ഫ്രാൻസിൽ നിന്നും ശുഭവാർത്ത: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയതായി പ്രഖ്യാപനം

പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്‌ച (ജൂൺ 17) അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീൻ കാസ്‌റ്റക്‌സ് അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗബാധ കുറയുന്നതും വാക്‌സിനേഷൻ വ്യാപകമാകുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. ‘കോവിഡ് കേസുകൾ കുറയുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രതീക്ഷിച്ചതിലും വേഗത്തിൽ രാജ്യത്തെ ആരോഗ്യ സാഹചര്യം മെച്ചപ്പെടുന്നുണ്ട്’; കാബിനറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്‌തമാക്കി.

അതേസമയം ആൾക്കൂട്ടങ്ങൾ ഉള്ളയിടങ്ങളിലും സ്‌റ്റേഡിയങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ ജൂൺ ഇരുപതോടെ കോവിഡ് കർഫ്യൂ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്‌തമായി പത്തുദിവസം നേരത്തെയാണ് കർഫ്യൂ പിൻവലിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഫ്രാൻസിലെ ശരാശരി പ്രതിദിന കേസുകൾ ചൊവ്വാഴ്‌ച 3,200 ആയി കുറഞ്ഞിട്ടുണ്ട്. 2020 ഓഗസ്‌റ്റ് മുതലുള്ളതിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക് കൂടിയാണിത്.