ആഫ്രിക്കൻ നാവികർ കേരളത്തിലെ ആദ്യവിദേശ സഞ്ചാരികളായിരുന്നു. യൂറോപിയൻ കൊളോണിയൽ ഘടനയിൽ നിന്നും വ്യത്യസ്തമായി അറബ് ആഫ്രിക്കൻ യാത്രികർ സഞ്ചാരികളോ വ്യാപാരികളോ മാത്രമായിരുന്നു. 1279 ബിസി മുതൽ 1212 വരെ ഈജിപത് ഭരിച്ച ഫറോവ റെമീസിന്റെ മമ്മിയിൽ നിന്നും ലഭിച്ച കുരുമുളക് മലബാർ തീരത്ത് നിന്നുള്ളതായിരുന്നു. മലബാർ തീരത്ത് നിന്നും നടന്നിട്ടുള്ള അടിമ കച്ചവടങ്ങളിൽ അന്നത്തെ മലബാർ ഇന്നത്തെ കേരളത്തിൽ നിന്നും വിൽക്കപ്പെട്ട ജന വിഭാഗങ്ങളെ കുറിച്ച് ഡച്ച് രേഖങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിൽ വിൽക്കപ്പെട്ട മലബാർ തീരത്ത് നിന്നുള്ളവരുടെ പിന്മുറക്കാർ ഇന്നും അവിടെയുണ്ടാകണം. 1949 ൽ എസ്. കെ പൊറ്റക്കാട് ദാർ -എസ-സലാം സന്ദർശിക്കുമ്പോൾ അവിടെ മലബാർ യുണൈറ്റഡ് ക്ലബിന്റെ ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. അങ്ങനെ ചരിത്രത്തിൽ കടൽ കടന്ന് പോയ കേരളീയർ ആഫ്രിക്കയിൽ പല തലങ്ങളിൽ അടയാളപ്പെടുത്തുന്നുണ്ട്. ആഫ്രിക്കൻ ഭൂമിയിൽ തൊഴിൽ തേടിയോ ഉന്നത വിദ്യാഭ്യാസത്തിനോ മികച്ച ജീവിത അവസരങ്ങൾക്കോ വേണ്ടിയുള്ള മലയാളിയുടെ പ്രവാസ / കുടിയേറ്റ യാത്രകൾ തുടങ്ങും മുൻപ് തന്നെ നിർബന്ധിത കുടിയേറ്റത്തിന്റെ പ്രവാസത്തിന്റെ ചരിത്രം കാണാം.
ഫോർട്ട് കൊച്ചിയുടെ തെരുവുകളിൽ ഇപ്പോഴും അണയാതെ ഒരു വിളക്കെരിയുന്നുണ്ട്. കാപ്പിരി മുത്തപ്പൻ കാക്കും എന്ന് വിശ്വസിക്കുന്നവർ നൽകുന്ന കാണിക്കകൾ ഇപ്പോഴും ആ കത്തിയെരിയുന്ന വിളക്കിന്റെ മുന്പിലുണ്ടാകും. പോർച്ചുഗീസ്കാർക്കൊപ്പം വന്ന, ഇവിടെ ബാക്കിയായ ആഫ്രിക്കയിൽ നിന്ന് അടിമകളാക്കപ്പെട്ട മനുഷ്യരുടെ ചരിത്രമാണ് ഫോർട്ട് കൊച്ചിയിലെ ഇപ്പോഴും തെളിയുന്ന വിളക്ക്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന കൊടുക്കൽ വാങ്ങലുകളുടെ എഴുതപ്പെടാത്ത നാൾ വഴികളിലൂടെ നമ്മുക്കൊരിക്കൽ കൂടി സഞ്ചരിക്കേണ്ടതുണ്ട്. ഇത് വരെ കാണാത്തതും കേൾക്കാത്തതുമായ അനുഭവങ്ങളുടെ വാതിലുകൾ കാഴ്ചക്കാരുടെ ചോദ്യങ്ങൾക്കായി തുറക്കപ്പെടേണ്ടതുണ്ട്.