സിക്ക വൈറസ് ബാധിതരായ ഒരാൾ കൂടി കേരളത്തിൽ സ്ഥിരീകരിച്ചതോടെ രോഗം 15 ആയി ഉയർന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് 14 സിക്ക വൈറസ് കേസുകളുണ്ടെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്. വെക്റ്റർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.
രോഗബാധിതരായ ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്കും, ലൈംഗിക ബന്ധത്തിലൂടെയും, രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം. എന്നാൽ പലരിലും ലക്ഷണങ്ങൾ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്. സിക്കാ വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആന്റി വൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്സിനുകളോ നിലവിൽ വികസിപ്പിക്കപ്പെട്ടിട്ടില്ല.
ലക്ഷണങ്ങൾ…
നേരിയ പനി
ശരീരത്തില്‍ ചുവന്ന പാടുകള്‍
സന്ധിവേദന
തലവേദന
പേശി വേദന
എങ്ങനെ പ്രതിരോധിക്കാം…?
രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.