മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിന്റെയും രേഖയുടേയും മകനാണ്.
റൊമാനിയയിലെ മള്‍ട്ടോവയിലായിരുന്നു അപകടം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ദേവദത്തിന്‍റെ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കുക. മാൾട്ടയിലുള്ള മലയാളി വിദ്യാർഥികളും മറ്റു മലയാളികളും ആശുപത്രിയിലെത്തിയിട്ടുണ്ട്. വൈക്കം എം എൽ എ സി കെ ആശാ ദേവദത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.