മിയാമിയിൽ തകർന്ന കെട്ടിടത്തിൽ ഇന്ത്യക്കാരും

അമേരിക്കയിലെ മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തിൽ കണ്ടെത്താനുള്ള 151 പേരിൽ ഇന്ത്യൻ കുടുംബവും. ഈ കെട്ടിടത്തിലെ താമസക്കാരായിരുന്ന ഇന്ത്യക്കാരായ വിശാൽ പട്ടേൽ, ഭാര്യ ഭാവന പട്ടേൽ, ഒരു വയസ്സുള്ള മകൾ ഐഷാനി പട്ടേൽ എന്നിവരെയാണ് കണ്ടെത്താനുള്ളത്‌. ഭാവന നാലു മാസം ഗർഭിണിയാണ്. അധികൃതരിൽനിന്ന്‌ ഇവരെക്കുറിച്ചുള്ള ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന്‌ ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ്‌ അപകടമുണ്ടായത്‌. പത്ത്‌ പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. കുടുങ്ങിക്കിടക്കുന്നവരിൽ നാൽപ്പതോളം വിദേശികളും ഉള്ളതായാണ്‌ വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഞ്ച്‌ ദിവസമായി തെരച്ചിൽ തുടരുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമിയിൽ പന്ത്രണ്ടു നില കെട്ടിടം തകർന്നു വീണ് വൻ അപകടം സംഭവിച്ചത്. നാല് പേർ മരിച്ചു. കെട്ടിടം തകരാൻ കാരണമായത് എന്താണെന്ന ചോദ്യങ്ങൾ ഇപ്പോൾ വളരുകയാണ്. രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഗവർണർ ഡിസാന്റിസ് വെള്ളിയാഴ്ച സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് ശേഷം കെട്ടിടത്തിന്റെ തകർച്ച സംബന്ധിച്ച കാര്യങ്ങളെ പറ്റി പൂർണ്ണ അന്വേഷണം ആരംഭിക്കും. ലാറ്റിനമേരിക്കൻ കുടിയേറ്റക്കാരിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രസ്തുത രാജ്യങ്ങളിലെ കോൺസുലേറ്റുകളിൽ ലഭിക്കുന്ന വിവരം.