ഹെയ്തി പ്രസിഡന്റ്‌ ജൊവെനെൽ മോയിസി കൊല്ലപ്പെട്ടു: പിന്നില്‍ അജ്ഞാതസംഘമെന്ന് പ്രധാനമന്ത്രി

ഹെയ്തി പ്രസിഡന്റ്‌ ജൊവെനെൽ മോയിസിനെ അക്രമികൾ വീട്ടിൽ കയറി വധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ മാർതീൻ മോയിസ്‌ ആശുപത്രിയിലാണ്‌. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ്‌ സ്പാനിഷ്‌ സംസാരിക്കുന്ന തോക്കുധാരികൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയിൽ ആക്രമണം നടത്തിയത്‌. അക്രമികൾ അമേരിക്കയുടെ ലഹരിവിരുദ്ധ ഏജൻസിയുടെ ഏജന്റുമാരാണെന്ന്‌ പ്രഖ്യാപിച്ചതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

പ്രസിഡന്റിന്റെ വധത്തെ തുടർന്ന്‌ തലസ്ഥാനമായ പോർട്ടോ പ്രിൻസിൽ നിരത്തുകൾ ഒഴിഞ്ഞുകിടന്നു. ചിലയിടത്ത്‌ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ നാഷണൽ പാലസിൽ സുരക്ഷ ശക്തമാക്കി. രണ്ടു വർഷമായി ഹെയ്തിയിൽ തെരഞ്ഞെടുപ്പ്‌ നടന്നിരുന്നില്ല. പാർലമെന്റ്‌ പിരിച്ചുവിടുകയും ചെയ്തു. മോയിസിന്റെ അധികാര കാലയളവ്‌ 2021 ഫെബ്രുവരിയിൽ പൂർത്തിയായതിനാൽ അദ്ദേഹം രാജിവയ്ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അടുത്തവർഷം പൊതുതെരഞ്ഞെടുപ്പ്‌ നടക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

അതെ സമയം പ്രസിഡന്റിനുനേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു. രാജ്യത്തിന്റെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.