• inner_social
  • inner_social
  • inner_social

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ 2021-ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് കെ കെ ശൈലജ ടീച്ചർക്ക്

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്. പൊതുപ്രവർത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങൾക്കുള്ള ആദരവാണ് പുരസ്‌കാരമെന്ന് സംഘാടകർ അറിയിച്ചു.സി ഇ യു വിന്റെ വാക്കുകൾ  “കേരളം എന്ന ഇന്ത്യാരാജ്യത്തിലെ സംസ്ഥാനത്തിന്റെ മുൻ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അർപ്പണമനോഭാവമുള്ള സഹപ്രവർത്തകരും ചേർന്ന് നിശ്ചയദാർഢ്വമുള്ള നേതൃത്വവും, സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതുജനാരോഗ്യ നയവും, ഫലപ്രദമായ വിനിമയവും കോവിഡ്- 19 മഹാവ്യാധിയുടെ കാലത്ത് എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കാണിച്ചു തന്നു.”

തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാൾ പോപ്പർ, യു എൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുൻപ് നേടിയിട്ടുള്ളത്. 2020ൽ നോബൽ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പൺ സൊസൈറ്റി പ്രൈസ് ലഭിച്ചത്. മദ്ധ്യയൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സർവകലാശാലയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU). ലോകയൂണിവേഴ്സിറ്റികളുടെ അർഹതാപ്പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്. അവർ വർഷാവർഷം നൽകി വരുന്ന ബഹുമതിയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പ്രൈസ്.

കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കെ.കെ. ഷൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. 2020 ജൂൺ 23 ന് ഐക്യരാഷ്ട്രസഭ കെ.കെ. ഷൈലജ ടീച്ചറിനെ ആദരിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ, യുഎൻ പൊതുസേവന ദിനത്തിൽ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. ‘കൊറോണ വൈറസ് കൊലയാളി’, ‘റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി’ എന്നാണ് ഗാർഡിയൻ ടീച്ചറെ വിശേഷിപ്പിച്ചത്. ഏഷ്യൻ വനിതാ കൊറോണ പോരാളികൾക്കായി ജംഗ് യുൻ-ക്യോങ് (ദക്ഷിണ കൊറിയ), സൺ ചുൻലാൻ (ചൈന), ചെൻ വെയ് (ചൈന), ലി ലഞ്ചുവാൻ (ചൈന), ഐ ഫെൻ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബിബിസി ന്യൂസിലും ടീച്ചർ ഇടം പിടിച്ചിരുന്നു. കൊറോണ വാരിയർഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിൻ 2020ലെ ലോകത്തെ മികച്ച ആശയങ്ങളുടെ ഗണത്തിൽ കെ.കെ. ഷൈലജയെ തിരഞ്ഞെടുത്തു. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്താ അർഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്തെ മികച്ച ആശയങ്ങൾ പ്രായോഗികതലത്തിൽ എത്തിച്ച മികച്ച 50 പേരിൽ നിന്ന് കെ. കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. 

അതെ സമയം ഇത്രയും പ്രധാനപ്പെട്ട ബഹുമതി ആദ്യമായി ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും കടന്നു വന്നിട്ടും മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് വിമർശനങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്.